അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ വാഹന വിപണികളെക്കാള്‍ വിദേശ വാഹന നിര്‍മാതാക്കളെ ഭ്രമിപ്പിക്കുന്ന വിപണിയാണ് ഇന്ത്യയുടേത്. പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍. രാജ്യാന്തര വാഹന നിര്‍മാതാക്കളെല്ലാം ഒന്നിന് പുറകെ ഒന്നായി ഇന്ത്യയില്‍ എത്തുന്നതും ഈ സാധ്യത കണക്കിലെടുത്താണ്. എംജി മോട്ടോഴ്‌സ്, ബിവൈഡി തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ മറ്റൊരു ചൈനീസ് കമ്പനിയും ഇന്ത്യന്‍ വാഹന വിപണിയില്‍ എത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് വാഹന കമ്പനിയായ ലീപ്പ് മോട്ടോഴ്‌സാണ് ഇന്ത്യന്‍ വിപണിയില്‍ എത്താനൊരുങ്ങുന്നത്. എന്നാല്‍, ലീപ്പ് മോട്ടോഴ്‌സ് ഒറ്റയ്ക്കല്ല എന്നുള്ളതാണ് ഈ വരവിന്റെ പ്രത്യേകത. ഫിയറ്റ്, ജീപ്പ്, സിട്രോണ്‍ ഉള്‍പ്പെടെയുള്ള വാഹന ബ്രാന്‍ഡുകളുടെ മാതൃസ്ഥാപനവും അമേരിക്കന്‍ വാഹന നിര്‍മാതാക്കളുമായ സ്റ്റെല്ലാന്റിസുമായി സഹകരിച്ചാണ് ഈ ചൈനീസ് കമ്പനി ഇന്ത്യയിലേക്ക് എത്തുന്നതെന്നാണ് സൂചനകള്‍.
ലീപ്പ് മോട്ടോഴ്‌സിന്റെ ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമാണ് സ്റ്റെല്ലാന്റിസ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2024-ല്‍ തന്നെ ഇന്ത്യയില്‍ ലീപ്പ് മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു സ്റ്റെല്ലാന്റിസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, വിവിധ കാരണങ്ങള്‍ കൊണ്ടാണ് ഇത് നീണ്ടുപോയത്. ലീപ്പ് മോട്ടോഴിസിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും വാഹനം ഏപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
ലീപ്പ് മോട്ടോഴ്‌സ് ഇന്റര്‍നാഷണല്‍ എന്ന പേരിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം. സ്റ്റെല്ലാന്റിസ്-ലീപ്പ് മോട്ടോഴ്‌സ് എന്ന കമ്പനികള്‍ 51ഃ49 അനുപാതത്തില്‍ രൂപീകരിച്ച സംയുക്ത കമ്പനിയാണിത്. ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് ലീപ്പ് മോട്ടോഴ്‌സ് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനും വില്‍ക്കാനുമുള്ള അനുമതി ഈ കമ്പനിക്കാണ്. ലീപ്പ് മോട്ടോഴ്‌സ് ഇന്ത്യയിലേക്കുള്ള വാഹനനിര ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇലക്ട്രിക് ഹാച്ച്ബാക്ക്, എസ്‌യുവി സെഗ്മെന്റുകളായിരിക്കും ഇവരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
ടാറ്റ ടിയാഗോ ഇവിയുമായി മത്സരിക്കുന്നതിനായി ടി03 എന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് ലീപ്പ് മോട്ടോഴ്‌സ് ഇന്ത്യക്കായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇതിനൊപ്പം തന്നെ സി10 എന്ന പേരില്‍ എത്തിച്ചിട്ടുള്ള ഫൈവ് സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയും ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയേക്കും. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി വിന്‍ഡ്‌സര്‍, വിപണിയില്‍ എത്താനൊരുങ്ങുന്ന മാരുതി ഇ വിത്താര തുടങ്ങിയ മോഡലുകളായിരിക്കും ഈ ശ്രേണിയിലെ എതിരാളുകള്‍.
ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന സികെഡി യൂണിറ്റുകളായി വാഹനങ്ങളെത്തിക്കാനായിരുന്നു ലീപ്പ് മോട്ടോഴ്‌സ് പദ്ധതിയിട്ടിരുന്നത്. സ്റ്റെല്ലാന്റിസിന്റെ രഞ്ജന്‍ഗാവിലുള്ള പ്ലാന്റില്‍ അസംബിള്‍ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, ഇന്ത്യയിലെ വിപണി സാധ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കൂവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രാഥമിക ഘട്ടത്തില്‍ സ്റ്റെല്ലാന്റിസ് ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും ലീപ്പ് മോട്ടോഴ്സിന്റെ വാഹനങ്ങള്‍ എത്തുക.
Content Highlights: Chinese EV maker Leapmotor partners with Stellantis to launch electric hatchbacks and SUVs in India
Published: 26 Apr 2025, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented