
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ബ്രാന്റിലെ കുഞ്ഞന്‍ മോഡലായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ വാഹനമാണ് സി3 എന്ന ബി സെഗ്മെന്റ് ഹാച്ച്ബാക്ക്. 90 ശതമാനത്തോളം ഇന്ത്യയില്‍ നിര്‍മിച്ചെത്തിയ വാഹനമെന്ന സവിശേഷതയാണ് സി3-യില്‍ നിര്‍മാതാക്കള്‍ ഉയര്‍ത്തി കാട്ടുന്നത്. നിലവില്‍ രണ്ട് പെട്രോള്‍ എന്‍ജിനുകളില്‍ മാത്രം ഇന്ത്യയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ ഇലക്ട്രിക് മോഡലും വിപണിയില്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സിട്രോണിന്റെ ഇലക്ട്രിക് വാഹനം ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മുമ്പുതന്നെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സി3-യെ അടിസ്ഥാനമാക്കിയായിരിക്കും ഇലക്ട്രിക് പതിപ്പ് ഒരുങ്ങുകയെന്നും വരുന്ന ഡിസംബറില്‍ തന്നെ ഈ വാഹനം പ്രദര്‍ശനത്തിനെത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവിലെ സിട്രോണ്‍ സി3-ക്ക് അടിസ്ഥാനമൊരുക്കുന്ന സി.എം.പി.(കോമണ്‍ മോഡുലാന്‍ പ്ലാറ്റ്‌ഫോമം) പ്ലാറ്റ്‌ഫോമിലായിരിക്കും ഇലക്ട്രിക് പതിപ്പും ഒരുങ്ങുകയെന്നാണ് വിവരം.
പ്യൂഷോ യൂറോപ്പില്‍ എത്തിച്ചിട്ടുള്ള ഇലക്ട്രിക് വാഹനമായ ഇ-208 മോഡലിലും സി.എം.പി. മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. 50 കിലോ വാട്ട് ബാറ്ററി പാക്കും 136 പി.എസ്. പവറും 260 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 362 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഇ-208-നുള്ളത്. ഇതേ ബാറ്ററി പാക്ക് ആയിരിക്കും സി3-യുടെ ഇലക്ട്രിക് മോഡലിലും നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
സി3 എന്ന ഹാച്ച്ബാക്ക് മോഡലാണെങ്കിലും ഇലക്ട്രിക് പതിപ്പിലേക്ക് മാറുന്നതോടെ വിലയിലും മറ്റും ടാറ്റ ടിഗോറുമായായിരിക്കും മത്സരിക്കുകയെന്നാണ് വിവരം. ഇതിനുപുറമെ, വേരിയന്റുകള്‍ക്ക് അനുസരിച്ച് വ്യത്യസ്ത ബാറ്ററി പാക്കുകള്‍ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഏറ്റവും അടിസ്ഥാന മോഡലില്‍ 300 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സി3-യുടെ റെഗുലര്‍ മോഡലിനെക്കാള്‍ പ്രീമിയം ഭാവത്തിലായിരിക്കും ഈ വാഹനം എത്തുകയെന്നും വിവരമുണ്ട്.
നിലവില്‍ പെട്രോള്‍ എന്‍ജിനിലാണ് സി3 എത്തിയിരിക്കുന്നത്. 1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് എന്നിവയാണ് അവ. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ 82 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉ്ത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഈ എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 110 പി.എസ്. പവറും 190 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലാണ് ടര്‍ബോ എന്‍ജിനൊപ്പം ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Source: CarDekho
Content Highlights: Citroen will launch electric version of c3 hatchback in india, Citroen C3, Electric Car
Published: 02 Aug 2022, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented