വാഹന ലോകത്ത് പുത്തന്‍ വിപ്ലവം സൃഷ്ടിക്കുന്നതിനായി ടെക്ക് ഭീമന്മാരായ ആപ്പിളും വാഹന വ്യവസായത്തിലെ അതികായരായ ഹ്യുണ്ടായിയും കൈക്കോര്‍ക്കുന്നു. ഡ്രൈവറില്ലാതെ ഓടാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായാണ് ഇരുകമ്പനികളും സഹകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറിയന്‍ മാധ്യമമായ ഐ.ടി.ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

To advertise here,

മാര്‍ച്ച് മാസത്തില്‍ ആപ്പിളും ഹ്യുണ്ടായിയും സഹകരണ കരാറില്‍ ഒപ്പുവയ്ക്കും. 2024-ന്റെ തുടക്കത്തില്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2027-ഓടെ ഇലക്ട്രിക് ഓട്ടോണമസ് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ ഹ്യുണ്ടായിയുടെ ഓഹരി മൂല്യം 20 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ഹ്യുണ്ടായിയുടെ അനുബന്ധ കമ്പനിയായ കിയ മോട്ടോഴ്‌സിന്റെ ജോര്‍ജിയയിലെ പ്ലാന്റില്‍ പുതിയ വാഹനം നിര്‍മിക്കുമെന്നും അല്ലെങ്കില്‍ ഇരുകമ്പനികളും അമേരിക്കയില്‍ പുതിയ പ്ലാന്റ് ആരംഭിക്കുമെന്നും സൂചനയുണ്ട്. പ്രതിവര്‍ഷം നാല് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റായിരിക്കും അമേരിക്കയില്‍ ഒരുക്കുക. 2024-ല്‍ ഇവിടെ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കും.

അതേസമയം, ആപ്പിള്‍ കാറിന്റെ ബീറ്റ വേര്‍ഷന്‍ ഹ്യുണ്ടായിയും ആപ്പിളും അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍, ഇത് ആപ്പിള്‍ അധികൃതരോ ഹ്യുണ്ടായി മോട്ടോഴ്‌സോ സ്ഥിരീകരിച്ചിട്ടില്ല. ആപ്പിള്‍, ഓട്ടോണമസ് വാഹനങ്ങളുടെ സാങ്കേതികവിദ്യ വികസിപ്പിക്കാനൊരുങ്ങുന്നതായി അടുത്തിടെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Source: Reuters

Content Highlights: Apple And Hyundai Motors Planning To Alliance For Autonomous Electric Car