തിരുവനന്തപുരം: കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആരോഗ്യ വകുപ്പിനായി ഒരു കോടി ഗ്ലൗസുകൾ വാങ്ങിയത് നാലിരട്ടി വിലയ്ക്ക്. പകുതിയോളം ഉപയോഗിക്കാതെ ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചു. ഈ ഇനത്തിൽ 7.09 കോടി രൂപ നഷ്ടം വന്നു.

To advertise here,

ആരോഗ്യ വകുപ്പിലെ ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കെ.എം.എസ്. സി. എൽ. ജനറൽ മാനേജരായിരുന്ന എസ്.ആർ. ദിലീപ് കുമാറിനെ പ്രതിയാക്കണമെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് അന്വേഷണത്തിനായി റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

2021 ജൂൺ, ജൂലായ് മാസങ്ങളിലാണ് കൂടിയ വിലയ്ക്ക് ഒരു കോടി ഗ്ലൗസുകൾ വാങ്ങാൻ തീരുമാനിച്ചത്. അഗ്രത അവോൺ എക്സിം എന്ന കമ്പനിയിൽനിന്നാണ് ഗ്ലൗസ് 12.10 രൂപ നിരക്കിൽ വാങ്ങിയത്. കമ്പനിയുമായി ചർച്ചകളോ വിലപേശലോ നടത്തിയിരുന്നില്ല. ഇവർ കാലാവധിക്കുള്ളിൽ മുഴുവൻ സാധനവും എത്തിച്ചില്ലെന്നുപറഞ്ഞ് മറ്റൊരു കമ്പനിയിൽനിന്ന് ഇതേ സമയത്തുതന്നെ 7.72 രൂപയ്ക്കും അടുത്തവർഷം 3.10 രൂപയ്ക്കും ഗ്ലൗസുകൾ വാങ്ങി.

കാർഷിക ഉപകരണങ്ങളുംമറ്റും വിപണനം ചെയ്തിരുന്ന അഗ്രത കമ്പനിക്ക് 12 കോടിയുടെ ഓഡർ നൽകിയതിലും ഒരു സെക്യൂരിറ്റിയുമില്ലാതെ 6,07,50,000 രൂപ മുൻകൂർ നൽകിയതിലും അഴിമതിയുണ്ടെന്നാണ് റിപ്പോർട്ട്. 15 ദിവസത്തിനകം മുഴുവൻ ഗ്ലൗസും എത്തിക്കണമെന്നായിരുന്നു കരാറെങ്കിലും 30 ദിവസം കൊണ്ട് 41,60,000 മാത്രമാണ് എത്തിച്ചത്. 17 ദിവസം പിന്നിട്ടപ്പോൾ പുതിയ ടെൻഡർ ക്ഷണിച്ച് മറ്റൊരു കമ്പനിക്ക് 7.72 രൂപയ്ക്ക് കരാർ നൽകി. ഇതിനുപിന്നാലെ അഗ്രത കമ്പനി മുഴുവൻ ഗ്ലൗസും തിരുവനന്തപുരം, ഏറണാകുളം ഗോഡൗണുകളിൽ എത്തിച്ചു. ഇവ സ്വീകരിച്ച് സൂക്ഷിച്ചശേഷമാണ് സപ്ലൈ ഓഡർ റദ്ദാക്കി കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഉത്തരവിറക്കിയത്. കൂടിയ വിലയ്ക്ക് വാങ്ങിയത് വിവാദമായതോടെയാണ് ഈ നീക്കമെന്നാണ് സംശയം. അതിനാൽ ബാക്കി 6.07 കോടി രൂപ നൽകിയില്ല. ഇതിൽ നിയമനടപടി തുടരുകയാണ്.

കമ്പനി പിന്നീട് നൽകിയ 58,40,000 ഗ്ലൗസുകൾ ഗോഡൗണുകളിൽ ഉപയോഗിക്കാതെ കൂട്ടിയിട്ട് നശിപ്പിച്ചു. അതേസമയം പല കമ്പനികളിൽ നിന്നായി കോടിക്കണക്കിന് ഗ്ലൗസുകൾ വാങ്ങുകയും ചെയ്തു. ഇത്രയും ഗ്ലൗസുകൾ കാലഹരണപ്പെട്ടത് വഴി 7.09 കോടിയുടെ നഷ്ടം സർക്കാരിനുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.