ഥാര്‍, എക്‌സ്.യു.വി.700, സ്‌കോര്‍പിയോ എന്‍ തുടങ്ങി ഒന്നിന് പുറകെ ഒന്നായി സൂപ്പര്‍ഹിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഹീന്ദ്രയില്‍ നിന്ന് ഇന്ത്യന്‍ വാഹന വിപണിയില്‍ ഇറങ്ങിയത്. സ്റ്റൈല്‍, ഫീച്ചറുകള്‍, സുരക്ഷ, കരുത്ത് തുടങ്ങി ഒരു വാഹനത്തിന് വേണ്ട എല്ലാ ചേരുവകളും കൃത്യമായി നല്‍കി എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിച്ച് എത്തിയതോടെ വാഹനങ്ങളുടെ വിതരണത്തില്‍ പോലും വലിയ കാലതാമസം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

മഹീന്ദ്ര എറ്റവുമൊടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് വിവിധ മോഡലുകളിലായി 2.86 ലക്ഷം വാഹനങ്ങളാണ് ഉപയോക്താക്കള്‍ക്ക് നല്‍കാനുള്ളത്. നവംബര്‍ ഒന്ന് വരെയുള്ള കണക്കാണിത്. പ്രതിമാസ കണക്ക് പരിശോധിച്ചാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളിൽ 51,000 ബുക്കിങ്ങുകളാണ് മഹീന്ദ്രയില്‍ എത്തുന്നതെന്ന് മഹീന്ദ്ര ഓട്ടോ ആന്‍ഡ് ഫാം ബിസിനസ് മേധാവി അഭിപ്രായപ്പെട്ടു. ബുക്കിങ്ങ് പോലെ ക്യാന്‍സലേഷനും ഉണ്ടാകുന്നുണ്ടെങ്കിലും ഇത് കേവലം എട്ട് ശതമാനം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. 

മഹീന്ദ്ര സ്‌കോര്‍പിയോ, സ്‌കോര്‍പിയോ എന്‍ മോഡലുകള്‍ക്ക് ലഭിച്ച ബുക്കിങ്ങുകളില്‍ 1.19 ലക്ഷം യൂണിറ്റാണ് ഇനിയും വിതരണം ചെയ്യാനുള്ളത്. ഥാറാണ് രണ്ടാം സ്ഥാനത്ത്. ഈ വാഹനത്തിന്റെ 76,000 യൂണിറ്റാണ് നല്‍കാനുള്ളത്. എക്‌സ്.യു.വി.700-യുടെ 70,000 യൂണിറ്റ്, 11,000 ബൊലേറൊ, എക്‌സ്.യു.വി.300, എക്‌സ്.യു.വി.400 എന്നീ മോഡുകള്‍ രണ്ടും കൂടി 10,000 യൂണിറ്റ് എന്നിങ്ങനെയാണ് മഹീന്ദ്ര വിതരണം ചെയ്യാനുള്ളത്. എക്‌സ്.യു.വി.700. ഥാര്‍ എന്നീ വാഹനങ്ങളുടെ ഉത്പാദനം മഹീന്ദ്ര ഉയര്‍ത്തിയിരുന്നു.

ബുക്കിങ്ങ് കാലാവധി കുറയ്ക്കുന്നതിനായി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നീക്കങ്ങള്‍ മഹീന്ദ്രയില്‍ നിന്നുണ്ടാകുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് 1,14,742 എസ്.യു.വികളാണ് മഹീന്ദ്ര വിറ്റഴിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടി വില്‍പ്പനയാണിതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എസ്.യു.വി. നിര്‍മാതാക്കളെന്ന സ്ഥാനം തുടര്‍ച്ചയായ അഞ്ചാം പാദത്തിലും മഹീന്ദ്ര നിലനിര്‍ത്തിയെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. 

എസ്.യു.വി. മോഡലുകള്‍ മാത്രമാണ് മഹീന്ദ്രയില്‍ നിന്ന് വിപണിയില്‍ എത്തുന്നത്. എക്‌സ്.യു.വി.700 ആണ് ഫ്‌ളാഗ്ഷിപ്പ് മോഡല്‍, ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡല്‍ ഥാര്‍, എസ്.യു.വിയായ സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക്, ബൊലേറൊ, ബൊലേറൊ നിയോ, കോംപാക്ട് എസ്.യു.വി. എക്‌സ്.യു.വി.300, ഇലക്ട്രിക് മോഡലായ എക്‌സ്.യു.വി.400 എന്നീ മോഡലുകളാണ് നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ ഉള്‍പ്പെടെയുള്ള ഭാവി പദ്ധതികലും മഹീന്ദ്രയ്ക്കുണ്ട്.

Source: Autocar India