ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡിയുടെ പ്രീമിയം ബ്രാൻഡായ ഡെൻസ ഇന്ത്യയിലേക്ക് എത്തുകയാണ്. നവംബർ 13-നാണ് ഡെൻസയുടെ ആദ്യ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. രണ്ട് മോഡലുകളുമായി ഇന്ത്യൻ വാഹന വിപണിയിൽ പ്രവേശിക്കുന്നുവെന്ന് അറിയിച്ചിട്ടുള്ള ഡെൻസ, വരവിനൊരുങ്ങിയിരിക്കുന്ന Z9 GT എന്ന മോഡലിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്.

To advertise here,

സെഡ് 9 ജിടി (Z9 GT) എന്ന ഹൈ-പെർഫോമൻസ് ഫാസ്റ്റ്ബാക്കും ഡി 9 (D9) എന്ന ലക്ഷ്വറി എംപിവിയും ആയിരിക്കും ഡെൻസ ആദ്യം ഇന്ത്യയിൽ എത്തിക്കുകയെന്നാണ് മുൻ സൂചനകൾ. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തായിരിക്കും ഈ വാഹനങ്ങളുടെ വിൽപ്പന. ഇതിൽ Z9 GT മോഡലിന്റെ ടീസറാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

സെഡ് 9 ജിടി എന്ന ഫാസ്റ്റ്ബാക്കാണ് ഡെൻസ ആദ്യം ഇന്ത്യയിലെത്തിക്കുന്ന വാഹനങ്ങളിൽ ഒന്ന്. ഇതിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ഇന്ത്യൻ വിപണിയിലെത്തിക്കുക. 2.9 ടൺ ഭാരമുള്ള വാഹനത്തിന് മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ് (മുൻവശത്ത് ഒന്ന്, പിന്നിൽ രണ്ട്) കരുത്ത് പകരുന്നത്. മണിക്കൂറിൽ 0- 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഇതിന് 2.7 സെക്കൻഡുകൾമാത്രം മതി. പരമാവധി വേഗം മണിക്കൂറിൽ 270 കിലോമീറ്ററാണ്.

റേഞ്ച് 600 കിലോമീറ്ററാണ്. കമ്പനിയുടെ 1,500 കിലോവാട്ട് ഫ്‌ളാഷ് അൾട്രാ ഫാസ്റ്റ് ചാർജിങ് സംവിധാനം ഉപയോഗിച്ച് ജിടിയുടെ 122.5 കിലോവാട്ട് ബാറ്ററി കേവലം ഒൻപത് മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 97 ശതമാനമായി ചാർജ് ചെയ്യാൻ കഴിയും. ജി.ടിക്ക് ഇന്ത്യയിൽ ഏകദേശം 1.2 മുതൽ 1.5 കോടി രൂപവരെ വിലവരുമെന്ന് പ്രതീക്ഷിക്കുന്നു. കൂപെ സ്റ്റൈൽ എസ്യുവി രൂപകൽപ്പനാശൈലി പിന്തുടരുന്നവയാണ് ഫാസ്റ്റ്ബാക്കുകൾ.

Z9 GT-ക്കൊപ്പം എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡെൻസയുടെ എംപിവിയാണ് ഡി 9. എന്നാൽ, ഇന്ത്യയിൽ ഇവി ആയിരിക്കും ആദ്യഘട്ടത്തിൽ എത്തുക. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനത്തിന് വില ഏകദേശം 80 ലക്ഷം രൂപ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ 103 കിലോവാട്ട് ബ്ലേഡ് സെൽ ബാറ്ററിയാണുള്ളത്. 520 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡിസി ഫാസ്റ്റ് ചാർജറിൽ ചാർജിങ് വേഗം 200 കിലോവാട്ട് വരെയാണ്.

2+2+3 ലേ ഔട്ടിലാണ് സീറ്റിങ് ക്രമീകരണം. ഇതിന്റെ സെന്റർ ക്യാപ്റ്റൻ സീറ്റുകൾ പൂർണമായി പവർ അഡ്ജസ്റ്റ്മെന്റ്, ഹീറ്റിംഗ്, വെന്റിലേഷൻ, മസാജറുകൾ എന്നിവയോടൊപ്പം ആംറെസ്റ്റിൽ ഘടിപ്പിച്ച കൺട്രോൾ പാഡുകളും വാഗ്ദാനം ചെയ്യുന്നു. മിഡിൽ റോ യാത്രക്കാർക്ക് മടക്കാവുന്ന ടേബിളുകളും നീട്ടാവുന്ന ലെഗ്-റെസ്റ്റുകളും ആസ്വദിക്കാം. മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം ഡൈനഓഡിയോ (Dynaudio) സൗണ്ട് സിസ്റ്റം, ഫുൾ ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ.