ന്ത്യയിലെ വാഹന വിപണിയിൽ ഏറ്റവും വലിയ മത്സരം നടക്കുന്നത് കോംപാക്ട് എസ്‌യുവി ശ്രേണിയിലാണ്. ഓരോ വാഹന നിർമാതാക്കളും ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ഈ ശ്രേണിയിൽ മുൻ നിരയിൽ തന്നെയാണ് ഹ്യുണ്ടായി വെന്യുവിന്റെ സ്ഥാനം. കഴിഞ്ഞ ഏഴ് വർഷമായി നിരത്തുകളിൽ നിറഞ്ഞ് നിൽക്കുന്ന വെന്യു, വിൽപ്പനയിൽ പുതിയ ഉയരങ്ങൾ കീഴടക്കിയതിന്റെ ആഘോഷങ്ങളിലാണ് ഹ്യുണ്ടായി ഇന്ത്യ.

To advertise here,

2019-ൽ ഇന്ത്യയിൽ എത്തിയ വെന്യു എന്ന കോംപാക്ട് എസ്‌യുവിയുടെ വിൽപ്പന എട്ട് ലക്ഷം യൂണിറ്റ് പിന്നിട്ടതായാണ് നിർമാതാക്കളായ ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ക്രെറ്റ കഴിഞ്ഞാൽ ഹ്യുണ്ടായിയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമെന്ന ഖ്യാതിയോടെയാണ് എട്ടുലക്ഷത്തിന്റെ വിൽപ്പന ഈ വാഹനം നേടിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന നേടിയ കോംപാക്ട് എസ്‌യുവികളിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ വെന്യു.

ഇന്ത്യയിൽ മാത്രം വെന്യുവിന്റെ 8,02,221 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ 55,000 യൂണിറ്റാണ് ഇതുവരെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. ഇത് കൂടി പരിഗണിച്ചാൽ വെന്യുവിന്റെ ആകെ വിൽപ്പന 8.5 ലക്ഷത്തിന് മുകളിലാണെന്നും ഹ്യുണ്ടായി ഇന്ത്യ അവകാശപ്പെടുന്നു. 2019-ൽ ഇന്ത്യയിൽ അവതരിപ്പിച്ച വെന്യു എന്ന കോംപാക്ട് എസ്‌യുവിയുടെ രണ്ടാം തലമുറ മോഡലാണ് നിലവിൽ വിപണിയിലുള്ളത്.

ഏഴ് വേരിയന്റുകളാണ് പുതുതലമുറ വെന്യു വിപണിയിൽ എത്തിയിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതൽ 15.69 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. തികച്ചും പുതുമയുള്ള ഡിസൈനും നിരവധി ഫീച്ചറുകളുമാണ് വെന്യുവിനെ എക്കാലത്തും ജനപ്രിയമാക്കുന്നത്. എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്ലാമ്പ്, മസ്‌കുലർ വീൽ ആർച്ചുകൾ, ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രില്ല്, 16 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയി വീലുകൾ, ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയിൽ, ഇൻ-ഗ്ലാസ് വെന്യു എംബ്ലം തുടങ്ങിയവയാണ് വെന്യുവിന്റെ ഡിസൈൻ ഹൈലൈറ്റുകൾ.

പനോരമിക്‌ ഡിസ്‌പ്ലേ എന്ന പുത്തൻ ആശയത്തിൽ ഉടലെടുത്ത സ്‌ക്രീനുകളാണ് രണ്ടാം തലമുറ മോഡലിന്റെ അകത്തളത്തെ വേറിട്ടതാക്കുന്നത്. 12.3 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകളിൽ ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായും പ്രവർത്തിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് അഡ്ജസ്റ്റ് ഡ്രൈവർ സീറ്റ്, 2 സ്റ്റെപ്പ് റിക്ലൈനിങ് റിയർ സീറ്റ്, റിയർ എസി വെന്റ്, റിയർ വിൻഡോ സൺഷെയ്ഡ്, ലെതർ ആവരണം നൽകിയിട്ടുള്ള ആംറെസ്റ്റ് എന്നിങ്ങനെ നീളും മറ്റ് ഫീച്ചറുകൾ.

മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് വെന്യു എത്തിയിരിക്കുന്നത്. 83 പിഎസ് പവറും 114 എൻഎം ടോർക്കുമേകുന്ന 1.2 ലിറ്റർ കാപ്പ പെട്രോൾ, 120 പിഎസ് പവറും 172 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ, 116 പിഎസ് പവറും 250 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ഡീസൽ എന്നിവയാണ് എൻജിനുകൾ. മാനുവൽ, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പുതിയ വെന്യുവിലും നൽകിയിട്ടുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകൾ.