
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച മിഡ്-സൈസ് എസ്.യു.വി. മോഡലായ സി3 എയര്‍ക്രോസ് കേരളത്തില്‍ അവതരിപ്പിച്ചു. ഇന്ത്യക്കായി ഇന്ത്യയില്‍ നിര്‍മിച്ച വാഹനം ഏറ്റവും കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തുന്ന ടര്‍ബോ എന്‍ജിന്‍ മിഡ്-സൈസ് എസ്.യു.വി. തുടങ്ങിയ വിശേഷങ്ങള്‍ക്ക് യോഗ്യമായ ഈ വാഹനത്തിന് 9.99 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് കേരളത്തിലെ എക്‌സ്‌ഷോറും വില.
യു, പ്ലസ്, മാക്‌സ് എന്നീ വേരിയന്റുകളില്‍ എത്തുന്ന സിട്രോണ്‍ സി3 എയര്‍ക്രോസ് അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലാണ് നിരത്തുകളില്‍ എത്തുന്നത്. അഞ്ച് സീറ്റര്‍ അടിസ്ഥാന വേരിയന്റിന് 9.99 ലക്ഷം രൂപയും പ്ലസ് വേരിയന്റിന് 11.34 ലക്ഷം രൂപയും മാക്‌സിന് 11.99 ലക്ഷം രൂപയുമാണ് കേരളത്തിലെ വില. ഏഴ് സീറ്റ് ഓപ്ഷനില്‍ എത്തുന്ന പ്ലസ് വേരിയന്റിന് 11.69 ലക്ഷം രൂപയും മാക്‌സ് വേരിയന്റിന് 12.34 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന വേരിയന്റുകളുടെ ഡ്യുവല്‍ ടോണ്‍ പതിപ്പും എത്തുന്നുണ്ട്.
ആലപ്പുഴ മുഹമ്മയിലെ ലേ ലീല റിസോര്‍ട്ടിലാണ് സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ കേരള ലോഞ്ച് നടന്നത്. ഇ.വി.എം. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഇ.വി.എം. ഓട്ടോക്രാഫ്റ്റ് ഡയറക്ടര്‍ തേജസ് സേവ്യര്‍, ലേ മെയ്‌സണ്‍ സിട്രോണ്‍ ഇ.വി.എം. ഓട്ടോക്രാഫ്റ്റ് സി.ഇ.ഒ. ജി.അംജിത്, സിട്രോണ്‍ ഇന്ത്യ സൗത്ത് ആന്‍ഡ് ഈസ്റ്റ് ആര്‍.എസ്.എം. നിഖില്‍ രാജനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് കേരള വിപണിയില്‍ വാഹനം അവതരിപ്പിച്ചത്.

ഇന്ത്യയിലെ സിട്രോണ്‍ വാഹന നിരയില്‍ നാലാമത്തെ മോഡലായാണ് സി3 എയര്‍ക്രോസ് എത്തിയിരിക്കുന്നത്. 90 ശതമാനവും പ്രാദേശികമായി നിര്‍മിച്ച വാഹനമെന്നതാണ് സി3 എയര്‍ക്രോസിന്റെ സവിശേഷതയായി നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്ക്, മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, എം.ജി. ആസ്റ്റര്‍ തുടങ്ങി മിഡ്-സൈസ് എസ്.യു.വി. വിപണിയില്‍ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനങ്ങളുമായാണ് ഈ മോഡല്‍ മത്സരിക്കുന്നത്.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്റെ കരുത്തുമായാണ് സി3 എയര്‍ക്രോസ് വിപണിയില്‍ എത്തുന്നത്. 110 ബി.എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഈ വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍, ഇതിന്റെ ഓട്ടോമാറ്റിക് വകഭേദം വൈകാതെ തന്നെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുങ്ങുന്നുണ്ട്.
Content Highlights: Citroen C3 Aircross launched in Kerala, Price starts from 9.99 lakhs, Citroen C3 Aircross
Published: 09 Oct 2023, 11:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented