സ്റ്റിയറിങ് വീലോ പെഡലോ ഇല്ലാത്ത കാർ, യാത്രികർക്ക് കൈയുംകെട്ടിയിരുന്ന് യാത്ര ആസ്വദിച്ചാൽ മതിയാകും. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ ഡ്രൈവറില്ലാ കാറുകൾ ഒരുപടികൂടി യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. സ്വയം നിയന്ത്രിക്കുന്ന സൈബർക്യാബ് വ്യക്തിഗത ഉപയോഗത്തിനായി വാങ്ങാൻ ടെസ്‌ല, ഉപഭോക്താക്കളെ ക്ഷണിച്ചുതുടങ്ങി.

To advertise here,

രണ്ട് സീറ്റുകളുള്ള ഇ.വി.ക്ക് ഏകദേശം 29,990 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഇതിലെ സ്വയം നിയന്ത്രിത ഡ്രൈവിങ് ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് പ്രതിമാസ സബ്‌സ്‌ക്രിപ്ഷനായി 299 ഡോളർ നൽകേണ്ടിവരുമെന്നാണ് വിവരം.

ബുക്കിങ് സമയത്ത് തിരികെ ലഭിക്കാത്ത 1,000 ഡോളറിന്റെ നിക്ഷേപം നടത്തണമെന്നും കമ്പനി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അതേസമയം, ഡ്രൈവറില്ലാത്ത റോബോടാക്‌സികളുടെ സേവനം യു.എസിൽ ടെസ്‌ല നൽകുന്നുണ്ട്.

റോബോടാക്‌സി പ്രവർത്തിക്കുന്ന അതേ ജിയോ ലൊക്കേഷനുകളിൽ സൈബർക്യാബും ഡ്രൈവറുടെ യാതൊരു മേൽനോട്ടവുമില്ലാതെ പ്രവർത്തിക്കുമെന്ന് ടെസ്‌ലയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹെഡ് വ്യക്തമാക്കിയിട്ടുണ്ട്. 2025 ജൂണിൽ ഓസ്റ്റിനിലെ ടെക്‌സസിൽ ഡ്രൈവർ വേണ്ടാത്ത റോബോടാക്‌സി സേവനം ടെസ്‌ല ആരംഭിക്കുകയും, 2026 ഏപ്രിലിൽ ഡാലസിലേക്കും ഹൂസ്റ്റണിലേക്കും ഈ സേവനം വ്യാപിപ്പിക്കുകയും, 2026 ജൂലൈയിൽ മയാമിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.