ഒരൊറ്റ ദിവസം ഒരു വാഹനത്തിന്റെ 150 യൂണിറ്റ് ഒരു ഡീലർഷിപ്പിൽനിന്ന് ഉപയോക്താക്കൾക്ക് ഒരുമിച്ച് നൽകുകയെന്നത് അപൂർവ്വ സംഭവമാണ്. പ്രത്യേകിച്ച് ഇതൊരു ഇലക്ട്രിക് മോഡൽ കൂടി ആകുന്നതോടെ ഈ അപൂർവ്വതയുടെ വ്യാപ്തി വർധിക്കുന്നു. കിയയുടെ ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇ.വിയാണ് ഉത്സവപ്രതീതിയോടെ മാസ് ഡെലിവറി നടത്തിയത്. കേരളത്തിലെ കിയ വിതരണക്കാരായ ഇഞ്ചിയോൺ കിയയാണ് 150 ഉപയോക്താക്കൾക്കും വാഹനം നൽകിയത്.

To advertise here,

ഒരു വാഹന നിർമാതാവിന്റെ വാഹനനിരയിലെ വ്യത്യസ്ത മോഡലുകൾ ഒരേ ദിവസം മാസ് ഡെലിവറി നടത്തുന്നത് മുമ്പ് പലപ്പോഴായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, സിറോസ് ഇ.വി. പോലൊരു വാഹനം ഒരു ദിവസം തന്നെ ഇത്രയധികം ഉപയോക്താക്കളിൽ എത്തിയതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന്റെ അംഗീകാരമാണ് കിയ മോട്ടോഴ്‌സിനെയും ഇഞ്ചിയോൺ കിയയേയും തേടിയെത്തിയിരിക്കുന്നത്.

ഒരു ദിവസം ഏറ്റവുമധികം അധികം പേർക്ക്‌ നൽകിയ ഇലക്ട്രിക് വാഹനം എന്ന നിലയിലാണ് സിറോസ് ഇ.വിക്കും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന്റെ നേട്ടം ലഭിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന മാസ് ഡെലിവറി പരിപാടിയിൽ കിയ ഇന്ത്യ എം.ഡി. സിഇഒ. ഗ്വാംഗു ലീ, ഇഞ്ചിയോൺ കിയ ചെയർമാൻ എം.എ.എം. ബാബു മൂപ്പർ, ഇഞ്ചിയോൺ കിയ എംഡി. നയീം ഷാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

150 സിറോസ് ഇ.വികൾ കൊച്ചിയിൽ വിതരണം ചെയ്ത ദിവസം തന്നെ സംസ്ഥാനത്തുടനീളം 500 വാഹനങ്ങൾ ഇഞ്ചിയോൺ കിയയിലൂടെ നിരത്തുകളിൽ എത്തിയിട്ടുണ്ടെന്നാണ് കമ്പനി മേധാവി അറിയിച്ചത്. 150 സിറോസ് ഇ.വി. വിതരണം ചെയ്‌തെങ്കിലും ഇതുവരെ 650 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സിറോസ് ഇ.വിക്ക് 100 ബുക്കിങ്ങുകൾ നേടിനായെന്നും ഇഞ്ചിയോൺ കിയ മേധാവികൾ അറിയിച്ചു.

കിയ സിറോവ് ഇ.വി

കിയ മോട്ടോഴ്‌സ് ഇന്ത്യയിൽ എത്തിച്ച രണ്ടാമത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് മോഡലാണ് കിയ സിറോസ് ഇ.വി. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് സിറോസ് ഇ.വി. എത്തുന്നത്. 51.4 kWh ബാറ്ററി: ഒറ്റ ചാർജിൽ സെഗ്മെന്റിലെ ഏറ്റവും മികച്ച 526 കി.മീറ്റർ റേഞ്ച് നൽകുന്നു എന്നതാണ് സിറോസ് ഇ.വിയുടെ പ്രധാന ആകർഷണം. 42 kWh ബാറ്ററി ഒറ്റ ചാർജിൽ 443 കിലോമീറ്റർ റേഞ്ചും നൽകും.

ഇതിലെ 51.4 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിൽ നൽകിയിട്ടുള്ള ഇലക്ട്രിക് മോട്ടോർ 171 എച്ച്പി പവറും 255 എൻഎം ടോർക്കുമാണ് നൽകുന്നത്. 42 കിലോവാട്ട് ബാറ്ററി മോഡൽ 135 എച്ച്പി പവറും 255 എൻഎം ടോർക്കുമാണ് നൽകുന്നത്. 8.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള കരുത്താണ് ഈ വാഹനത്തിനുള്ളത്. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഇതിലുണ്ട്. 100 kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 10-80 ശതമാനം ചാർജിങിന് വെറും 39 മിനുറ്റ് മതി.

42 കിലോവാട്ട് എച്ച്ടികെ മോഡലിന് 13.49 ലക്ഷം രൂപയും എച്ച്ടികെ പ്ലസിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്സിന് 15.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 51.4 കിലോവാട്ട് ബാറ്ററി മോഡലിന്റെ എച്ച്ടികെ പ്ലസ് ഇആർ വേരിയന്റിന് 16.99 ലക്ഷം രൂപയും, എച്ച്ടിഎക്സ് ഇആറിന് 17.99 ലക്ഷം രൂപയും, എച്ച്ടിഎക്സ് പ്ലസ് ഇആറിന് 19.49 ലക്ഷം രൂപയും, എച്ച്ടിഎക്സ് എക്സ്ലൈൻ ഇആറിന്റെ വില 19.99 ലക്ഷം രൂപയുമാണ്.

മികച്ച റീസെയിൽ വാല്യൂ ഉറപ്പാക്കുന്ന 'അഷ്വേർഡ് ബൈബാക്ക്' പദ്ധതിയും, തുടക്കത്തിലെ ഉയർന്ന പണച്ചെലവ് കുറയ്ക്കുന്ന 'ബാറ്ററി-ആസ്-എ-സർവീസ്' (BaaS) ഫിനാൻസിങ് ഓപ്ഷനും കിയ ഒരുക്കിയിട്ടുണ്ട്. 80 ശതമാനം ബൈബാക്ക് ഗ്യാരണ്ടി പദ്ധതിയിലൂടെ 3 വർഷം വാഹനം ഉപയോഗിച്ച ശേഷം കമ്പനിക്കു തിരികെ കൊടുത്താൽ വാങ്ങിയ വിലയുടെ 80 ശതമാനം തിരികെ ഉപഭോക്താവിന് ലഭിക്കും.