ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നൽകിയിരുന്നത്. 2022-ൽ ഇന്ത്യയിൽ എത്തിയ ഈ ഈ മിഡ് സൈസ് എസ്.യു.വി പെട്ടെന്ന് ജനപ്രിയമായി മാറിയതിന്റെ പ്രധാന കാരണവും ഇതുതന്നെയായിരുന്നു. ഇപ്പോഴിതാ ഗ്രാൻഡ് വിത്താരയുടെ 2025 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. പുതിയ വരവിലുണ്ടായ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും പരിശോധിക്കാം.

To advertise here,

എന്തെല്ലാം മാറ്റങ്ങൾ 

കൂടുതൽ നൂതന സുരക്ഷാ സാങ്കേതികവിദ്യകളും ഫീച്ചറുകളും 2025 ഗ്രാൻഡ് വിത്താരയിൽ നൽകിയിട്ടുണ്ട്. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡാക്കി എന്നതാണ് പ്രധാന പ്രത്യേകത. ആറ് എയർബാഗുകൾക്ക് പുറമേ, സ്റ്റാൻഡേർഡ് സുരക്ഷാ പാക്കേജിൽ, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം(ഇഎസ്പി), എബിഡി, ഇബിഎസ് എന്നിവയുള്ള ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയും നൽകി.

16.99 ലക്ഷം രൂപ വിലയുള്ള പുതിയ ഡെൽറ്റ+ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റ് എത്തിയതാണ് പുതിയ വരവിലെ  മറ്റൊരു പ്രധാന ആകർഷണം. സ്ട്രോങ് ഹൈബ്രിഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ വേരിയന്റാണിത്. ഈ പുതിയ മോഡൽ സീറ്റ പ്ലസ്, ആൽഫ പ്ലസ്, സീറ്റ പ്ലസ് ഓപ്ഷണൽ, ആൽഫ പ്ലസ് ഓപ്ഷണൽ എന്നീ വേരിയൻ്റുകളോടൊപ്പം ഗ്രാൻഡ് വിറ്റാര സ്‌ട്രോങ്ങ് ഹൈബ്രിഡ് നിരയുടെ ഭാഗമായി നിലകൊള്ളും. കൂടാതെ, 1.5 ലിറ്റർ പെട്രോൾ ഓൾ വീൽ ഡ്രൈവ് (എഡബ്ല്യുഡി) വേരിയന്റിൽ മുൻപുണ്ടായിരുന്ന 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിന് പകരം പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകിയിട്ടുമുണ്ട്.  

ഇലക്ട്രിക്കലായി എട്ടുവിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഇലക്ട്രോണിക് പാർക്കിങ്ങ് ബ്രേക്ക്, പിഎം 2.5 ഡിസ്പ്ലേയുള്ള എയർ പ്യൂരിഫയർ, പുതിയ എൽഇഡി ക്യാബിൻ ലാമ്പുകൾ, പിൻ വിൻഡോ സൺഷെയ്ഡുകൾ എന്നിവയും ഉൾപ്പെടുത്തി. 17 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും മാരുതി പരിഷ്കരിച്ചിട്ടുണ്ട്.

ഒൻപത് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിങ്ങ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. 18 വേരിയന്റുകളിലാണ് വാഹനം ലഭിക്കുക. 11.42 ലക്ഷം രൂപ മുതൽ 20.68 ലക്ഷം രൂപവരെയാണ് എക്സ്-ഷോറൂം വില. 

എൻജിൻ

മുമ്പുണ്ടായിരുന്ന അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. മൈൽഡ് ഹൈബ്രിഡ് പെട്രോൾ മോഡൽ 103 എച്ച്പി പവറും 137 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സിഎൻജി പവർട്രെയിനും ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഈ എൻജിനൊപ്പമുണ്ട്.  

സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഗ്രാൻഡ് വിത്താരയുടെ വിൽപന കുതിച്ചുയർത്തിയത്. ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ എൻജിൻ 113 ബിഎച്ച്പി പവറും 122 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി ഉറപ്പുനൽകുന്നത്. മൈൽഡ് ഹൈബ്രിഡ് മോഡലുകൾക്ക് 19.38 കിലോമീറ്ററും സിഎൻജി പതിപ്പിന് 26.6 കിലോമീറ്ററുമാണ് മൈലേജ്.