ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്രയുടെ വാഹന നിരയിലേക്ക് പുതിയൊരു ലൈഫ് സ്റ്റൈൽ പിക്ക് അപ്പ്‌ കൂടി എത്തിയിരിക്കുകയാണ്. സ്‌കോർപിയോ എൻ എസ്‌യുവിയെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് സ്‌കോർപിയോ ലൈഫ്‌സ്റ്റൈലർ എന്നാണ് പേരിട്ടിരിക്കുന്നത്. ടൊയോട്ട ഹൈലെക്‌സ്, ഇസുസു ഡി-മാക്‌സ് വി-ക്രോസ് എന്നീ മോഡലുകളാണ് ലൈഫ്‌സ്റ്റൈലറിന്റെ എതിരാളികൾ.

To advertise here,

എതിരാളികളുമായി ഏറ്റുമുട്ടുന്നതിന് ഈ രണ്ട് മോഡലുകളെക്കാൾ കുറഞ്ഞ വിലയിലായിരിക്കും ലൈഫ്‌സ്റ്റൈലർ എത്തുകയെന്ന് സൂചന. 19.79 ലക്ഷം രൂപയിലായിരിക്കും ലൈഫ്‌സ്റ്റൈലറിന്റെ വില ആരംഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും നിരത്തുകളിൽ എത്താൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. 2027 ഏപ്രിൽ മാസത്തോടെ ഈ വാഹനം പുറത്തിറക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൽഇഡി ഹെഡ്‌ലാമ്പ്, എൽ ഷേപ്പ് ഡിആർഎൽ, ഹണികോമ്പ് മാതൃകയിൽ ക്രോമിയം സ്റ്റഡുകൾ നൽകിയിട്ടുള്ള ഗ്രില്ല്, ബോണറ്റിലെ സ്‌കോർപിയോ ബാഡ്ജിങ്ങ്, ചതുരത്തിലുള്ള ഫോഗ് ലാമ്പ്, മെറ്റൽ സ്‌കിഡ് പ്ലേറ്റ്, ഡ്യുവൽ ടോൺ അലോയി വീൽ, സൈഡ് ക്ലാഡിങ്, റൂഫ് റെയിൽസ്, എൽഇഡി ടെയ്ൽലാമ്പ്, സി ഷേപ്പ് ഡിആർഎൽ, വലിയ അക്ഷരത്തിൽ നൽകിയിട്ടുള്ള ബാഡ്ജിങ് എന്നിവയാണ് എക്സ്റ്റീരിയറിലെ അലങ്കാരങ്ങൾ.

വെർട്ടിക്കൽ ആയി നൽകിയിട്ടുള്ള വലിയ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ത്രീ സ്‌പോക്ക് ഡി-കട്ട് സ്റ്റിയറിങ് വീൽ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, ടെറൈൻ മോഡലുകൾ, പുതുമയുള്ള എസി വെന്റുകൾ, ഫിസിക്കൽ സ്വിച്ചുകൾ, ലെതർ ആവരണമുള്ള സീറ്റുകൾ എന്നിങ്ങനെയാണ് ഈ ലൈഫ് സ്റ്റൈൽ പിക്ക്അപ്പിലെ ഫീച്ചറുകൾ.

പെട്രോൾ ഡീസൽ എൻജിനുകളിൽ ഈ വാഹനം എത്തും. 175 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ, 203 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എന്നിവയായിരിക്കും എൻജിനുകൾ. ഫോർ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഇതിലെ ട്രാൻസ്മിഷൻ. ഇന്ത്യക്ക് പുറമെ, നിരവധി രാജ്യങ്ങളിലേക്ക് ഈ വാഹനം പരിഗണിക്കും.

മഹീന്ദ്ര ബിഇ 6 സ്‌പോർടെക് എത്തി

മഹീന്ദ്ര പുതിയ ബി.ഇ. 6 സ്‌പോർടെക് സീരീസ് അവതരിപ്പിച്ചു. സ്‌പോർട്ടി ഡിസൈൻ, നൂതന സാങ്കേതികവിദ്യ, മികച്ച ഡ്രൈവിങ് അനുഭവം എന്നിവയാണ് പുതിയ ശ്രേണിയുടെ സവിശേഷതകൾ. ലോഞ്ച് എഡിഷൻ, ഫോർമുല ഇ ഫ്രീഡം എഡിഷൻ എന്നീ പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്.

ബാറ്ററി ആസ് എ സർവീസ് (ബാസ്) സംവിധാനത്തിൽ 11.45 ലക്ഷം രൂപ മുതലാണ് ബി.ഇ. 6 സ്‌പോർടെക്കിന്റെ വില. ബാറ്ററി ഉപയോഗത്തിന് കിലോമീറ്ററിന് 3.75 രൂപ നിരക്കാണ് ഈടാക്കുന്നത്. 59 കെ.ഡബ്ല്യു.എച്ച്., 70 കെ.ഡബ്ല്യു.എച്ച്., 79 കെ.ഡബ്ല്യു.എച്ച്. ബാറ്ററി ഓപ്ഷനുകളാണ് ലഭ്യമാകുന്നത്. വാഹനങ്ങളുടെ ഡെലിവറി ഓഗസ്റ്റ് 26-ന് ആരംഭിക്കും.