സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ നടനാണ് വിനോദ് കോവൂര്‍.  ഹാസ്യതാരമായ വിനോദ് കോവൂരിന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിലിടം നേടിയതാണ്. മിനിസ്‌ക്രീനില്‍ പൊട്ടിച്ചിരികള്‍ തീര്‍ക്കുന്ന നടന്‍ ഇപ്പോള്‍ തന്റെ യാത്രകള്‍ക്കായി പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ വിനോദ് കോവൂര്‍ തന്നെയാണ് പുതിയ വാഹനം വാങ്ങിയവിവരം പങ്കുവെച്ചത്. 

To advertise here,

മാരുതി സുസുക്കിയുടെ എസ്.യു.വി.യായ ഗ്രാന്‍ഡ് വിത്താരയാണ് വിനോദ് കോവൂരിന്റെ പുതിയ വാഹനം. കുടുംബത്തില്‍ പുതിയ അതിഥിയെത്തി എന്ന കുറിപ്പോടെയാണ് കാറിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രം നടന്‍ പങ്കുവെച്ചത്. 

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വില്‍ക്കുന്ന മിഡ്‌സൈസ് എസ്.യു.വി.യെന്ന നേട്ടം സ്വന്തമാക്കിയ വാഹനമാണ് മാരുതി സുസുക്കി ഗ്രാന്റ് വിത്താര. 2022 സെപ്റ്റംബര്‍ 26-നാണ് ഗ്രാന്റ് വിത്താര വിപണിയില്‍ എത്തുന്നത്.

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരുന്നത്. 27.97 കിലോ മീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. 

മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ സി.എന്‍.ജി. പതിപ്പും വിപണിയില്‍ എത്തിയിട്ടുണ്ട്. 1.5 ലിറ്റര്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ മോഡല്‍ 87.83 പി.എസ്. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഇത് എത്തുന്നത്. ഒരു കിലോഗ്രാം സി.എന്‍.ജിയില്‍ 26.6 കിലോമീറ്റര്‍ മൈലേജാണ് ഉറപ്പുനല്‍കുന്നത്.