ഇന്ത്യയിലെ വാഹന വിപണിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ച എസ്‌യുവിയാണ് മാരുതി സുസുക്കിയുടെ വിക്ടോറിസ്. ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള എസ്‌യുവി എന്നതായിരുന്നു ഈ വാഹനത്തിന്റെ പ്രധാന ടാഗ്‌ലൈന്‍. എന്നാല്‍, ഇനി അല്‍പ്പം വേറിട്ട ഇന്ധനത്തിലോടുന്ന വാഹനമെന്ന വിശേഷണം കൂടി ഈ വാഹനത്തിന് ലഭിക്കും. വിക്ടോറിന്റെ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി.

To advertise here,

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒമ്പതാം തീയതി വരെ നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി എക്‌സ്‌പോയിലായിരിക്കും മാരുതി സുസുക്കി ഈ വാഹനം പ്രദര്‍ശിപ്പിക്കുക. വിക്ടോറിസിന്റെ സിഎന്‍ജി മോഡലിന് സമാനമായ മെക്കാനിക്കല്‍ സംവിധാനത്തിലാണ് സിബിജി പതിപ്പും ഒരുങ്ങുക. എന്നാല്‍, വാഹനത്തിലേക്കുള്ള ഇന്ധനത്തിന്റെ ഉറവിടം വ്യത്യസ്തമാണ്. പ്രകൃതി വാതകങ്ങളില്‍ നിന്നാണ് സിഎന്‍ജി വേര്‍തിരിക്കുന്നതെങ്കില്‍ അഴുകുന്ന ജൈവ വസ്തുകളില്‍ സൂക്ഷ്മാണുക്കള്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന വാതകങ്ങളാണ് സിബിജി.

സിബിജി വാഹനങ്ങള്‍ എത്തിക്കുന്നതിനുള്ള സാധ്യതകള്‍ മാരുതി സുസുക്കിയുടെ മേധാവി ഹിതാഷി തകൗച്ചി കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പങ്കുവെച്ചിരുന്നു. പത്ത് പശുക്കളില്‍ നിന്ന് ഒരുദിവസം ലഭിക്കുന്ന ചാണകം ഉപയോഗിച്ച് ഒരു മുഴുവന്‍ ദിവസം വാഹനം ഓടിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 30 കോടിയിലധികം കന്നുകാലികള്‍ ഉള്ള രാജ്യത്ത് സിബിജി ഇന്ധനമായി ഉപയോഗിക്കുന്നത് പ്രായോഗികമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

LXI, VXI, ZXI, ZXI(O), ZXI+,ZXI+(O) എന്നീ ആറ് വേരിയന്റുകളിലാണ് വിക്ടോറിസ് വിപണിയില്‍ എത്തുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ മൈല്‍ഡ് ഹൈബ്രിഡ് മാനുല്‍ മോഡലുകള്‍ക്ക് 10.5 ലക്ഷം രൂപ മുതല്‍ 15.82 ലക്ഷം രൂപ വരെയും, ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 13.36 ലക്ഷം രൂപ മുതല്‍ 17.77 ലക്ഷം രൂപ വരെയും രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഓട്ടോമാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിന് 18.64 ലക്ഷവും 19.22 ലക്ഷം രൂപയും സ്ട്രോങ് ഹൈബ്രിഡ് മോഡലുകള്‍ക്ക് 16.38 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും സിഎന്‍ജി പതിപ്പിന് 11.5 ലക്ഷം രൂപ മുതല്‍ 14.57 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

ഇന്ത്യയിലെ മിഡ്‌സൈസ് എസ്യുവികളില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്ന വാഹനമാണിത്. 28.56 കിലോമീറ്ററാണ് സ്‌ട്രോങ് ഹൈബ്രിഡ് മോഡലിന് ലഭിക്കുന്ന ഇന്ധനക്ഷമത. സിഎന്‍ജി പതിപ്പിന് ഒരു കിലോഗ്രാം സിഎന്‍ജിയില്‍ 27.02 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ 21.18 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡല്‍ 21.06 കിലോമീറ്ററും ഓള്‍ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് 19.07 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഉറപ്പാക്കുന്നത്.