ഥാര്‍ എന്ന ലൈഫ് സ്റ്റൈല്‍ എസ്.യു.വി. അവതരിപ്പിച്ചതിന് ശേഷം മഹീന്ദ്രയുടെ സമയം തെളിഞ്ഞെന്ന് പറയാം. പിന്നാലെ എത്തിയ വാഹനങ്ങളെല്ലാം ഒന്ന് ഒന്നിന് മെച്ചമെന്ന രീതിയിലാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. എക്‌സ്.യു.വി.700, സ്‌കോര്‍പിയോ എന്‍ എന്നീ വാഹനങ്ങളാണ് ഥാറിന് പിന്നിലെ എത്തി ഇന്ത്യന്‍ വാഹനവിപണിയില്‍ കോളിളക്കം സൃഷ്ടിച്ചത്. ഇപ്പോള്‍ എക്‌സ്.യു.വി. 700-യിലൂടെ ഏറ്റവും മികച്ച വില്‍പ്പന നേട്ടം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് മഹീന്ദ്ര.

To advertise here,

വില്‍പ്പനയില്‍ ഒരുലക്ഷം എന്ന നാഴികക്കല്ലാണ് എക്‌സ്.യു.വി 700 മറികടന്നിരിക്കുന്നത്. വിപണിയില്‍ എത്തി കേവലം 20 മാസത്തിലാണ് ഈ വാഹനം ഒരു ലക്ഷം എന്ന മാജിക് നമ്പര്‍ പിന്നിട്ടിരിക്കുന്നതെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് ആദ്യ 50,000 യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയതെങ്കില്‍ രണ്ടാമത്തെ 50,000 യൂണിറ്റുകള്‍ വെറും എട്ട് മാസത്തിനുള്ളില്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചു. അടുത്ത 50,000 ഇതിലും വേഗത്തില്‍ വിറ്റഴിക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. 

2021 ഓഗസ്റ്റ് മാസത്തിലാണ് മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് മോഡലായി എക്സ്.യു.വി 700 വിപണിയില്‍ എത്തിയത്. അഞ്ച്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എ.എക്സ്, എം.എക്സ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എം.എക്സ്. ശ്രേണിയില്‍ നാല് വേരിയന്റുകളാണ് എത്തുന്നത്. ഇതിന് 14.01 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം, എ.എക്സ് ശ്രേണിയില്‍ വിവിധ സീറ്റിങ്ങിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനിലുമായി 25 വേരിയന്റുകളാണുള്ളത്. ഇതിന് 16.49 ലക്ഷം രൂപ മുതല്‍ 26.18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. 

അഡ്വാന്‍സ്ഡ് ഫീച്ചറുകളുടെ അകമ്പടിയോടെ എത്തിയിരിക്കുന്ന വാഹനവുമാണ് ഇത്. അലക്‌സ സപ്പോള്‍ട്ട് ചെയ്യുന്ന കണക്ടഡ് കാര്‍ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അഡ്രേനോക്‌സ് എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. വോയിസ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. വലിയ സീറ്റുകളും മികച്ച രീതിയിയില്‍ ഒരുക്കിയിട്ടുള്ള ഡാഷ്‌ബോര്‍ഡും മറ്റും ഇന്റീരിയറിന് പ്രീമിയം വാഹനങ്ങളുടെ ഭാവം പകരുന്നുണ്ട്.

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.