രണ്ട് പതിറ്റാണ്ടിൽ ഏറെയായി ഇന്ത്യൻ വാഹന വിപണിയിലെ എംപിവി ശ്രേണയുടെ മേധാവിത്വം കൈയാളുന്ന വാഹനമാണ് ടൊയോട്ടയുടെ ഇന്നോവ. ഇന്നോവയിൽ തുടങ്ങി ക്രിസ്റ്റയിലൂടെ മുന്നേറി ഹൈക്രോസിലൂടെ കുതിപ്പ് തുടരുന്ന ഈ എംപിവി, പുതിയൊരു ചുവടുവയ്പ്പിനൊരുങ്ങുകയാണ്. ഡീസൽ, പെട്രോൾ, ഹൈബ്രിഡ് എന്നീ പവർട്രെയിനുകളിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ ഫ്‌ളെക്‌സ് ഫ്യുവൽ മോഡൽ വിപണിയിൽ എത്താനൊരുങ്ങുകയാണ്.

To advertise here,

നിർമാതാക്കളായ ടൊയോട്ടയിൽ നിന്നല്ല ഈ പ്രഖ്യാപനമുണ്ടായത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്‌ളെക്‌സ് ഫ്യുവൽ വാഹനം വിപണിയിൽ എത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ ഈ വാഹനം പുറത്തിറങ്ങുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാൽ, കൃത്യമായ തീയതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

പെട്രോളിന്റെ ആവശ്യമില്ലാതെ പൂർണമായും എഥനോളിൽ ഓടുന്ന വാഹനമായാണ് ഫ്‌ളെക്‌സ് ഫ്യുവൽ ഹൈക്രോസ് എത്തുന്നതെന്നാണ് ഗഡ്കരി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിഫൈഡ് ഫ്‌ളെക്‌സ് ഫ്യുവൽ വാഹനമായതിനാൽ വാഹനം ഓടുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന വാഹനമാണിതെന്നും അദ്ദേഹം അറിയിച്ചു. 2023-ൽ തന്നെ എഥനോൾ ഇന്ധനമായി പ്രവർത്തിക്കുന്ന ഹൈക്രോസിന്റെ പ്രദർശനം നടന്നിരുന്നു. ഈ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ഇപ്പോൾ എത്തുന്നത്.

ഇപ്പോൾ 19 രാജ്യങ്ങളിൽ എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ വാഹന ഉപയോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് പരാതികളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. പൂർണമായും 100 ശതമാനം എഥനോളിൽ ഓടുന്ന ഇന്നോവ ഹൈക്രോസിന്റെ ലോഞ്ചിന് എന്നെയും ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് ഈ വാഹനം ലോഞ്ച് ചെയ്യുന്നതെന്നാണ് ബിസിനസ് ടുഡേ സംഘടിപ്പിച്ച പരിപാടികൾ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്.

മലിനീകരണമില്ലാത്ത യാത്ര സംവിധാനങ്ങളാണ് ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടൊയോട്ട ഹൈഡ്രജൻ വാഹനമായ മിറായ് ആണ് ഞാൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ പത്ത് റൂട്ടുകളിൽ ഇപ്പോൾ ഹൈഡ്രജൻ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പി.എം. ഇ-ബസ് സേവ പദ്ധതിയിൽ 57000 കോടി രൂപ മുതൽ മുടക്കൽ 10,000 ബസുകൾ എത്തിക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം പറഞ്ഞു.