വാഹനത്തിന് ഇഷ്ടനമ്പറും ഫാന്‍സി നമ്പറുമൊക്കെ ലഭിക്കുന്നതിന് ലക്ഷങ്ങളും കോടികളും പൊടിക്കുന്ന ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, വാഹനത്തിന്റെ വിലയെക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് നമ്പര്‍ സ്വന്തമാക്കുന്നത് വളരെ ചുരുക്കമാണ്. ഇത്തരത്തിലുള്ള ചുരുക്കം ചില ആളുകളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. അദ്ദേഹത്തിന്റെ പുതിയ റോള്‍സ് റോയിസ് ഗോസ്റ്റിന് എഫ് 9 എന്ന നമ്പര്‍ ലഭിക്കുന്നതിനാണ് അദ്ദേഹം കോടികള്‍ പൊടിച്ചത്. 

To advertise here,

ദുബായിലെ അദ്ദേഹത്തിന്റെ  ഉപയോഗത്തിനായി വാങ്ങിയ റോള്‍സ് റോയിസ് ഗോസ്റ്റ് ആഡംബര വാഹനത്തിനാണ് എഫ് 9 എന്ന നമ്പര്‍ സ്വന്തമാക്കിയത്. പൊതുവെ വലിയ വിലയ്ക്കാണ് ദുബായില്‍ ഒറ്റയക്ക നമ്പറുകള്‍ ലേലത്തില്‍ പോകുന്നത്. ദുബായിലെ ആദ്യ പത്തില്‍ ഇനി ഞാനുമുണ്ട് എന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ വാഹനത്തിന്റെയും അതിനായി തിരഞ്ഞെടുത്ത നമ്പറിന്റെയും വിവരം സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

വൈറ്റ്-ടര്‍ക്കോയിസ് ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലുള്ള ഗോസ്റ്റാണ് ഗെയ്ല്‍ സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയറിനും പൂര്‍ണമായും ടര്‍കോയിസ് നിറമാണ് നല്‍കിയിരിക്കുന്നത്. അത്യാഡംബര വാഹനങ്ങളുടെ വിഭാഗത്തില്‍ വരുന്ന റോള്‍സ് റോയിസ് ഗോസ്റ്റിന് ഇന്ത്യയില്‍ എട്ടുകോടി രൂപയോളമാണ് എക്‌സ്‌ഷോറും വില. നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളുള്ള ഈ വാഹനത്തിന്റെ ഷോറൂം വില മാത്രമാണിത്. ഈ പണത്തിന് പുറമെയാണ് നമ്പറിനായും അദ്ദേഹം കോടികള്‍ പൊടിച്ചിരിക്കുന്നത്. 

കോടികള്‍ നല്‍കിയാണ് ദുബായിയില്‍ ഒമ്പതാം നമ്പര്‍ വാഹന ഉടമകള്‍ സ്വന്തമാക്കുന്നത്. എത്ര പണം ചിലവാക്കിയാണ് നമ്പര്‍ സ്വന്തമാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, മുമ്പ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കാറായ ബുഗാട്ടി ഷിറോണിന് ഒമ്പത് എന്ന നമ്പര്‍ ലഭിക്കുന്നതിനായി 70 ലക്ഷം ഡോളര്‍ (ഏകദേശം 51 കോടി രൂപ) ചെലവാക്കിയ സംഭവം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 25 കോടി രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

വാഹനത്തിന് ഇഷ്ടനമ്പര്‍ ലഭിക്കുന്നതിനായി വാഹനത്തിന്റെ വിലയുടെ ഇരട്ടി തുക മുടക്കുന്ന സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയില്‍ എഫ്1 എന്ന നമ്പറിനായി 132 കോടി രൂപ ചെലവാക്കിയ സംഭവമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇന്ത്യക്കാരനും ദുബായിയിലെ വ്യവസായിയുമായ ബല്‍വീന്ദര്‍ സിങ്ങ് തന്റെ റോള്‍സ് റോയിസിന് ഇഷ്ടനമ്പര്‍ നേടുന്നതിനായി 60 കോടി രൂപ ചെലവാക്കിയത് മുന്‍ വര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

ആഡംബര സംവിധാനങ്ങളുടെ കലവറയായി വിശേഷിപ്പിക്കുന്ന വാഹനമാണ് റോള്‍സ് റോയിസ് ഗോസ്റ്റ്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണ് ഗോസ്റ്റിന്റെ ഹൃദയം. ഈ എന്‍ജിന്‍ 571 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 205 കിലോമീറ്ററാണ്.