സിനിമ ഹിറ്റാകുന്നതിന്റെ സന്തോഷം അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി ആഘോഷമാക്കിയിരിക്കുകയാണ് വെന്ത് തണിന്തത് കാട്‌ എന്ന സിനിമയുടെ നിര്‍മാതാവായ ഇഷ്ഹാരി കെ. ഗണേഷ്. സിനിമയിലെ നാകയനായ ചിമ്പുവിന് ടൊയോട്ടയുടെ വെല്‍ഫയര്‍ ആഡംബര എം.പി.വിയും, സംവിധായകനായ ഗൗതം മേനോന് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുമാണ് സിനിമയുടെ നിര്‍മാതാവ് സമ്മാനിച്ചിരിക്കുന്നത്. 

To advertise here,

വേല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. സിനിമയുടെ വിജയം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് ഇരുവര്‍ക്കും സമ്മാനങ്ങള്‍ കൈമാറിയത്. സമ്മാനം കൈമാറുന്നതിന്റെയും മറ്റ് ആഘോഷങ്ങളുടെയും വീഡിയോ വേല്‍ ഫിലിംസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെയെല്ലാം പങ്കെടുപ്പിച്ചുള്ളതായിരുന്നു ആഘോഷം.

എക്സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 90.80 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. നിരത്തുകളില്‍ എത്തുമ്പോള്‍ 1.15 കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ വിലയാകുക.  പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ആഡംബരമാണ് വെല്‍ഫയര്‍ ഒരുക്കുന്നത്. പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

കഴിഞ്ഞ  വര്‍ഷമാണ് ക്ലാസിക് 350-യുടെ പുതിയ പതിപ്പ് വിപണിയിലെത്തിയത്. റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളിലാണ് ഈ ബൈക്ക് എത്തിയിരിക്കുന്നത്.  മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ക്ലാസിക്കും ഒരുങ്ങിയിട്ടുള്ളത്. ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ വാഹനത്തിന്റെ വിറയല്‍ പൂര്‍ണമായും മാറിയാണ് എത്തുന്നത്. 1.87 ലക്ഷം രൂപ മുതല്‍ 2.18 ലക്ഷം രൂപ വരെയാണ് പുതിയ ക്ലാസിക് 350-യുടെ എക്സ്ഷോറും വില.

സിനിമയുടെ വിജയം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി ആഘോഷിക്കുന്നത് പതിവാണ്. അടുത്തിടെ കമല്‍ഹാസന്‍ നായകനായ വിക്രം എന്ന സിനിമ സൂപ്പര്‍ഹിറ്റായതോടെ നിര്‍മാതാവ് കൂടിയായ അദ്ദേഹം സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജിന് ലെക്‌സസ് കാര്‍ സമ്മാനമായി നല്‍കിയിരുന്നു. അതുപോലെ തന്നെ ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ 100 ദിവസം പൂര്‍ത്തിയായതോടെ അദ്ദേഹവും സഹപ്രവര്‍ത്തകര്‍ക്ക് ക്ലാസിക് 350, കെ.ടി.എം ബൈക്കുകള്‍ സമ്മാനിച്ചിരുന്നു.