കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ വാഹന നിരയിലെ രണ്ടാം ഇലക്ട്രിക് മോഡലായ കിയ കാരന്‍സ് ക്ലാവിസ് ഇവി അവതരിപ്പിച്ചു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഇലക്ട്രിക് എംപിവി ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 17.99 ലക്ഷം രൂപ മുതല്‍ 24.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കിയയുടെ വാഹനനിരയില്‍ ഇവി6, ഇവി9 മോഡലുകള്‍ ഇന്ത്യയില്‍ എത്തുന്നുണ്ടെങ്കിലും ഒരു മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് വാഹനം ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്.
മെക്കാനിക്കല്‍ ഫീച്ചറുകളില്‍ ഹ്യുണ്ടായിയുടെ ഇലക്ട്രിക് ക്രെറ്റയ്ക്ക് സമാനമായാണ് കിയ കാരന്‍സ് ക്ലാവിസ് ഇവിയും എത്തിയിരിക്കുന്നത്. 42 കിലോവാട്ട് ബാറ്ററി പാക്കും 51.4 കിലോവാട്ട് ബാറ്ററി പാക്കുമാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 42 കിലോവാട്ട് മോഡല്‍ 404 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോള്‍ 51.4 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 490 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
വാഹനത്തിന്റെ മുന്നിലെ ആക്‌സിലില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 171 ബിഎച്ച്പി പവറും 255 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണിത്. 8.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ ഇലക്ട്രിക് എംപിവിയില്‍ നല്‍കിയിട്ടുണ്ട്. നാല് ലെവല്‍ റീജനറേറ്റീവ് ബ്രേക്കിങ്ങും സ്റ്റിയറിങ് കോളത്തില്‍ നല്‍കിയിരിക്കുന്ന ഡ്രൈവ് സെലക്ടറുമാണ് ഈ വാഹനത്തിലെ മറ്റ് പ്രത്യേകതകള്‍.
റെഗുലര്‍ കാരന്‍സ് ക്ലാവിസില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഇലക്ട്രിക് പതിപ്പ് എത്തിയിരിക്കുന്നത്. മുന്‍വശത്തെ ബമ്പറിന്റെ ഡിസൈന്‍ മാറിയതാണ് പ്രധാന മാറ്റം. മുന്നില്‍ തന്നെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിട്ടുള്ളതിനാല്‍ ഇതിനനുസരിച്ചാണ് ബമ്പര്‍ ഒരുക്കിയിരിക്കുന്നത്. ബമ്പറിന്റെ താഴെ ഭാഗമായി സില്‍വര്‍ ക്ലാഡിങ്ങ് നല്‍കിയിട്ടുണ്ട്. എല്‍ഇഡി ഫോഗ്ലാമ്പ്, പൊസിഷന്‍ ലൈറ്റുകള്‍, ഹെഡ്ലാമ്പ് എന്നിവ റെഗുലര്‍ മോഡലിലേത് കടംകൊണ്ടതാണ്.
ഫ്ളോട്ടിങ് ഡിസൈനിലേക്ക് മാറിയാണ് ഇലക്ട്രിക് ക്ലാവിസിലെ സെന്റര്‍ കണ്‍സോള്‍ ഒരുക്കിയിരിക്കുന്നത്. റെഗുലര്‍ മോഡലില്‍ ഗിയര്‍ ലിവര്‍ നല്‍കിയിരുന്ന സ്ഥാനത്ത് വലിയ സ്റ്റോറേജ് സ്പേസാണ് നല്‍കിയിട്ടുള്ളത്. ഏതാനും കണ്‍ട്രോള്‍ യൂണിറ്റുകള്‍ക്ക് സമീപത്തായി വയര്‍ലെസ് ചാര്‍ജിങ് പാഡും നല്‍കുന്നുണ്ട്. ഡാഷ്ബോര്‍ഡില്‍ നല്‍കിയിട്ടുള്ള 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ്-ഇന്‍സ്ട്രുമെന്റ് ഇരട്ട സ്‌ക്രീന്‍ സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഇതിന് നല്‍കിയിട്ടുള്ള നിറങ്ങളില്‍ പുതുമ വരുത്തിയിട്ടുണ്ട്.
കാര്യക്ഷമമായ സുരക്ഷ സംവിധാനമാണ് കാരന്‍സ് ക്ലാവിസ് ഇവിയില്‍ നല്‍കുന്നത്. ആറ് എയര്‍ബാഗ്, ഇഎസ്‌സി, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടിപിഎംഎസ്, നാല് ഡിസ്‌ക് ബ്രേക്ക്, എന്നിവയ്‌ക്കൊപ്പം അഡാസ് ലെവല്‍-2 സുരക്ഷയും ഈ വാഹനത്തിലുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി വെര്‍ച്വല്‍ എന്‍ജിന്‍ സൗണ്ടും ഇതില്‍ നല്‍കുന്നുണ്ട്. ബിവൈഡിയുടെ ഇമാക്‌സ്7 ആണ് ഈ വാഹനത്തിന്റെ എതിരാളി.
Content Highlights: Kia Carens Clavis EV Launched in India- Features- Price-Range and Specifications
Published: 15 Jul 2025, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented