ഫോര്‍ഡ് എന്ന അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യയോട് വിടപറയുമ്പോള്‍ നല്‍കിയ ഒരു ഉറപ്പുണ്ടായിരുന്നു. ഏതാനും പ്രീമിയം വാഹനങ്ങള്‍ ഇറക്കുമതി ചെയ്തും ഇന്ത്യയില്‍ വില്‍പ്പന ചെയ്യുമെന്ന്. ഫോര്‍ഡിന്റെ ആഡംബര മോഡലായ മസ്താങ്ങ് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് എത്തിക്കുമെന്ന് അറിയിച്ചിരുന്നത്. ഈ വാക്ക് പാലിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. മസ്താങ്ങിന് പകരം മസ്താങ്ങിന്റെ ഇലക്ട്രിക് പതിപ്പ് ആയിരിക്കും ഇന്ത്യയില്‍ എത്തിക്കുകയെന്നാണ് സൂചന.

To advertise here,

മസ്താങ്ങ് മാക്ക്-ഇ എന്നാണ് ഫോര്‍ഡിന്റെ ഇലക്ട്രിക് മോഡലിന്റെ പേര്. ക്രോസ്ഓവര്‍ ഇലക്ട്രിക് എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തായിരിക്കും വില്‍പ്പന. വില ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും 70 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വില ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോള്‍വോ എക്‌സ്.സി.40 റീചാര്‍ജ്, ബി.എം.ഡബ്ല്യു ഐ.എക്‌സ്1 തുടങ്ങിയ വാഹനങ്ങളായിരിക്കും എതിരാളികള്‍.

മെക്‌സികോ, ചൈന എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന ഗ്ലോബല്‍ മോഡലിന് സമാനമായ ഡിസൈനിലായിരിക്കും മസ്താങ്ങ് മാക്ക്-ഇയുടെ ഇന്ത്യന്‍ പതിപ്പും ഒരുങ്ങുക. ഫോര്‍ഡിന്റെ ചെന്നൈയിലെ പ്ലാന്റിന്റെ വില്‍പ്പന റദ്ദാക്കിയതിനാല്‍ തന്നെ ഈ ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനുള്ള സാധ്യതയുമുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഫോര്‍ഡ് മസ്താങ്ങ് മാക്ക്-ഇ ട്രേഡ് മാര്‍ക്ക് ചെയ്യുന്നതിനുള്ള രേഖകള്‍ പുറത്തുവന്നതോടെയാണ് ഈ വാഹനം ഇന്ത്യയില്‍ എത്തുമെന്ന് ഉറപ്പായിരിക്കുന്നത്. 

റെഗുലര്‍ മസ്താങ്ങിനോട് സാമ്യമുള്ള രൂപത്തില്‍ തന്നെയാണ് ഇലക്ട്രിക് പതിപ്പും ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വഭാവം പോലെ മുന്നില്‍ ഗ്രില്ല് മൂടിക്കെട്ടിയ നിലയിലാണ്. ബോണറ്റിലേക്ക് കയറിനില്‍ക്കുന്ന വീതി കുറഞ്ഞ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പാണ് ഇതിലുള്ളത്. പവര്‍ ലൈനുകളും ബള്‍ജുകളും ആനുപാതികമായി നല്‍കിയാണ് ബോണറ്റ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ക്രോസ്ഓവര്‍ വാഹനമായതിനാല്‍ തന്നെ ചാഞ്ഞിറങ്ങുന്നത് പോലെയാണ് റൂഫും പിന്‍ഭാഗവും ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

സ്റ്റാന്റേഡ് റേഞ്ച്, എക്സ്റ്റന്റഡ് റേഞ്ച് വിഭാഗങ്ങളിലായി റിയര്‍ വീല്‍ ഡ്രൈവ്, ഇ-ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റുകളില്‍ ഈ വാഹനം ലഭ്യമാണ്. എന്‍ട്രി ലെവല്‍ മോഡലില്‍ 70 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ 402 കിലോമീറ്റര്‍ റേഞ്ചും ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 360 കിലോമീറ്റര്‍ റേഞ്ചും നല്‍കും. എക്‌സ്റ്റന്റഡ് റേഞ്ച് മോഡല്‍ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പ് 505 കിലോമീറ്ററും ഓള്‍ വീല്‍ ഡ്രൈവ് പതിപ്പ് 446 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പാക്കുന്നത്. 

അടുത്തിടെയാണ് ഫോര്‍ഡ് തിരിച്ചുവരവിനുള്ള സൂചനകള്‍ നല്‍കി കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റ് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന് വില്‍ക്കാനുള്ള കരാര്‍ റദ്ദാക്കിയത്. നേരത്തേ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വിയറ്റ്നാമിലെ ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ വിന്‍ഫാസ്റ്റും ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റ് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പുമായുള്ള കരാര്‍ പൊടുന്നനെയാണ് ഫോര്‍ഡ് റദ്ദാക്കിയത്. 2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ഫോര്‍ഡ് അവസാനിപ്പിച്ചതായി പ്രസ്താവനയിറക്കിയത്.