ന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി, വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നു. ജൂൺ ഒന്ന് മുതൽ വാഹനങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ തന്നെ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും എപ്പോൾ മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരികയെന്ന് ഇപ്പോഴാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

To advertise here,

വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയുടെ ഒരു ശതമാനം വർധനവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വിവിധ മോഡലുകൾക്കും വേരിയന്റിനും അനുസരിച്ച് 12,800 രൂപയുടെ വരെ വർധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഗ്രാന്റ് ഐ10 നിയോസ് മുതൽ അയോൺ 5 വരെയുള്ള പത്ത് മോഡലുകളാണ് ഹ്യുണ്ടായി ഇന്ത്യയുടെ വാഹന ശ്രേണിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

ഹ്യുണ്ടായി വാഹനങ്ങൾക്ക് ഈ വർഷം മാത്രം രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. ജനുവരിയിലായിരുന്നു ആദ്യ വില വർധനവ് വരുത്തിയത്. എന്നാൽ, വാഹനങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനയും നിർമാണ ചെലവും കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഈ വില വർധനവ് വരുത്താൻ ഹ്യുണ്ടായി നിർബന്ധിതരായിരിക്കുന്നതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജൂൺ ഒന്ന് മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. മോഡലുകൾക്കും വേരിയന്റുകൾക്കും അനുസരിച്ച് പരമാവധി 30,000 രൂപയുടെ വർധനവാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവും പണപ്പെരുപ്പം സൃഷ്ടിക്കുന്ന സമ്മർദവുമാണ് വില വർധനയ്ക്ക് മാരുതി നൽകുന്ന കാരണങ്ങൾ.