വിഷൻ സിഇ സെൽഫ് ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടർ ബിഎംഡബ്ല്യൂ ഇന്ത്യയിൽ എത്തിച്ചേക്കും. കമ്പനി ഇന്ത്യയിൽ ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തതായി ഓട്ടോകാർ ഇന്ത്യ റിപ്പോർട്ടു ചെയ്തു. സവിശേഷതകൾ ഏറെയുള്ള ഇരുചക്ര വാഹനത്തിന് സാധ്യത കണക്കാക്കപ്പെടുന്ന വിപണിയായി ജർമ്മൻ വാഹന നിർമ്മാതാക്കൾ ഇന്ത്യയെ പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.

To advertise here,

2025-ലാണ് വിഷൻ സിഇ ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം വിപണികളിലും അത് പേറ്റന്റ് ചെയ്തിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ അർബൻ ഇലക്ട്രിക് മൊബിലിറ്റി കാഴ്ചപ്പാട് പിന്തുടരുന്നതാണ് ഈ വാഹനം. പേറ്റന്റ് ഫയൽ ചെയ്തുവെങ്കിലും ഇന്ത്യയിൽ ഉടൻതന്നെ വാഹനം എത്തും എന്നല്ല അതിന്റെ അർഥം.

ഹെൽമെറ്റ് ആവശ്യമില്ല

ഒരു മെറ്റൽ ട്യൂബുലാർ കേജിന് ചുറ്റും നിർമ്മിച്ച സുരക്ഷാ കവചമാണ് വിഷൻ സിഇയുടെ പ്രധാന സവിശേഷത. സീറ്റ്ബെൽറ്റ് ഉള്ളതിനാൽ ഹെൽമെറ്റോ റൈഡിങ് ഗിയറോ ആവശ്യമില്ലെന്ന് ബിഎംഡബ്ല്യു പറയുന്നു.

കാൽ നിലത്ത് കുത്തേണ്ട

വാഹനം നിർത്തുമ്പോൾ സ്വയം ബാലൻസ് ചെയ്യാനും ഇതിന് കഴിയും. അതിനാൽ റൈഡർ കാൽ നിലത്തു കുത്തേണ്ടി വരുന്നില്ല. ഇതിന് പുറമെയുള്ള വാഹനത്തിന്റെ സവിശേഷതകൾ ബിഎംഡബ്ല്യു പുറത്തുവിട്ടിട്ടില്ല. മലനീകരണം ഉണ്ടാക്കാത്ത ഇലക്ട്രിക് വാഹനമാണെന്ന വിവരം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. താഴ്ന്ന ഡിസൈനും നീളമുള്ള വീൽബേസും ഇതിന്റെ സവിശേഷതകളാണ്.

ബിഎംഡബ്ല്യു മോട്ടോർറാഡ് ഇതിനകം തന്നെ സിഇ 04 ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ വിൽക്കുന്നുണ്ട്, ഇതിന് 15.25 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. എന്നാൽ ഗ്ലോബൽ മാർക്കറ്റുകളിൽ പോലും വിഷൻ സിഇ എപ്പോഴാണ് ഉത്പാദനത്തിലേക്ക് കടക്കുക എന്നതിനെക്കുറിച്ച് ബിഎംഡബ്ല്യു മോട്ടോർറാഡ് ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല.