ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള മിഡ്-സൈസ് എസ്.യു.വിയാണ് സി3 എയര്‍ക്രോസ്. 2023 അവസാനത്തോടെ വിപണിയില്‍ അവതരിപ്പിച്ച ഈ വാഹനം മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് എത്തിയിട്ടുള്ളത്. രാജ്യത്തെ മിഡ്‌സൈസ് എസ്.യു.വി. ശ്രേണിയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂടി നല്‍കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. 

To advertise here,

ഓട്ടോമാറ്റിക് മോഡലിന്റെ വരവ് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അവതരണത്തിന് സമയം കുറിച്ചിരിക്കുകയാണ് സിട്രോള്‍. ജനുവരി 29-ന് സി3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് വകഭേദം വിപണയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ട്രാന്‍സ്മിഷന്‍ സംവിധാനത്തിന് പുറമെ, ഈ വരവില്‍ ഏതാനും പുതിയ കണക്ടിവിറ്റി ഫീച്ചറുകളും നല്‍കിയേക്കുമെന്നാണ് വിവരം. പല ഡീലര്‍ഷിപ്പുകളില്‍ ഓട്ടോമാറ്റിക് മോഡലിന് ബുക്കിങ്ങ് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിട്രോള്‍ സി3 എയര്‍ക്രോസിലെ പ്ലസ്, മാക്സ് എന്നീ വേരിയന്റുകളിലായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആയിരിക്കും സി3 എയര്‍ക്രോസില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. നിലവില്‍ ഈ വാഹനത്തിന്റെ ഫൈവ് സീറ്റര്‍ മോഡലിന് 9.99 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഏഴ് സീറ്ററിന് 11.69 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പിന് ഇവയെക്കാള്‍ കൂടുതല്‍ വിലയാകും.

ഇന്ത്യയിലെ സിട്രോണ്‍ വാഹന നിരയില്‍ നാലാമത്തെ മോഡലായാണ് സി3 എയര്‍ക്രോസ് എത്തിയത്. 90 ശതമാനവും പ്രാദേശികമായി നിര്‍മിച്ച വാഹനമെന്നതാണ് സി3 എയര്‍ക്രോസിന്റെ സവിശേഷതയായി നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്ക്, മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, എം.ജി. ആസ്റ്റര്‍ തുടങ്ങി മിഡ്-സൈസ് എസ്.യു.വി. വിപണിയില്‍ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനങ്ങളുമായാണ് ഈ മോഡല്‍ മത്സരിക്കുന്നത്. 

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്റെ കരുത്തുമായാണ് സി3 എയര്‍ക്രോസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 110 ബി.എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മോഡല്‍ മാത്രമാണ് നിലവില്‍ വില്‍പ്പനയിലുള്ളത്. വരാനിരിക്കുന്ന ഓട്ടോമാറ്റികും ആറ് സ്പീഡ് ട്രാന്‍സ്മിഷന്‍ തന്നെയാണ്. മികച്ച സുരക്ഷ സംവിധാനങ്ങളും സിട്രോള്‍ ഈ വാഹനത്തില്‍ ഒരുക്കുന്നുണ്ട്.