സുരക്ഷിതമായ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുകയെന്നതാണ് മാരുതി സുസുക്കിയുടെ സുപ്രധാന പരിഗണന. സമീപകാലത്ത് എത്തിയ വാഹനങ്ങളെല്ലാം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നിരത്തുകളില്‍ ഇറങ്ങിയത്. ഈ വാഹനങ്ങളുടെ തന്നെ പാതയിലാണ് മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താരയും. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിനെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മാരുതി സുസുക്കി ഇ-വിത്താര അതിജീവിച്ചിരിക്കുന്നത്.

To advertise here,

2025 സെപ്റ്റംബറില്‍ മാരുതി സുസുക്കി ഈ വാഹനത്തെ യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിന് ഇറക്കിയിരുന്നു. ഇതിലും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങായിരുന്നു ഈ വാഹനം സ്വന്തമാക്കിയത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഉയര്‍ന്ന പോയിന്റുകള്‍ നേടിയാണ് ഈ വാഹനം ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയത്. ഇ-വിത്താരയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ആല്‍ഫ 61 കിലോവാട്ട് വേരിയന്റാണ് ക്രാഷ് ടെസ്റ്റിനായി ഇറക്കിയത്. ഈ റേറ്റിങ് മറ്റ് വേരിയന്റുകള്‍ക്കും ബാധകമായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 31.49 പോയിന്റാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള ആഘാതങ്ങളെ പ്രതിരോധിക്കുന്നതില്‍ 16-ല്‍ 15.49 പോയിന്റാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 49-ല്‍ 43 പോയിന്റാണ് ഇ-വിത്താരയ്ക്ക് ലഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനകളിലും ഉയര്‍ന്ന മാര്‍ക്കാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

അടിസ്ഥാന മോഡലുകള്‍ മുതല്‍ ഉയര്‍ന്ന സുരക്ഷ ഫീച്ചറുകള്‍ ഒരുക്കിയാണ് മാരുതി സുസുക്കി അവരുടെ ആദ്യ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, കര്‍ട്ടണ്‍ എയര്‍ബാഗുകള്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം ആന്‍ഡ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ അടിസ്ഥാന വേരിയന്റ് മുതല്‍ നല്‍കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങള്‍.

49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഇ-വിത്താര ലഭ്യമാകുന്നത്. ഇവ രണ്ടും ഫ്രണ്ട്-വീല്‍-ഡ്രൈവ് (FWD) സംവിധാനത്തോടു കൂടിയാണ് വരുന്നത്. വലിയ ബാറ്ററി പാക്കിന് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 543 കിലോമീറ്ററാണ്. മൂന്ന് ട്രിമ്മുകളില്‍ ലഭ്യമാകും ഇ-വിത്താര ലഭ്യമാകും. അടിസ്ഥാന ട്രിമ്മായ ഡെല്‍റ്റയില്‍ 49 കിലോവാട്ട് ബാറ്ററി പാക്കും സീറ്റ, ആല്‍ഫ ട്രിമ്മുകളില്‍ 61 കിലോവാട്ട് ബാറ്ററിപാക്ക് ആയിരിക്കും നല്‍കുക.

സുരക്ഷയുടെ കാര്യത്തില്‍ വലിയ പരിഹാസങ്ങളാണ് മുന്‍കാലത്ത് മാരുതി സുസുക്കി നേരിട്ടിരിക്കുന്നത്. എന്നാല്‍, സമീപകാലങ്ങളില്‍ എത്തിയിട്ടുള്ള വാഹനങ്ങളിലെല്ലം ഏറ്റവും പ്രധാന്യം നല്‍കിയിട്ടുള്ളത് സുരക്ഷ സംവിധാനങ്ങള്‍ക്കാണ്. ഡിസയറാണ് ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടുന്ന ആദ്യ മാരുതി വാഹനം. പിന്നാലെ വിക്ടോറിസ്, ഇന്‍വിക്ടോ, ഇ-വിത്താര തുടങ്ങിയ മോഡലുകളും ഈ നേട്ടം സ്വന്തമാക്കുകയായിരുന്നു.