എസ്.യു.വി. മോഡലുകളുടെ വരവ് ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വാഹന വിപണിയിലെ സെഡാന്‍ ശ്രേണിയെ ആണ് കാര്യമായി ബാധിച്ചിരുന്നത്. എന്നാല്‍, മൈക്രോ, കോംപാക്ട് എന്നിങ്ങനെ വിവിധ വലിപ്പത്തിലുള്ള എസ്.യു.വികളും കൂടി എത്തി തുടങ്ങിയതോടെ എസ്.യു.വി. ശ്രേണി ചെറുകാറുകള്‍ ഉള്‍പ്പെടെയുള്ള ഹാച്ച്ബാക്ക് ശ്രേണിയെ കൂടി വിഴുങ്ങുകയാണെന്നതാണ് വാസ്തവം. ഈ പശ്ചാത്തലത്തില്‍ പല വാഹന നിര്‍മാതാക്കളും ചെറുകാറുകളുടെ നിര്‍മാണത്തിന് പകരം എസ്.യു.വികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുമുണ്ട്.

To advertise here,

ഇന്ത്യന്‍ വാഹന വിപണിയിലെ മാറ്റം തിരിച്ചറിഞ്ഞ് പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹോണ്ട കാര്‍സ്. സെഡാന്‍ വാഹനങ്ങളുടെ ഖ്യാതിയില്‍ ശ്രദ്ധിക്കപ്പെട്ട തുടങ്ങിയ ഹോണ്ട ഇനി മുതല്‍ എസ്.യു.വികള്‍ മാത്രമായിരിക്കും നിര്‍മിക്കുകയെന്നാണ് കമ്പനിയുടെ സുപ്രധാന പ്രഖ്യാപനം. അടുത്തിടെ നിരത്തുകളില്‍ എത്തിയ എലിവേറ്റ് എന്ന മിഡ് സൈസ് എസ്.യു.വിക്ക് ലഭിച്ച സ്വീകാര്യതയില്‍ നിന്നാണ് എസ്.യു.വിയിലേക്കുള്ള ചുവടുമാറ്റം ഹോണ്ട നടത്തുന്നതെന്നും വിലയിരുത്തലുകളുണ്ട്.

എസ്.യു.വികള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും ഹോണ്ട ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. 2040-ഓടെ കാര്‍ബണ്‍ വിരുദ്ധ വാഹനങ്ങള്‍ എന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിനായാണ് ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതോടെ ഹോണ്ട 2030-നുള്ളില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് വാഹനങ്ങളില്‍ സിംഹഭാഗവും എസ്.യു.വിയായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഹോണ്ടയില്‍ നിന്ന് പ്രതീക്ഷിക്കാം. 

2030-നുള്ളില്‍ അഞ്ച് പുതിയ മോഡലുകളാണ് ഹോണ്ടയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. ഇതില്‍ എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡല്‍ ഉള്‍പ്പെടെയുള്ള എസ്.യു.വികളായിരിക്കും ഉണ്ടാകുക. എസ്.യു.വി. സെഗ്മെന്റിലുള്ള വാഹനങ്ങളിലൂടെ മാത്രമായിരിക്കും എതിരാളുകള്‍ക്ക് ശക്തമായ മത്സരം സമ്മാനിക്കാന്‍ ഹോണ്ടയ്ക്ക് സാധിക്കൂ. എലിവേറ്റിന്റെ വരവോടെ തന്നെ ഹോണ്ടയുടെ വില്‍പ്പനയില്‍ 35 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഹോണ്ട കാര്‍സ് ഇന്ത്യ പ്രസിഡന്റ് അവകാശപ്പെട്ടു. 

ഇന്ത്യയിലെ വാഹന വിപണി ഹോണ്ടയെ സംബന്ധിച്ചിടത്തോളം വലിയ ഒന്നാണ്. ഇവിടെ കാറുകളും ഇരുചക്ര വാഹനങ്ങളും അതിവേഗമാണ് ഇലക്ട്രിക് കരുത്തിലേക്ക് മാറുന്നത്. അതുകൊണ്ടുതന്നെ ഹോണ്ടയുടെ ഈ മാറ്റത്തിന്റെ ഭാഗമാകുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എലിവേറ്റ് എസ്.യു.വിയെ അടിസ്ഥാനക്കിയുള്ള ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിക്കുന്നതിനുള്ള പണിപ്പുരയിലാണ് ഹോണ്ട കാര്‍സ് എന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

Source: ET Auto