വാഹന നിര്‍മാതാക്കളുടെ വിളവെടുപ്പ് കാലമായാണ് പൊതുവെ ഉത്സവ സീസണിനെ വിശേഷിപ്പിക്കാറുള്ളത്. പുതിയ മോഡല്‍ എത്തിക്കുക, വാഹനങ്ങള്‍ക്ക് പരമാവധി ഇളവ് നല്‍കുക തുടങ്ങിയ ആനുകൂല്യങ്ങള്‍ നിരത്തിയാണ് കമ്പനികള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയെ സംബന്ധിച്ച് ഈ ഉത്സവകാലത്ത് പുതിയ വാഹനമൊന്നുമില്ലെങ്കിലും വലിയ സ്വീകാര്യത ലഭിച്ച ഗ്രാന്റ് വിത്താരയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കുന്നുണ്ട്.

To advertise here,

ഗ്രാന്റ് വിത്താര ഡോമിനിയന്‍ എഡിഷന്‍ എന്ന പേരിലാണ് മാരുതി സുസുക്കി ഉത്സവ സ്‌പെഷ്യല്‍ പതിപ്പ് എത്തിച്ചിരിക്കുന്നത്. പെട്രോള്‍-സി.എന്‍.ജി. ഫ്യുവല്‍ ഓപ്ഷനുകളില്‍ ആല്‍ഫ, സീറ്റ, ഡെല്‍റ്റ എന്നീ മൂന്ന് വേരിയന്റുകളെയും അടിസ്ഥാനമാക്കിയാണ് ഡോമിനിയന്‍ എഡിഷന്‍ എത്തുന്നത്. ഡിസൈനില്‍ വരുത്തിയ ചെറിയ കൂട്ടിച്ചേര്‍ക്കലുമായാണ് മിഡ് സൈസ് എസ്.യു.വിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഗ്രാന്റ് വിത്താരം ഡോമിനിയന്‍ എഡിഷന്‍ എത്തിയിരിക്കുന്നതെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. 

ഡോമിനിയന്‍ എഡിഷന്‍ ആക്കുന്നതിനായി വേരിയന്റുകള്‍ക്ക് അനുസരിച്ച് 48,599 രൂപ മുതല്‍ 52,599 രൂപ വരെ വില വരുന്ന ആക്‌സസറി പാക്കേജാണ് ഗ്രാന്റ് വിത്താരയില്‍ നല്‍കുന്നത്. ബമ്പര്‍ എക്സ്റ്റന്‍ഡര്‍, റിയര്‍ സ്‌കിഡ് പ്ലേറ്റ്, ഡോര്‍ വൈസര്‍ പ്രീമിയം, ഫ്രണ്ട് സ്‌കിഡ്, ഹെഡ്‌ലാമ്പ്, റിയര്‍വ്യു മിറര്‍ എന്നിവയ്ക്കുള്ള ഗാര്‍ണിഷുകള്‍, ബോഡി സൈഡ് മോള്‍ഡിങ്, സ്‌മോക്ക്ഡ് ക്രോം ടെയ്ല്‍ലാമ്പ് ഗാര്‍ണിഷ്, ത്രീഡി മാറ്റ്, ഇന്റീരിയര്‍ സ്റ്റൈലിങ് കിറ്റ്, നെക്‌സ് കുഷ്യന്‍ തുടങ്ങിയവയാണ് ഈ പ്രത്യേക പതിപ്പില്‍ നല്‍കുന്നത്.

ഉയര്‍ന്ന വില്‍പ്പന സ്വന്തമാക്കിയിട്ടുള്ള മിഡ്- സൈസ് എസ്.യു.വിയാണ് ഗ്രാന്റ് വിത്താര. രണ്ടുവര്‍ഷം കൊണ്ട് രണ്ടുലക്ഷത്തില്‍ അധികം യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 26-നാണ് ഗ്രാന്റ് വിത്താര വിപണിയില്‍ എത്തുന്നത്. ഒരു വര്‍ഷം പിന്നിട്ടതോടെ ഈ വാഹനത്തിന്റെ വില്‍പ്പന ഒരു ലക്ഷത്തിലെത്തിയിരുന്നു. രണ്ട് വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ട് മാസം ശേഷിക്കേ വില്‍പ്പന രണ്ടുലക്ഷം യൂണിറ്റ് കഴിഞ്ഞിരുന്നു. 

മൈലേജിലും ഫീച്ചറിലും മുന്നിട്ട് നില്‍ക്കുന്ന ഗ്രാന്റ് വിത്താര വിലയിലും എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 17.17 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക്കിന് 13.60 ലക്ഷം രൂപ മുതല്‍ 15.67 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 15.67  ലക്ഷം രൂപ മുതല്‍ 17.17 ലക്ഷം രൂപ വരെയുമാണ് വില. സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 18.43 ലക്ഷം രൂപ മുതല്‍ 20.09 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില.

ഹൈബ്രിഡ് കരുത്തിലും ഗ്രാന്റ് വിത്താര എത്തുന്നുണ്ടെങ്കിലും ഡോമിനിയന്‍ എഡിഷനില്‍ ഹൈബ്രിഡ് നല്‍കിയിട്ടില്ല. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിലുള്ള 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.എന്‍.ജി. പതിപ്പ് 87.83 പി.എസ്. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ഡൊമീനിയന്‍ പതിപ്പ് എത്തും.