ലോകത്തിന്റെ ഏത് കോണിലുമുള്ള വാഹനപ്രേമികളുടെ ഇഷ്ടവാഹനങ്ങളില്‍ ആദ്യസ്ഥാനമാണ് മെഴ്‌സിഡീസിന്റെ ജി-വാഗണ്‍ എന്ന എസ്‌യുവിക്ക്. ഇതില്‍ തന്നെ ജി 63 എഎംജിക്ക് ആയിരിക്കും കൂടുതല്‍ ആരാധകര്‍. അത് തിരിച്ചറിഞ്ഞ് ഈ വാഹനത്തിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ജി 63 എഎംജി കളക്ടേഴ്‌സ് എഡിഷന്‍ എന്ന പേരിലാണ് ഈ പ്രത്യേക പതിപ്പ് എത്തിച്ചിരിക്കുന്നത്. 4.30 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

To advertise here,

ലിമിറ്റഡ് എഡിഷന്‍ എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കുന്ന തരത്തിലാണ് ഈ വാഹനത്തിന്റെ നിര്‍മാണം. കളക്ടേഴ്‌സ് എഡിഷന്റെ 30 യൂണിറ്റ് മാത്രമാണ് മെഴ്‌സിഡീസ് പുറത്തിറക്കുന്നത്. റെഗുലര്‍ മോഡലിനെക്കാള്‍ 66 ലക്ഷം രൂപ അധികവിലയാണ് കളക്ടേഴ്‌സ് എഡിഷന് ഈടാക്കുന്നത്. അവതരണത്തിനൊപ്പം ജൂണ്‍ 12-ാം തിയതി മുതല്‍ ഈ ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെങ്കിലും 2025 അവസാനത്തോടെയായിരിക്കും വിതരണം ആരംഭിക്കുക. 

ഇന്ത്യന്‍ മണ്‍സൂണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രത്യേക പതിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കളക്ടേഴ്‌സ് എഡിഷന്‍ മെഴ്‌സിഡീസ് ഇന്ത്യയും മെഴ്‌സിഡീസ് ബെന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഇന്ത്യയും ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മണ്‍സൂണിലെ പച്ചപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മൈല്‍ഡ് ഗ്രീന്‍ മാഗ്നോ, മണ്ണില്‍ നിന്നുള്ള പ്രചോദനത്തില്‍ ഒരുങ്ങിയ റെഡ് മാഗ്നോ എന്നീ രണ്ട് നിറങ്ങളിലാണ് മെഴ്‌സിഡീസ് ഈ വാഹനം എത്തിക്കുന്നത്. 

സ്‌പെയര്‍ വീല്‍ കവര്‍, വശങ്ങളിലൂടെ നീളുന്ന സൈഡ് പ്രൊട്ടക്ഷന്‍ സ്ട്രിപ്പ്, സ്വര്‍ണ നിറത്തില്‍ ഒരുങ്ങിട്ടുള്ള 22 ഇഞ്ച് എഎംജി അലോയി വീല്‍ തുടങ്ങിയവയാണ് റെഗുലര്‍ പതിപ്പില്‍ നിന്ന് കളക്ടേഴ്‌സ് എഡിഷനെ വേറിട്ട് നിര്‍ത്തുന്നത്. ഇരട്ട നിറത്തിലുള്ള നാപ്പ് ലെതറാണ് അകത്തളത്തില്‍ വിരിച്ചിരിക്കുന്നത്. വാള്‍നട്ട് വുഡ് ട്രിം ഡാഷ്‌ബോര്‍ഡിന് അലങ്കാരമായി നല്‍കുന്നുണ്ട്. ഫീച്ചറുകളിലും ലേഔട്ടിലും റെഗുലര്‍ ജി 63 എഎംജിയുടെ പിന്മുറക്കാരനാണ് കളക്ടേഴ്‌സ് എഡിഷനും. 

റെഗുലര്‍ മോഡലില്‍ നിന്ന് മെക്കാനിക്കലായ മാറ്റം വരുത്താതെയാണ് കളക്ടേഴ്‌സ് എഡിഷന്റെ വരവ്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയുമുണ്ട്. 585 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 22 എച്ച്പി പവര്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ വകയായും നല്‍കുന്നുണ്ട്. ഒന്‍പത് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 4.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമെടുക്കാനും ഈ വാഹനത്തിനാകും.