കൊച്ചി: ചേരാനല്ലൂർ ബെൻസ് കാറപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. മഴയായിരുന്നു, കാഴ്ച വ്യക്തമായിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് വാഹനമോടിച്ച 17 വയസ്സുകാരൻ പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സാധാരണ അപകടക്കേസാണ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ പരിശോധന നടത്തിയിരുന്നു. പിന്നീട് കൂടുതൽ തെളിവുകളും വിവരങ്ങളും ലഭിച്ചപ്പോൾ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്ത് കേസെടുത്തു, അദ്ദേഹം പറഞ്ഞു. 

To advertise here,

അപകടം എങ്ങനെ നടന്നുവെന്ന വിവരങ്ങൾ ആദ്യം ലഭിച്ചിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു. എന്നാൽ പിന്നീട് മൊബൈൽ പരിശോധിച്ചപ്പോഴാണ് കാർ അമിത വേഗതയിലായിരുന്നു പോയതെന്ന് വിവരം ലഭിക്കുന്നത്. നൂറിന് മുകളിൽ സ്പീഡിലായിരുന്നു കാർ സഞ്ചരിച്ചത്. വിവരങ്ങൾ വ്യക്തമായതിന് ശേഷമാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. അതിനുള്ള കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ ശേഖരിക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി. 

അപകടം വളരെ ഗുരുതരമാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിൽ പൊലിഞ്ഞത്. പ്രതി പ്രായപൂർത്തിയാവാത്തതിനാൽ കുട്ടിയുടെ രക്ഷിതാവും സ്വാഭാവികമായും കുറ്റക്കാരനാണ്. പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. ഇതിൽ അപ്പീൽ നൽകാനാവും. അതുമായി പോലീസ് മുന്നോട്ടുപോകും. ക്രൈം ബ്രാഞ്ചിനാണ് കേസ് അന്വേഷണം കൈമാറിയിരിക്കുന്നതെന്നും കമ്മീഷണർ വിശദീകരിച്ചു.

ഞായറാഴ്ച പുലർച്ചെയാണ് 17 വയസ്സുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ചത്. കേസിൽ കാറോടിച്ച 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. കേസിൽ പതിനേഴുവയസ്സുകാരന്റെ പിതാവായ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരേ കേസെടുക്കുകയും ഹൈക്കോടതി റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.