ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (ഭാരത് NCAP) ഫൈവ്-സ്റ്റാർ സുരക്ഷാ റേറ്റിങ് നേടുന്ന ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവിയായി സിട്രോൺ C3 എയർക്രോസ്.

To advertise here,

എസ്‌യുവിയുടെ ഫൈവ്-സീറ്റർ പതിപ്പ് മുതിർന്നവരുടെ സുരക്ഷയിൽ (അഡൾട്ട് ഒക്യുപന്റ് പ്രൊട്ടക്ഷൻ, AOP) 32-ൽ 27.05 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ (ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ COP) 49-ൽ 40 പോയിന്റും നേടി.

1,583 കിലോഗ്രാം ഭാരമുള്ള 1.2-ലിറ്റർ ടർബോ-പെട്രോൾ ഓട്ടോമാറ്റിക് (മാക്സ് 5S) മോഡലാണ് ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ചത്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ അസസ്‌മെന്റിൽ 16-ൽ 11.05 പോയിന്റും സൈഡ് ഇംപാക്ട് ടെസ്റ്റിൽ 16-ൽ 16 പോയിന്റും എയർക്രോസ് നേടി. സൈഡ് പോൾ ഇംപാക്ട് ഇവാലുവേഷനിലും വാഹനംവിജയിച്ചു.

കൂട്ടിയിടികൾക്കിടയിൽ ക്യാബിനിലേക്കുള്ള ആഘാതം കുറയ്ക്കുന്നതിനായി ഉയർന്ന കരുത്തുള്ളതും നൂതനവുമായ അൾട്രാ-ഹൈ-സ്ട്രെങ്ത് സ്റ്റീലും ഉപയോഗിച്ചാണ് എയർക്രോസ് നിർമിച്ചിരിക്കുന്നത്.

എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സൈഡ് കർട്ടൻ എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, കാൽനടയാത്രക്കാരുടെ സംരക്ഷണം, ടയർ പ്രഷർ മോണിറ്ററിങ്, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, 5-സീറ്റർ, 5+2 ലേയൗട്ടുകളിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും എയർക്രോസ് വാഗ്ദാനം ചെയ്യുന്നു. 110 എച്ച്‌പിയും 205 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2-ലിറ്റർ ടർബോ-പെട്രോൾ എൻജിനിലും 84 എച്ച്‌പി കരുത്തുള്ള നാച്ചുറലി ആസ്പിറേറ്റഡ് 1.2-ലിറ്റർ പെട്രോൾ എൻജിനിലും വാഹനം ലഭ്യമാണ്.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. രണ്ട് എൻജിനുകളുമുള്ള ഫൈവ്-സീറ്റർ വേരിയന്റുകൾക്ക് മാത്രമേ ഭാരത് NCAP റേറ്റിങ് ബാധകമാകൂ.