2024-നെ അപേക്ഷിച്ച് 77 ശതമാനത്തിന്റെ വിൽപ്പന കുതിപ്പാണ് 2025-ൽ ഉണ്ടായിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഹ്വാനം ശിരസാവഹിച്ചിരിക്കുകയാണ് രാജ്യത്തെ ജനങ്ങൾ. ഇന്ത്യയിലെ വാഹന വിപണിയിൽ പത്ത് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾ നിർണായക ശക്തിയായി മാറണമെന്നാണ് സർക്കാരുകൾ ലക്ഷ്യമിട്ടിരുന്നതെങ്കിൽ അഞ്ച് വർഷം കൊണ്ടുതന്നെ മികച്ച വളർച്ചയാണ് ഇലക്ട്രിക് വാഹന വിപണി കൈവരിച്ചിരിക്കുന്നതെന്നാണ് ഇക്കഴിഞ്ഞ വർഷത്തെ ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന റിപ്പോർട്ട് നൽകുന്ന സൂചന.
2025-ലാണ് ഇലക്ട്രിക് പാസഞ്ചർ വാഹന വിപണി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. 2024-നെ അപേക്ഷിച്ച് 77 ശതമാനത്തിന്റെ വിൽപ്പന കുതിപ്പാണ് 2025-ൽ ഉണ്ടായിരിക്കുന്നത്. വിൽപ്പന റിപ്പോർട്ട് അനുസരിച്ച് 1,76,815 ഇലക്ട്രിക് വാഹനങ്ങളാണ് 2025 ൽ ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. 2024-ൽ ഇത് 99,875 യൂണിറ്റായിരുന്നു. ഇന്ത്യയിലെ വാഹന ഉപയോക്താക്കൾ ഇലക്ട്രിക്കിലേക്ക് മാറുന്നതിന്റെ സുപ്രധാന സൂചനയാണ് ഈ വളർച്ചയെന്നാണ് വാഹന വിപണിയിൽ നിന്നുള്ള അഭിപ്രായങ്ങൾ.
ഇലക്ട്രിക് വാഹന വിപണിയുടെ മേധാവിത്വം പതിവ് പോലെ തന്നെ ടാറ്റ മോട്ടോഴ്‌സിൽ ഭദ്രമാണ്. 70004 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് 2025-ൽ നിരത്തുകളിൽ എത്തിച്ചത്. ടാറ്റയുടെ വാഹന നിരയിലെ ആദ്യ ഇലക്ട്രിക് മോഡലായ നെക്‌സോൺ ഇവി, എൻട്രി ലെവൽ മോഡലായ ടിയാഗോ ഇവി എന്നിവയാണ് വിൽപ്പനയിൽ മുന്നിട്ട് നിൽക്കുന്നത്. ചാർജിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതും വിവിധ വിലകളിലുള്ള ഇലക്ട്രിക് വാഹനങ്ങളുമാണ് ടാറ്റയുടെ നേട്ടത്തിന് വഴിയൊരുക്കിയത്.
ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന മേഖലയിലെ ശ്രദ്ധേയമായ വളർച്ച ജെഎസ്ഡബ്ല്യു എംജിയുടേതാണ്. 51,387 ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയോടെ രണ്ടാം സ്ഥാനത്താണ് എംജി. മുൻ വർഷത്തെ അപേക്ഷിച്ച് 135 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. എം9, സൈബർസ്റ്റർ, ഇസഡ്എസ് ഇവി, കോമറ്റ് തുടങ്ങി ഇലക്ട്രിക് വാഹന ശ്രേണിയിൽ നിരവധി വാഹനങ്ങൾ എംജി എത്തിച്ചിട്ടുണ്ടെങ്കിലും നേട്ടത്തിന്റെ പ്രധാന കാരണം വിൻഡ്‌സർ ഇവിയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലുള്ള വാഹനങ്ങളുടെ വരവോടെ എതിരാളികളെ ഞെട്ടിക്കുന്ന വളർച്ചയാണ് മഹീന്ദ്ര കൈവരിച്ചിരിക്കുന്നത്. 370 ശതമാനത്തിന്റെ വളർച്ചയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് ലഭിച്ചിരിക്കുന്നത്. 33,513 ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്ര 2025-ൽ നിരത്തുകളിൽ എത്തിച്ചത്. 2024-ൽ ഇത് 6757 യൂണിറ്റായിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ മോഡലുകൾ എത്തിക്കാനുള്ള നീക്കങ്ങളും മഹീന്ദ്രയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളിൽ ഇന്ത്യയിലെ മറ്റ് വാഹന നിർമാതാക്കൾക്കും 2025 നേട്ടത്തിന്റെ വർഷമായിരുന്നു. 6726 ഇലക്ട്രിക് വാഹനങ്ങളാണ് ഹ്യുണ്ടായി 2025-ൽ നിരത്തുകളിൽ എത്തിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 621 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-നെ അപേക്ഷിച്ച് വിൽപ്പന ഇരട്ടിയാക്കിയെന്ന് അവകാശപ്പെടുന്ന ബിവൈഡി 5402 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. കിയ മോട്ടോഴ്സ് ഇന്ത്യയിൽ 2398 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്.
Content Highlights: India`s electric vehicle market experienced phenomenal growth of 77% in 2025. Discover sales figures, top manufacturers like Tata Motors, MG, and Mahindra, and the EV revolution.
Published: 14 Jan 2026, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented