ഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ എക്‌സ്‌യുവി 700-ന്റെ പുതിയ പതിപ്പ് എക്‌സ്‌യുവി 7XO ഇന്ത്യയിൽ അവതരിപ്പിച്ചു. 13.66 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ പ്ലസ് തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടാനാണ് ഈ വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്.

To advertise here,

മഹീന്ദ്രയുടെ ഇലക്ട്രിക് മോഡലുകളായ XEV 9S, XEV 9E എന്നീ വാഹനങ്ങളിൽ നിന്ന് ചില ഡിസൈൻ സവിശേഷതകൾ കടംകൊണ്ടാണ് XUV 7XO മുഖംമിനുക്കിയിരിക്കുന്നത്. ബൂമറാങ് ഷേപ്പിലുള്ള എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലാമ്പ്, പുതിയ ടെയ്ൽലാമ്പ് യൂണിറ്റ്, രൂപമാറ്റം വരുത്തിയിട്ടുള്ള റേഡിയേറ്റർ ഗ്രില്ല് തുടങ്ങിയവയിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്.

ഇന്റീരിയറിലും ചില അഴിച്ചുപണികൾ വരുത്തിയാണ് XUV 7XO ഒരുക്കിയിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പാസഞ്ചർ സ്‌ക്രീൻ എന്നിവ ഉൾപ്പെടുത്തിയുള്ള ട്രിപ്പിൾ സ്‌ക്രീൻ സംവിധാനമാണ് ഡാഷ്‌ബോർഡിൽ നൽകിയിരിക്കുന്നത്. ടു സ്‌പോക്ക് സ്റ്റിയറിങ് വീൽ, ക്ലൈമറ്റ് കൺട്രോൾ ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുന്നതിനുള്ള ടച്ച് പാഡ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഹർമൻ കാർഡൺ മ്യൂസിക് സിസ്റ്റം തുടങ്ങിയവയാണ് ഇന്റീരിയറിലെ ഫീച്ചറുകൾ.

സുരക്ഷയ്ക്കാണ് ഈ വരവിൽ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. 540 ഡിഗ്രി ക്യാമറയാണ് ഇതിൽ പ്രധാനം. ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഓട്ടോ ഹോൾഡ് എന്നിവയ്‌ക്കൊപ്പം അടിസ്ഥാന സുരക്ഷ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. അഡ്വാൻസ്ഡ് സുരക്ഷ നൽകുന്നതിനായി ലെവൽ ടു അഡാസ് സംവിധാനവും ഇതിലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിങ്, തുടങ്ങിയവ അഡാസിൽ നൽകുന്നുണ്ട്.

എക്‌സ്‌യുവി 700-ൽ നിന്നുള്ള മെക്കാനിക്കൽ സംവിധാനങ്ങളാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്. 200 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 185 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിവയാണിത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഉയർന്ന വേരിയന്റുകളിലെ ഡീസൽ എൻജിനുകൾക്കൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും നൽകുന്നുണ്ട്.