
വിജയ് സേതുപതി നായകനായി എത്തിയ മഹാരാജ എന്ന സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ജൂണ്‍ 14-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ 100-ാം ദിനാഘോഷങ്ങള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ആഘോഷത്തിന്റെ ഭാഗമായി മഹാരാജയുടെ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന് ബി.എം.ഡബ്ല്യു 5 സീരീസ് വാഹനമാണ് നിര്‍മാതാക്കള്‍ സമ്മാനിച്ചത്. ഈ ആഡംബര സെഡാന്റെ ലോങ് വീല്‍ ബേസ് പതിപ്പാണ് സമ്മാനിച്ചിരിക്കുന്നത്.
മഹാരാജയിലെ നായകനായ വിജയ് സേതുപതി, നിര്‍മാതാക്കളായ സുദന്‍ സുന്ദരം, ജഗദീഷ് പളനിസ്വാമി എന്നിവര്‍ ചേര്‍ന്ന് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ നിതിലനാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ മികച്ച സമ്മാനത്തിന് നന്ദി. ഇത് സാധ്യമാക്കുന്നത് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന കുറിപ്പോടെയാണ് സംവിധായകന്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിതിലന്‍ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മഹാരാജ.
ജൂണ്‍ 14-ന് തീയേറ്ററുകളില്‍ എത്തിയ മഹാരാജ പിന്നീട് നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായി മാറാനും മഹാരാജയ്ക്ക് സാധിച്ചിരുന്നു. ബി.എം.ഡബ്ല്യു. അടുത്തിടെയാണ് ഫൈവ് സീരീസ് സെഡാന്റെ ലോങ് വീല്‍ ബേസ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ എന്‍ജിനില്‍ മാത്രമെത്തിയിട്ടുള്ള ഈ വാഹനത്തിന് 72.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ബി.എം.ഡബ്ല്യുവിന്റെ 2.5 ബോക്സ് ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ചെരിവുള്ള എ-പില്ലര്‍, ഒഴുകിയിറങ്ങുന്ന റൂഫ് ലൈനും ചേര്‍ന്നതാണ് വാഹനത്തിന്റെ ആകെ രൂപം. തിളക്കമുള്ള ബി.എം.ഡബ്ല്യു. സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ല്, ബ്രോണ്‍സ് ഫിനീഷിങ്ങിലുള്ള ഇന്‍സേര്‍ട്ടുകള്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, നീളം കൂടിയ ബോണറ്റ് എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷത. ബ്രോണ്‍സ് നിറത്തിലുള്ള വിന്‍ഡോ ബോര്‍ഡറുകളും സി പില്ലറില്‍ 5 ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 48 വോള്‍ട്ട് ഹൈബ്രിഡ് സംവിധാനവും ഈ എന്‍ജിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 258 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. 15.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
Content Highlights: Maharaja movie producers gifts BMW 5 Series LWB to director Nithilan Swaminathan
Published: 07 Oct 2024, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented