പുതിയ ഫീച്ചറുകളും നിറങ്ങളും നൽകി മീറ്റിയോർ 350യുടെ പുതുക്കിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. ഫയർബോൾ, സ്റ്റെല്ലാർ, അറോറ, സൂപ്പർനോവ എന്നീ നാല് വേരിയൻ്റുകളിലായി ആകർഷകമായ ഏഴ് പുതിയ നിറങ്ങളിലാണ് 2025 മെറ്റിയർ 350 എത്തുന്നത്. 

To advertise here,

ഫയർബോൾ വേരിയന്റ്, ഫയർബോൾ ഓറഞ്ച്, ഫയർബോൾ ഗ്രേ എന്നീ രണ്ട് ഷേഡുകളിൽ ലഭ്യമാണ്. സ്റ്റെല്ലാർ ട്രിമ്മിന് സ്റ്റെല്ലാർ മാറ്റ് ഗ്രേ, സ്റ്റെല്ലാർ മറൈൻ ബ്ലൂ എന്നീ പെയിന്റ് സ്കീമുകൾ ലഭിക്കുന്നു. അതേസമയം, അറോറ വേരിയന്റ്, അറോറ റെട്രോ ഗ്രീൻ, അറോറ റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ടോപ്പ്-സ്പെക്ക് സൂപ്പർനോവ ട്രിം, സൂപ്പർനോവ ബ്ലാക്ക് എന്ന ഒരൊറ്റ പെയിന്റ് സ്കീമിൽ മാത്രമാണ് ലഭിക്കുക.

ഫയർബോൾ, സ്റ്റെല്ലാർ വേരിയന്റുകൾക്ക് മോണോടോൺ പെയിന്റ് ഓപ്ഷനുകളാണുള്ളത്. അതേസമയം അറോറ ട്രിമ്മിന് ഡ്യുവൽ-ടോൺ ഫിനിഷാണ് നൽകിയിരിക്കുന്നത്. സൂപ്പർനോവ വേരിയന്റിന് ട്രിപ്പിൾ-ടോൺ ഫിനിഷിനൊപ്പം, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, ടൂറിങ് സീറ്റുകൾ, മെഷീൻഡ് അലോയ്‌കൾ തുടങ്ങിയ സ്റ്റാൻഡേർഡ് ആക്‌സസറികളും ലഭിക്കുന്നു.

എൽഇഡി ഹെഡ്‌ലൈറ്റുകൾ, ട്രിപ്പർ നാവിഗേഷൻ പോഡ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് പോർട്ട്, അസിസ്റ്റ്-ആൻഡ്-സ്ലിപ്പ് ക്ലച്ച്, അഡ്ജസ്റ്റ് ചെയ്യാവുന്ന ലിവറുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ബേസ് മോഡലായ ഫയർബോൾ വേരിയൻ്റിൽ പോലും മികച്ച സൗകര്യങ്ങളുണ്ട്.

20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും നൽകുന്ന 349 സിസി ജെ-സീരീസ് എൻജിനാണ് മീറ്റിയോർ 350ക്ക് കരുത്ത് നൽകുന്നത്. ട്രാക്ടബിലിറ്റിക്ക് പേരുകേട്ട ഈ എൻജിൻ സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നു. കൂടാതെ മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുണ്ട്.