സ്കോര്‍പിയോ എന്ന എസ്.യു.വി. ഇന്ത്യയില്‍ എത്തി 20 വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷത്തിന്റെ ഭാഗമായാണ് സ്കോര്‍പിയോ എന്‍ എന്ന പേരില്‍ പുതിയ പതിപ്പ് മഹീന്ദ്ര അവതരിപ്പിച്ചത്. ബിഗ് ഡാഡി ഓഫ് എസ്.യു.വി. എന്ന വിശേഷണത്തോടെ എത്തിച്ച ഈ മോഡല്‍ ഇന്ത്യന്‍ വാഹന വിപണിയിലെ പല റെക്കോഡുകളും തിരുത്തി കുറിച്ച ഒന്നാണ്. കേവലം 60 സെക്കന്റില്‍ 25,000 ആളുകള്‍ ബുക്കുചെയ്ത വാഹനം എന്ന ഖ്യാതിയാണ് ഇതില്‍ പ്രധാനം.
സ്കോര്‍പിയോ എന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് മൂന്ന് വര്‍ഷത്തോട് അടുക്കുമ്പോള്‍ കാര്‍ബണ്‍ എഡിഷന് എന്ന പേരില്‍ ഈ വാഹനത്തിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. സ്കോര്‍പിയോ എന്നിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഇസഡ്8, ഇസഡ് 8എല്‍ എന്നീ വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് കാര്‍ബണ്‍ എഡിഷന് എത്തിയിരിക്കുന്നത്. 19.19 ലക്ഷം രൂപയിലാണ് കാര്‍ബണ്‍ എഡിഷന് മോഡലുകളുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
സ്കോര്‍പിയോ എന്നില്‍ നല്‍കിയിരുന്ന ക്രോമിയം അലങ്കാരങ്ങള്‍ കാര്‍ബണ്‍ എഡിഷനില്‍ നിന്ന് ഒഴിവാക്കിയതാണ് ആദ്യ കാഴ്ചയിലെ മാറ്റം. ഗ്രില്ല്, ഫോഗ് ലാമ്പിന് ചുറ്റിലും നല്‍കിയിട്ടുള്ള ഇന്സേര്ട്ട് എന്നിവയിലെല്ലാം ഡാര്‍ക്ക് ക്രോമാണ് നല്‍കിയിരിക്കുന്നത്. 18 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകളും കറുപ്പ് നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍ തുടങ്ങിയവയില്‍ നല്‍കിയിരുന്ന ക്രോമിയം പ്ലേറ്റിങ്ങും നീക്കിയാണ് കാര്‍ബണ്‍ എഡിഷന് ഒരുങ്ങിയിരിക്കുന്നത്. സ്റ്റെല്‍ത്ത് ബ്ലാക്ക് നിറത്തില്‍ മാത്രമാണ് ഈ മോഡല്‍ എത്തുന്നത്.
സ്കോര്‍പിയോ എന്‍ കാര്‍ബണ്‍ എഡിഷന്റെ അകത്തളത്തിലും കറുപ്പ് നിറം തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ലെതറേറ്റ് സീറ്റുകള്‍, ഡാഷ്ബോര്‍ഡ്, റൂഫ് ലൈനര്‍, ഡോര്‍ ട്രിം എന്നിവ കറുപ്പ് നിറത്തിലേക്ക് മാറിയിട്ടുണ്ട്. മറ്റ് ഫീച്ചറുകളെല്ലാം റെഗുലര്‍ സ്കോര്‍പിയോ എന്‍ മോഡലിന് സമാനമാണ്. ഏഴ് സീറ്റിങ് ലേഔട്ടില്‍ എത്തുന്ന ഈ വാഹനത്തില്‍ എട്ട് എഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍, സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ എ.സി, 12 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിവയും നല്‍കുന്നുണ്ട്.
2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് കാര്‍ബണ്‍ എഡിഷനിലും നല്‍കിയിരിക്കുന്നത്. പെട്രോള്‍ എന്ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്ജിന് 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണുള്ളത്.
Content Highlights: Mahindra Scorpio N Carbon Edition Launched
Published: 25 Feb 2025, 04:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented