മാരുതി സുസുക്കി ആള്‍ട്ടോ കെ10 നിരത്തുകളിലേക്ക് മടങ്ങി വരവ് നടത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. എന്‍ട്രി ലെവല്‍ വാഹനങ്ങളില്‍ ഒന്ന് എന്ന നിലയില്‍ വലിയ സ്വീകാര്യതയും ഈ വാഹനത്തിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആള്‍ട്ടോ കെ10-ന്റെ സി.എന്‍.ജി. പതിപ്പും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. കമ്പനിയുടെ വാഹന നിരയിലെ എന്‍ട്രി ലെവല്‍ സി.എന്‍.ജി. മോഡലുകളിലൊന്നാണ് ആള്‍ട്ടോ കെ10 എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

To advertise here,

വിവിധ സെഗ്മെന്റുകളിലായി ഫാക്ടറി ഫിറ്റഡ് സി.എന്‍.ജി. സംവിധാനവുമായി മാരുതി സുസുക്കിയുടെ 13 മോഡലുകള്‍ വിപണിയില്‍ എത്തുന്നുണ്ടെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. ഇതിനോടകം പത്ത് ലക്ഷം സി.എന്‍.ജി. വാഹനങ്ങളാണ് മാരുതിയില്‍ നിന്ന് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ജോയി ഓഫ് ഡ്രൈവ് ഉദ്യമത്തിന്റെ ഭാഗമായാണ് മാരുതി സി.എന്‍.ജി. വാഹനനിര വിപുലമാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 

ഇതിലേക്കുള്ള ഏറ്റവുമൊടുവിലെ ചുവടുവയ്‌പ്പെന്നോണമാണ് ആള്‍ട്ടോ കെ10 സി.എന്‍.ജി. എത്തിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദമാകുന്നതിനൊപ്പം 33.85 എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും നിര്‍മാതാക്കള്‍ ഇറപ്പാക്കുന്നുണ്ട്. വി.എക്.ഐ. എന്ന ഒരു വേരിയന്റില്‍ മാത്രമാണ് സി.എന്‍.ജി. പതിപ്പ് എത്തുന്നത്. ഇതിന് 5.94 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. അതായത് വി.എക്‌സ്.ഐ. വേരിയന്റ് പെട്രോള്‍ മോഡലിനെക്കാള്‍ ഏതാണ്ട് 94,000 രൂപ അധിക വിലയാണ് സി.എന്‍.ജി. പതിപ്പിനുള്ളത്. 

മാരുതി ആള്‍ട്ടോ കെ10 പെട്രോള്‍ എന്‍ജിനുമായി സാങ്കേതിക ഫീച്ചറുകള്‍ പങ്കിട്ടാണ് സി.എന്‍.ജി. പതിപ്പും എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വി.വി.ടി. പെട്രോള്‍ എന്‍ജിനൊപ്പം ഫാക്ടറി ഫിറ്റഡ് സി.എന്‍.ജി. കിറ്റും നല്‍കിയാണ് ആള്‍ട്ടോ കെ10 സി.എന്‍.ജി. എത്തുന്നത്. എന്നാല്‍, പെട്രോള്‍ മോഡലിനെക്കാള്‍ പവര്‍ കുറവാണ് ഈ മോഡലിന് പെട്രോള്‍ 65.26 പി.എസ്. പവറും 89 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ സി.എന്‍.ജി. 56.96 പി.എസ്. പവറും 82.1 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. 

പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 10 കിലോമീറ്റര്‍ അധിക ഇന്ധനക്ഷമതയാണ് സി.എന്‍.ജി. പതിപ്പ് നല്‍കുന്നത്. പെട്രോള്‍ കെ10 മാനുവല്‍ മോഡല്‍ 14.39 കിലോമീറ്ററും ഓട്ടോമാറ്റിക് 24.90 കിലോമീറ്ററും മൈലേജ് നല്‍കുമ്പോള്‍ സി.എന്‍.ജി. 33.85 കിലോമീറ്റര്‍ മൈലേജ് ഉറപ്പാക്കും. എന്നാല്‍, മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് സി.എന്‍.ജി മോഡല്‍ എത്തുന്നത്. പരിസ്ഥിതി സൗഹാര്‍ദ സാങ്കേതികവിദ്യക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് മാരുതി സി.എന്‍.ജി. മോഡലുകളുടെ വില്‍പ്പനയില്‍ കുതിപ്പുണ്ടാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്.