ഒരു പുതിയ കാർ വാങ്ങാൻ ആലോചിക്കുന്നതു മുതൽ പലതരം മുൻ​ഗണനകളാണ് നമ്മുടെ മനസ്സിലേക്ക് വരിക. ആദ്യമൊക്കെ ഇന്ധനക്ഷമതയ്ക്കായിരുന്നു മിക്കവരും മുൻതൂക്കം നൽകിയിരുന്നതെങ്കിൽ പിന്നീടത് ഫീച്ചറുകൾക്കായി. എന്നാൽ ഇപ്പോൾ, മൈലേജ് അൽപം കുറഞ്ഞാലും കുഴപ്പമില്ല  അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സുരക്ഷയും വേണമെന്നതാണ് പൊതുവെയുള്ളൊരു ട്രെൻഡ്. അതിനാൽതന്നെ വാഹനനിർമാണ കമ്പനികൾ നിറയെ ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്നതോടൊപ്പം സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. 

To advertise here,

ചില കമ്പനികൾ സുരക്ഷാ പരീക്ഷകളെ അതിജീവിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മറ്റു ചില പ്രമുഖ കമ്പനികൾ അമ്പേ പരാജയപ്പെടാറുമുണ്ട്. പ്രധാന ഇടി പരീക്ഷകളായ ഗ്ലോബൽ എൻ.സി.എ.പിയും ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷയായ ഭാരത് ന്യൂ കാർ അസെസ്‌മെന്റ് പ്രോഗ്രാം (ഭാരത് എൻ.സി.എ.പി) യിലും 2024-ൽ പങ്കെടുത്ത വാഹനങ്ങൾ ഏതെല്ലാമാണെന്നും അവയുടെ പ്രകടനം എങ്ങനെയായിരുന്നുവെന്നും നോക്കാം. 

ഗ്ലോബൽ എൻ.സി.എ.പി:

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

ഈയിടെ പുറത്തിറങ്ങിയ നാലാം തലമുറ ഡിസയറും തൊട്ടു മുൻപത്തെ തലമുറയിലെ ഡിസയറും 2024 ​ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ പങ്കെടുത്തിരുന്നു. നാലാം തലമുറക്കാരനായ മോഡൽ ⭐⭐⭐⭐⭐ റേറ്റിങാണ് സ്വന്തമാക്കിയത്. ഇതോടെ ഗ്ലോബൽ എൻക്യാപിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടുന്ന ആദ്യ മാരുതി സുസുക്കി വാഹനം എന്ന ഖ്യാതിയും ഡിസയർ സ്വന്തമാക്കി. മുതിർന്നവർക്കുള്ള സുരക്ഷയിൽ (അഡൾട്ട് ഒക്യുപെൻഡ് പ്രൊട്ടക്ഷൻ അഥവാ എ.ഒ.പി) ⭐⭐⭐⭐⭐ കുട്ടികൾക്കുള്ള സുരക്ഷയിൽ (ചൈൽഡ് ഒക്യുപെൻഡ് പ്രൊട്ടക്ഷൻ അഥവാ സി.ഒ.പി) ⭐⭐⭐⭐ നേടി.  

പഴയ തലമുറ മോഡലിന് എ.ഒ.പിയിലും സി.ഒ.പിയിലും കരസ്ഥമാക്കാനായത് ⭐⭐ മാത്രമായിരുന്നു. പുതിയ ഡിസയറിന്റെ ബോഡി ഷെല്ലും ഫൂട്ട് വെൽ ഏരിയയും സ്ഥിരതയുള്ളതാണെന്നാണ് ക്രാഷ് ടെസ്റ്റ് ഫലം. എന്നാൽ മുൻ മോഡൽ ഇക്കാര്യത്തിൽ പരാജയമായിരുന്നു. പുതിയ ഡിസയറിൽ കമ്പനി കൂടുതൽ സുരക്ഷ നൽകിയിട്ടുണ്ട്. ആറ് എയർ ബാ​ഗുകൾ സ്റ്റാന്റേർഡായി നൽകി. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), റിയർ പാർക്കിങ് സെൻസർ, 360 ഡി​ഗ്രി ക്യാമറ എന്നിങ്ങനെ നീളുന്നു സംവിധാനങ്ങൾ.  

ഇസഡ് സീരീസ് എൻജിനിലേക്കുള്ള മാറ്റമാണ് നാലാം തലമുറ ഡിസയറിൽ മെക്കാനിക്കലായി വരുത്തിയിട്ടുള്ള മാറ്റം. മാരുതി ആദ്യമായി സ്വിഫ്റ്റിൽ പരീക്ഷിച്ച എൻജിനാണിത്. 1.2 ലിറ്റർ 3സിലിണ്ടർ പെട്രോൾ എൻജിനാണ് പുതിയ ഡിസയറിൽ നൽകിയിട്ടുള്ളത്. ഈ എൻജിൻ 81.9 ബി.എച്ച്.പി. പവറും 111.7 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഉയർന്ന ഇന്ധനക്ഷമതയാണ് വാഹനത്തിന്റെ ഹൈലൈറ്റ്.  

മഹീന്ദ്ര ബൊലേറോ നിയോ
 
സുരക്ഷയുടെ കാര്യത്തിൽ മഹീന്ദ്രയുടെ വാഹനങ്ങൾ പേരുകേട്ടവയാണ്. എന്നാൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ബൊലേറോ നിയോ എന്ന തങ്ങളുടെ എസ്.യു.വി നേടിയത് വെറും ⭐ മാത്രമാണ്. ഷെല്ലും ഫൂട് വെൽ ഏരിയയും സ്ഥിരതയുള്ളതല്ലെന്നും ഇടി പരീക്ഷയിൽ കണ്ടെത്തി. രണ്ട് എയർ​ബാ​ഗ്, റിയർ പാർക്കിങ് സെൻസർ എന്നിങ്ങനെ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ മാത്രമാണ് ബൊലേറോ നിയോയ്ക്ക് മഹീന്ദ്ര നൽകിയിട്ടുള്ളത്. 

1.5 ലിറ്റർ 3സിലിണ്ടർ ടർബോ ചാർജ്ഡ് ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 100 ബി.എച്ച്.പി. പവറും 260 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. പെട്ടെന്ന് വേഗം കൂട്ടുന്നതിന് വേരിയബിൾ ജ്യോമട്രി ടർബോയായിരുന്നു നിയോയിൽ നൽകിയിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ. താഴ്ന്ന ഗിയർ പൊസിഷനുകളിലുള്ള കുതിപ്പ് നിയോയുടെ സവിശേഷതയാണ്.

പഴയ തലമുറ ഹോണ്ട അമേസ്

പുതുതലമുറ അമേസ് രണ്ട് ഇടി പരീക്ഷകളിലും നിലവിൽ പങ്കെടുത്തിട്ടില്ല. മുൻ തലമുറ മോഡൽ 2024 എൻ.സി.എ.പി ക്രാഷ് ടെസ്റ്റിന് വിധേയമായിരുന്നു. മുതിർന്നവരുടെ സുരക്ഷയിൽ ⭐⭐ മാത്രമാണ് വാഹനത്തിന് നേടാൻ കഴിഞ്ഞത്. കുട്ടികളുടെ സുരക്ഷയിലാകട്ടെ പൂജ്യവും.

2021-ൽ മുതിർന്നവരുടെ സുരക്ഷയിൽ ⭐⭐⭐⭐ കുട്ടികൾക്ക് ⭐ നേടി. മുന്നിൽ രണ്ട് എയർ ബാ​ഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിങ് സെൻസർ എന്നിവയാണ് സുരക്ഷ കൈകാര്യം ചെയ്യുന്നത്.

കിയ കാരൻസ്

രണ്ട് വട്ടമാണ് കിയയുടെ ഈ എം.പി.വി ഇടിപരീക്ഷണത്തിന് വിധേയമായത്. 2023 മേയ് മാസത്തിൽ നിർമിച്ച വേരിയന്റിൽ നടത്തിയ ആദ്യ ടെസ്റ്റിൽ ⭐ മാത്രമാണ് കാരൻസിന് നേടാനായത്. 2023 ഡിസംബർ മോഡലിൽ ഇത് ⭐⭐⭐ ആയി ഉയർന്നു. സ്കോർ ഉയർന്നെങ്കിലും ബോഡി ഷെല്ലിന്റെ സ്ഥിരതയിൽ രണ്ട് വട്ടവും പരാജയമായിരുന്നു ഫലം. ആറ് എയർബാ​ഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇ.എസ്.സി, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ മോണിറ്ററിങ് സിസ്റ്റം, റിയർ പാർക്കിങ് സെവൻസർ എന്നിവ കിയ നൽകിയിട്ടുണ്ട്. 

പെട്രോൾ, ഡീസൽ എൻജിനുകളിലാണ് കാരൻസ് വിപണിയിലുള്ളത്. 1.5 ലിറ്റർ 4സിലിണ്ടർ പെട്രോൾ എൻജിനൊപ്പം 1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിലും വാഹനം ലഭിക്കും.  6സ്പീഡ് മാനുവൽ, 6സ്പീഡ് ഐ.എം.ടി 7സ്പീഡ് ഡി.സി.ടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോൾ എൻജിനിൽ നൽകിയിട്ടുള്ളത്. 1.5 ലിറ്റർ ഡീസൽ എൻജിനിൽ 6സ്പീഡ് മാനുവൽ, 6സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുകളാണുള്ളത്.

സിട്രോൺ C3

2024 ജി.എൻ.സി.എ.പിയിൽ സിട്രോൺ C3 ഇവി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. മുതിർന്നവരിൽ പൂജ്യവും കുട്ടികളുടെ സുരക്ഷയിൽ ⭐ വാഹനം നേടിയത്. എന്നാൽ ബോഡി ഷെല്ലിന്റെ കാര്യത്തിൽ സ്ഥിരത ഉറപ്പുവരുത്തി.മുന്നിൽ രണ്ട് എയർബാ​ഗ്, എ.ബി.എസ്, ഇ.ബി.ഡി, റിയർ പാർക്കിങ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിങ്ങനെ അടിസ്ഥാന സുരക്ഷ സംവിധാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

സിട്രോൺ അടുത്തിടെ വിപണിയിൽ എത്തിച്ച ബസാൾട്ടിൽ നൽകിയിരുന്ന 6സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് സി3-ലും നൽകിയിരിക്കുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പ്രവർത്തിക്കുന്നത്. 108 ബി.എച്ച്.പി. പവറും 205 എൻ.എം. ടോർക്കുമേകുന്ന എൻജിനാണിത്.  

1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടർബോചാർജ്ഡ് എന്നീ രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് സി3 എത്തുന്നത്. 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് 3സിലിണ്ടർ എൻജിൻ 82 പി.എസ്. പവറും 115 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5സ്പീഡ് മാനുവലാണ് ഈ എൻജിനൊപ്പം നൽകിയിട്ടുള്ള ട്രാൻസ്മിഷൻ. 1.2 ലിറ്റർ ടർബോചാർജ്ഡ് എൻജിൻ 110 പി.എസ്. പവറും 190 എൻ.എം. ടോർക്കുമേകും. ആറ് സ്പീഡ് മാനുവലാണ് ടർബോ എൻജിനൊപ്പം ട്രാൻസ്മിഷൻ ഒരുക്കുന്നത്. 

ടാറ്റ നെക്സോൺ

2023 സെപ്റ്റംബറിലാണ് നെക്സോൺ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചത്. ⭐⭐⭐⭐⭐ റേറ്റിങ്ങും വാഹനം സ്വന്തമാക്കി. പഴയതും പുതിയതുമായ മാനദണ്ഡങ്ങൾ പ്രകാരം ഉയർന്ന സുരക്ഷാ റേറ്റിങാണ് നെക്സോൺ കൈവരിച്ചത്. ആറ് എയർബാ​ഗുകൾ, ഇ.എസ്.സി, മുന്നിലും പിന്നിലും പാർക്കിങ് സെൻസർ, 360 ഡി​ഗ്രി ക്യാമറ എന്നിവയും ഉണ്ട്. 

പെട്രോൾ ഡീസൽ എൻജിനുകളിൽ നെക്സോൺ എത്തുന്നുണ്ട്. 118 ബി.എച്ച്.പി. പവറും 170 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനിലും 108 ബി.എച്ച്.പി. പവറും 260 എൻ.എം.ടോർക്കുമേകുന്ന 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. 6സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും ടാറ്റ നെക്‌സോണിലുണ്ട്. ഇലക്ട്രിക് മോഡലുകളും ഇതിനൊപ്പം വിപണിയിലുണ്ട്.

ഭാരത് എൻ.സി.എ.പി:

മഹീന്ദ്ര ഥാർ റോക്സ്

മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും ⭐⭐⭐⭐⭐ റേറ്റിങ്ങാണ് മഹീന്ദ്ര ഥാർ റോക്സ് എന്ന ഹോട്ട് സെല്ലിങ് മോഡൽ നേടിയത്. ഭാരത് എൻ.സി.എ.പിയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബോഡി ഓൺ ഫ്രെയിം എസ്.യു.വിയാണ് ഇത്. AX5L, MX3 എന്നീ രണ്ട് വേരിയന്റുകളാണ് ഇടി പരീക്ഷയ്ക്ക് വിധേയമാക്കിയത്. നേരത്തെ ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ഥാർ ത്രീ ഡോർ ⭐⭐⭐⭐ ആയിരുന്നു നേടിയത്. ആറ് എയർബാ​ഗ്, ഇ.എസ്.സി, 360 ഡി​ഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഓൾ വീൽ ഡിസ്ക് ബ്രേക്ക്, ലെയിൻ കീപ് അസിസ്റ്റും ക്രൂയിസ് കൺട്രോളും ഉൾപ്പെടുന്ന അസാഡ് ഫീച്ചറുകൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്.  

പെട്രോൾ, ഡീസൽ എൻജിനുകളിൽ വാഹനം ലഭിക്കും. 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിൻ 175 പി.എസ്. പവറും 370 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും. 6സ്പീഡ് മാനുവൽ, 6സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കിയിരിക്കുന്നത്. 2.0 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 177 പി.എസ്. പവറും 375 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

മഹീന്ദ്ര XUV 3XO

എ.ഒ.പി, സി.ഒ.പി സുരക്ഷയിൽ ⭐⭐⭐⭐⭐ ആണ് നേടിയത്. മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 29.36 പോയന്റ് നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കുട്ടികളുടെ സുരക്ഷയിൽ 49-ൽ 43 പോയന്റും നേടി. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ് അസിസ്റ്റും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് എന്നിവ ഉൾപ്പെടെയുള്ള ലെവൽ ടു അഡാസ് സംവിധാനവും ഉണ്ട്.  

രണ്ട് പെട്രോൾ ഒരു ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഈ വാഹനം നിരത്തുകളിൽ എത്തിക്കുന്നത്. 110 ബി.എച്ച്.പി. പവറും 200 എൻ.എം.ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 130 ബി.എച്ച്.പി. പവറും 230 എൻ.എം. ടോർക്കുമുള്ള 1.2 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ എൻജിൻ, ‌115 ബി.എച്ച്.പി. പവറും 300 എൻ.എം.ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എൻജിൻ എന്നിങ്ങനെയാണവ.ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷനുകളും ഇതിൽ നൽകുന്നുണ്ട്.

മഹീന്ദ്ര XUV400 ഇവി

2024 നവംബറിലാണ് XUV400 ഇവി പരീക്ഷണത്തിന് വിധേയമാക്കിയത്. ഥാർ റോക്സ്, XUV 3XO എന്നീ മോഡലുകൾക്കൊപ്പം UV400 ഇവിയും മുതിർന്നവരുടേയും കുട്ടികളുടെയും സുരക്ഷയിൽ ⭐⭐⭐⭐⭐ റേറ്റിങ് സ്വന്തമാക്കി. മുതിർന്നവരിൽ 32-ൽ 30.38 സ്കോർ നേടിയാണ് മികച്ച നേട്ടം സ്വന്തമാക്കിയത്.

മറ്റു രണ്ട് മഹീന്ദ്ര മോഡലുകളേക്കാളും ഉയർന്ന സ്കോറാണിത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 456 കിലോമീറ്റർ റേഞ്ചാണ് XUV400 ഇവിക്ക് ലഭിക്കുന്നത്. 148 ബി.എച്ച്.പി. പവറും 310 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണുള്ളത്. 

ഹ്യുണ്ടായ് ട്യൂസോൺ

5സ്റ്റാർ റേറ്റിങ്ങോടെയാണ് ഹ്യുണ്ടായ് ടൂസോൺ ഭാരത് എൻ.സി.എ.പി ഇടിപരീക്ഷയെ മറികടന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഹ്യുണ്ടായിയുടെ ഒരു മോഡൽ ഭാരത് എൻക്യാപിൽ ⭐⭐⭐⭐⭐ നേടുന്നത്. മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32.00-ൽ 30.84 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49.00-ൽ 41.00 പോയിന്റുമാണ്  ട്യൂസോൺ ഉറപ്പാക്കിയത്. സ്റ്റാൻഡേർഡായി ആറ് എയർബാ​ഗുകൾ, 360 ഡി​ഗ്രി ക്യാമറ, അഡാസ് ഫീച്ചറുകൾ എന്നിവയുണ്ട്. മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകളും കമ്പനി നൽകി.

156 പി.എസ്. പവറും 192 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ 4സിലിണ്ടർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും 186 പി.എസ്. പവറും 416 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ വി.ജി.ടി. ടർബോ ഡീസൽ എൻജിനുമാണ് ട്യൂസോണിന്റെ ഹൃദയം. പെട്രോൾ എൻജിനിൽ 6സ്പീഡ് ​ഓട്ടോമാറ്റിക് ഗിയർബോക്സും ഡീസൽ എൻ‌ജിനിൽ 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാണുള്ളത്. രണ്ടിലും ഓൾ വീൽ ഡ്രൈവും ഉണ്ട്. 

സിട്രോൺ ബസാൾട്ട് 

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഏറ്റവുമൊടുവിൽ ഇന്ത്യൻ നിരത്തുകൾക്ക് സമ്മാനിച്ച വാഹനമാണ് ബസാൾട്ട്. ⭐⭐⭐⭐ റേറ്റിങ്ങ് സ്വന്തമാക്കിയാണ് ഈ വാഹനം കരുത്ത് തെളിയിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫോർസ്റ്റാർ റേറ്റിങ്ങ് സുരക്ഷയാണ് ഈ വാഹനം ഉറപ്പാക്കിയത്. മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32-ൽ 26.19 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 35.90 പോയിന്റും നേടിയാണ് ⭐⭐⭐⭐ റേറ്റിങ്ങ് ഉറപ്പാക്കിയത്.

രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് സിട്രോൺ ബസാൾട്ട് വിപണിയിൽ എത്തുന്നത്. 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് (എൻ.എ), 1.2 ലിറ്റർ ടർബോ പെട്രോൾ എന്നീ എൻജിനുകളാണിത്.  110 പി.എസ്. പവറാണ് ടർബോ പെട്രോൾ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ട്രാൻസ്മിഷന് അനുസരിച്ച് ടോർക്കിൽ മാറ്റമുണ്ട്.

ടർബോ എൻജിനിലെ 6സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ 190 എൻ.എം.ടോർക്കും 6സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് മോഡൽ 205 എൻ.എം. ടോർക്കുമാണ് നൽകുന്നത്. എൻ.എ. എൻജിനിലേക്ക് വന്നാൽ 82 പി.എസ്. പവറും 115 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 5സ്പീഡ് മാനുവൽ മാത്രമാണ് ഈ എൻജിനൊപ്പം നൽകിയിട്ടുള്ള ട്രാൻസ്മിഷൻ.

ടാറ്റ കർവ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ⭐⭐⭐⭐⭐ റേറ്റിങാണ് വാഹനം സ്വന്തമാക്കിയത്. ആറ് എയർബാ​ഗ്, റിയർ പാർക്കിങ് സെൻസറുകൾ, ഇ.എസ്.സി, 360 ഡി​ഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്ററിങ്, മുൻ പാർക്കിങ് സെൻസർ, ലെവൽ 2 അഡാസ് എന്നിവയുമുണ്ട്.

രണ്ട് പെട്രോൾ എൻജിനിലും ഒരു ഡീസൽ എൻജിനിലുമാണ് കർവ് എത്തുന്നത്. ടാറ്റയുടെ പുതിയ ടി.ജി.ഡി.ഐ. പെട്രോൾ ടർബോ എൻജിനാണ് കർവിലെ ഒരു എൻജിൻ ഓപ്ഷൻ. ഇത് 125 പി.എസ്. പവറും 225 എൻ.എം. ടോർക്കുമാണ് നൽകുന്നത്. 

ഇതിനുപുറമെ, 120 പി.എസ്. പവറും 170 എൻ.എം. ടോർക്കുമേകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനിലും കർവ് എത്തുന്നുണ്ട്. 118 പി.എസ്. പവറും 260 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ ഡീസൽ എൻജിനാണ് കർവിൽ കരുത്തേകുന്ന മറ്റൊരു എൻജിൻ. 6സ്പീഡ് മാനുവൽ 6സ്പീഡ് ഡി.സി.ടി. എന്നിവയാണ് ട്രാൻസ്മിഷൻ. 

 

ടാറ്റ കർവ് ഇവി

ടാറ്റ മോട്ടോഴ്‌സിന്റെ അഞ്ചാമത്തെ ഇലക്ട്രിക് വാഹനമാണ് കർവ് ഇ.വി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ⭐⭐⭐⭐⭐ റേറ്റിങാണ് വാഹനം സ്വന്തമാക്കിയത്. ആറ് എയർബാ​ഗ്, റിയർ പാർക്കിങ് സെൻസറുകൾ, ഇ.എസ്.സി, 360 ഡിഗ്രി ക്യാമറ, പാർക്കിങ് സെൻസർ, ലെവൽ 2 അഡാസ് എന്നിവയാണ് സവിശേഷതകൾ.

ഒറ്റത്തവണ ചാർജ് ചെയ്താൽ 585 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഫാസ്റ്റ് ചാർജിങ്ങിലൂടെ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി നിറയാൻ വേണ്ടത് വെറും‌ 40 മിനിറ്റാണ്. ഇതിനൊപ്പം 15 മിനിറ്റ്‌ ചാർജിങ്ങിലൂടെ 150 കിലോമീറ്റർ യാത്ര ചെയ്യാനുള്ള മറ്റൊരു സംവിധാനവും കർവ് ഇ.വിയിൽ ഒരുക്കിയിട്ടുണ്ട്. 

ടാറ്റ നെക്സോൺ

2024 ഫെബ്രുവരിയിൽ ​ഗ്ലോബൽ എൽക്യാപിൽ പങ്കെടുത്തെങ്കിലും മേയ് മാസത്തിലാണ് ഭാരത് എൻക്യാപിൽ ടാറ്റ നെക്സോൺ പരീക്ഷിച്ചത്. ഗ്ലോബൽ എൽക്യാപിലേതിനു സമാനമായി ഭാരത് എൻക്യാപിലും ⭐⭐⭐⭐⭐ റേറ്റിങ് നേടി. 

ടാറ്റ നെക്സോൺ ഇ.വി

മാറ്റമൊന്നുമില്ല, ⭐⭐⭐⭐⭐ റേറ്റിങ് തന്നെ. പെട്രോൾ-ഡീസൽ മോഡലിനേക്കാൾ കൂടുതൽ റേറ്റിങ് സ്വന്തമാക്കിയാണ് ഈ നേട്ടത്തിലേക്ക് നെക്സോൺ ഇവി എത്തിയത്. ആറ് എയർ ബാ​ഗ്, ഇ.എസ്.സി, മുൻ പിൻ പാർക്കിങ് സെൻസർ, ഹിൽ ഹോൾഡ് കൺ‌ട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ് കൺട്രോൾ എന്നിവ വാഹനത്തിൽ സജ്ജമാണ്.   

അടുത്തിടെയാണ് ടാറ്റ നെക്‌സോൺ ഇ.വി. മുഖംമിനുക്കി എത്തിയത്. മീഡിയം റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി ഒമ്പത് വേരിയന്റുകളിലാണ് നെക്‌സോൺ ഇ.വി. എത്തുന്നത്. 30 കിലോ വാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള മീഡിയം റേഞ്ച് മോഡൽ ഒറ്റത്തവണ ചാർജ് ചെയ്താൽ 325 കിലോമീറ്ററും, 40.5 കിലോ വാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള ലോങ്ങ് റേഞ്ച് മോഡൽ 465 കിലോമീറ്ററുമാണ് സഞ്ചരിക്കുന്നത്.

ടാറ്റ പഞ്ച് ഇവി

ഭാരത് എൻ.സി.എ.പിയിൽ പരീക്ഷിച്ച ഏക മൈക്രോ എസ്.യു.വിയാണിത്. ടാറ്റ കുടുംബത്തിലെ അം​ഗമായതിനാൽ തന്നെ ⭐⭐⭐⭐⭐ സുരക്ഷതന്നെ വാഹനം സ്വന്തമാക്കി. മറ്റ് ഇവികളെ അപേക്ഷിച്ച് എ.ഒ.പിയിലും സി.ഒ.പിയിലും മികച്ച പ്രകടനമാണ് പഞ്ച് ഇവി കാഴ്ചവെച്ചത്. 

ആറ് എയർ ബാ​ഗ്, ഇ.എസ്.സി, മുൻ പിൻ പാർക്കിങ് സെൻസർ, ഹിൽ ഹോൾഡ് കൺ‌ട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ എന്നിവ സുരക്ഷ കാര്യക്ഷമമാക്കുന്നു. മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32-ൽ 31.46 പോയന്റാണ് പഞ്ച് നേടിയത്. കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ 49-ൽ 45 പോയന്റും നേടി. മുന്നിൽ നിന്നും വശങ്ങളിൽ നിന്നും ഉണ്ടായേക്കാവുന്ന ആഘാതങ്ങളിലും ഈ വാഹനം ഉയർന്ന സുരക്ഷയാണ് ഉറപ്പാക്കുന്നത്. 

പഞ്ച് ഇലക്ട്രിക് മോഡൽ ലൈനപ്പിൽ ലോങ്ങ് റേഞ്ച് മോഡലിൽ 122 എച്ച്.പി. പവറും 190 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും മീഡിയം റേഞ്ച് മോഡലിൽ 81 എച്ച്.പി. പവറും 114 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് നൽകിയിരിക്കുന്നത്. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡൽ ഒറ്റത്തവണ ചാർജിൽ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റർ റേഞ്ചുമാണ് ഉറപ്പാക്കുന്നത്.