കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് മുതല്‍ ആരോഗ്യപ്രവര്‍ത്തകരെയും രോഗികളെയും സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ വാഹനനിര്‍മാതാക്കളാണ് മഹീന്ദ്ര. വെന്റിലേറ്റര്‍, മാസ്‌ക്, ഫെയ്‌സ്ഷീല്‍ഡ് തുടങ്ങി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച പിന്തുണയാണ് മഹീന്ദ്ര ഒരുക്കുന്നത്. ഇതുവരെ രാജ്യത്തുടനീളം 80,000 ഫെയ്‌സ്ഷീല്‍ഡുകള്‍ മഹീന്ദ്ര വിതരണം ചെയ്തുകഴിഞ്ഞു. 

To advertise here,

മഹീന്ദ്രയുടെ പിതാംപുര്‍ പ്ലാന്റില്‍ മാര്‍ച്ച് 30-നാണ് രാജ്യത്തുടനീളമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഫെയ്‌സ്ഷീല്‍ഡുകളുടെ നിര്‍മാണം ആരംഭിച്ചത്. അതിവേഗത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് മുമ്പ് മഹീന്ദ്ര അറിയിച്ചിരുന്നു. ഏപ്രില്‍ 17-ാം തീയതിയിലെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിലായി 80,000 ഫെയ്‌സ് ഷീല്‍ഡുകള്‍ നല്‍കി കഴിഞ്ഞെന്നാണ് മഹീന്ദ്ര അറിയിച്ചത്. 

നിര്‍മാണം ആരംഭിച്ച് 17 ദിവസത്തിനുള്ളില്‍ 80,000 ഫെയ്‌സ് ഷീല്‍ഡുകള്‍ വിവിധ പ്രദേശങ്ങളിലുള്ള ആശുപത്രികളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ഈ നീക്കത്തിന് ആരോഗ്യപ്രവര്‍ത്തകരുടെ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള എയറോസോള്‍ ബോക്‌സുകള്‍ നിര്‍മിക്കുകയാണ്‌ മഹീന്ദ്രയുടെ പുതിയ പദ്ധതിയെന്നും പവന്‍ ഗൊയങ്ക ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം, മഹീന്ദ്രയുടെ വെന്റിലേറ്റര്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. മാതൃകയില്‍ നല്‍കിയതിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയാണ് എയര്‍100 അല്ലെങ്കില്‍ ആംബു ബാഗ് എന്ന് പേരിട്ടിരിക്കുന്ന ഈ വെന്റിലേറ്ററുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്. 48 മണിക്കൂറുകള്‍ക്കുള്ളിലാണ് മഹീന്ദ്ര വെന്റിലേറ്ററിന്റെ മാതൃക ഒരുക്കിയത്.

Content Highlights: Covid-19; Mahindra Handover 80,000 Face Shield For Health Workers