മാരുതി സുസുക്കിയുടെ വാഹന നിരയിലെ മിഡ് സൈസ് എസ്‌യുവി മോഡലായ ഗ്രാന്റ് വിത്താരയെ തിരിച്ചുവിളിച്ച് നിര്‍മാതാക്കള്‍. ഗ്രാന്റ് വിത്താര എസ്‌യുവിയിലെ ഫ്യുവല്‍ ഗേജിലും വാണിങ് സിസ്റ്റത്തിലും കണ്ടെത്തിയ പോരായ്മയുടെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ക്കായാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുള്ള ഗ്രാന്റ് വിത്താര വാഹനങ്ങളില്‍ മാത്രമാണ് ഈ പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

To advertise here,

2024 ഡിസംബര്‍ ഒമ്പത് മുതല്‍ 2025 ഏപ്രില്‍ 29 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള 39506 ഗ്രാന്റ് വിത്താരകള്‍ക്കാണ് തിരിച്ചുവിളിക്കല്‍ ബാധകമായിട്ടുള്ളത്. വാഹനത്തിലെ ഫ്യുവല്‍ ഗേജില്‍ ഇന്ധനത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നാണ് പ്രധാന പോരായ്മയായി പറയുന്നത്. ഇതിനുപുറമെ, ചില വാഹനങ്ങളില്‍ ഇന്ധനം കുറവാണെന്നുള്ള മുന്നറിയിപ്പ് നല്‍കുന്ന വാണിങ് ലൈറ്റുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മാരുതി സുസുക്കി അറിയിച്ചിട്ടുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനിയുടെ പ്രതിനിധികള്‍ നേരിട്ട് ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം. ഈ അറിയിപ്പ് ലഭിക്കുന്ന ഉപയോക്താക്കല്‍ വാഹനവുമായി മാരുതി സുസുക്കിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലെത്തി പരിശോധന നടത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. തകരാര്‍ കണ്ടെത്തിയാല്‍ കേടുപാടുകള്‍ സംഭവിച്ച പാര്‍ട്‌സുകള്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ഗ്രാന്റ് വിത്താര എസ്‌യുവിയില്‍ ഇത്തരത്തിലൊരു തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയായാണ് ഈ തിരിച്ചുവിളിക്കല്‍ എന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ഡീലര്‍ഷിപ്പുകളില്‍ നിന്ന് അറിയിപ്പ് ലഭിച്ചാലുടന്‍ തന്നെ വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്നും മാരുതി സുസുക്കി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

മാരുതി സുസുക്കിയുടെ വാഹന നിരയിലെ ആദ്യ സ്‌ട്രോങ് ഹൈബ്രിഡ് വാഹനമാണ് ഗ്രാന്റ് വിത്താര എസ്‌യുവി. പ്രീമിയം ഡിലര്‍ഷിപ്പായ നെക്‌സയിലൂടെ വില്‍പ്പനയ്ക്ക് എത്തുന്ന ഈ വാഹനത്തിന് 10.77 ലക്ഷം രൂപ മുതല്‍ 19.72 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഹൈബ്രിഡ് മോഡലിന് പുറമെ, പെട്രോള്‍, സിഎന്‍ജി പവര്‍ ട്രെയിനുകളില്‍ ഈ വാഹനം വിപണിയില്‍ എത്തുന്നത്.