ഇന്ത്യൻ വാഹന വിപണിയിൽ പുത്തൻ നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അൾട്രോസ്. വിപണിയിൽ എത്തി ആറ് വർഷം പിന്നിടുന്ന ഈ വാഹനത്തിന്റെ 3.5 ലക്ഷം യൂണിറ്റ് ഇന്ത്യയിൽ വിറ്റഴിച്ചാണ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. 2020 ജനുവരിയിൽ ഇന്ത്യയിൽ എത്തിയ ഈ വാഹനത്തിന്റെ 3,49,185 യൂണിറ്റ് 2026 സെപ്റ്റംബർ മാസം വരെയുള്ള കാലയളവിൽ വിറ്റഴിച്ചിട്ടുണ്ടെന്നാണ് സിയാം പുറത്തുവിട്ട റിപ്പോർട്ടിൽ അറിയിച്ചിരിക്കുന്നത്.

To advertise here,

ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ കാർ വിൽപ്പനയുടെ 33.78 ശതമാനവും അൾട്രോസ് എന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലിന്റെ സംഭാവനയാണെന്നാണ് റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് മാസങ്ങൾ മുമ്പാണ് ഈ വാഹനം അവതരിപ്പിക്കുന്നത്. എന്നിട്ടുപോലും 2020 സാമ്പത്തിക വർഷത്തിൽ 8458 യൂണിറ്റിന്റെ വിൽപ്പന ഈ വാഹനത്തിന് ലഭിച്ചിരുന്നു. പിന്നീടുള്ള രണ്ട് വർഷങ്ങളിലും വിൽപ്പന 60,000 യൂണിറ്റ് കടക്കുകയും ചെയ്തിരുന്നു.

2023 സാമ്പത്തിക വർഷത്തിൽ അൾട്രോസിന്റെ വിൽപ്പനയിൽ ഏഴ് ശതമാനം കുറവ് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും 2024-ൽ ഇത് മറികടക്കാൻ ടാറ്റയ്ക്ക് സാധിച്ചിരുന്നു. 70,162 അൾട്രോസാണ് 2024 സാമ്പത്തിക വർഷം വിറ്റഴിച്ചത്. അൾട്രോസിന്റെ ഏറ്റവും ഉയർന്ന വിൽപ്പനയായിരുന്നു ഇത്. 2023-ൽ അൾട്രോസിന്റെ സി.എൻ.ജി. മോഡൽ കൂടി എത്തിയത് വിൽപ്പനയ്ക്ക് കുതിപ്പേകാൻ കാരണമായി. ഇന്ത്യയിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 10 വാഹനങ്ങളുടെ പട്ടികയിലും അൾട്രോസ് ഇടംനേടിയിരുന്നു.

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ഡീസൽ എൻജിൻ കരുത്തേകുന്ന ഒരേയൊരു മോഡൽ എന്നതാണ് ഇപ്പോൾ അൾട്രോസിന്റെ പ്രധാന ആകർഷണം. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ സിഎൻജി, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ പുതിയ ടാറ്റ അൾട്രോസ് ലഭ്യമാണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഉണ്ട്.

2020-ൽ എത്തിയ ഈ വാഹനം 2025-ൽ ശ്രദ്ധേയമായ ഒരു മുഖംമിനുക്കൽ നടത്തിയിരുന്നു. ഈ പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്. സ്മാർട്ട്, പ്യൂർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ എത്തുന്ന ഈ വാഹനത്തിന് 6 ലക്ഷം രൂപ മുതൽ 10.75 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. സെഗ്മെന്റിൽ മറ്റ് മോഡലുകൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത ഫീച്ചറുകളും അൾട്രോസിന്റെ ഹൈലൈറ്റാണ്.