ഇന്ത്യൻ വിപണിയിൽ മറ്റൊരു ഇലക്ട്രിക് വിപ്ലവവുമായി ഒബെൻ ഇലക്ട്രിക്. ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ പറ്റുന്ന റോർ ഇവോയെ ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായാണ് ഒബെൻ അവതരിപ്പിച്ചത്.
1.25 ലക്ഷം രൂപയാണ് എക്സ് ഷോ റൂം വില. എന്നാൽ, ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേർക്ക് 99,999 രൂപയ്ക്ക് ലഭിക്കും. നിലവിൽ റോർ ഇവോ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂൺ മാസത്തിൽ വാഹന ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരന് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് സ്പോർട്ടി ഇലക്ട്രിക് ബൈക്കിന്റെ രൂപകൽപ്പന. ഇലക്ട്രിക് ബൈക്ക് രംഗത്ത് ഇത് വലിയൊരു കുതിപ്പാകുമെന്നാണ് കരുതപ്പെടുന്നത്.
നാല് കളർ വേരിയന്റുകളാണ് നിലവിൽ അവതരിപ്പിച്ചിട്ടുള്ളത്. പൾസ് റെഡ്, ന്യൂട്രോൺ ബ്ലൂ, മാഗ്നറ്റിക് ബ്ലാക്ക്, ഫോട്ടോൺ വൈറ്റ് എന്നീ കളർ വേരിയന്റുകളാണ് നിലവിലുള്ളത്. 9 കിലോ വാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് റോർ ഇവോയുടെ കരുത്ത്. സിംഗിൾ സ്റ്റേജ് ചെയിൻ ഡ്രൈവ് സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർവരെ വേഗത കൈവരിക്കാനാകും. മണിക്കൂറിൽ 110 കിലോമീറ്ററാണ് ഒബെൻ റോർ ഇവോയുടെ പരമാവധി വേഗത.
3.5 kWh ശേഷിയുള്ള എൽഎഫ്ടി ബാറ്ററി പാക്കാണ് റോർ ഇവോയിൽ ഘടിപ്പിച്ചിട്ടുള്ളത്. ഒറ്റത്തവണ ചാർജിൽ 180 കിലോമീറ്റർ ദൂരം ഓടുമെന്നാണ് കമ്പനി അവകാശവാദം. ദീർഘദൂര യാത്രകൾക്കും ഹ്രസ്വയാത്രകൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് നിർമ്മാണം.
ഫാസ്റ്റ് ചാർജിങ് സൗകര്യവും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്. കമ്പനിയുടെ ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 90 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. സ്മാർട്ഫോൺ കണക്ടിവിറ്റി, നാവിഗേഷൻ, റൈഡ് ഡാറ്റ, കോൾ-മെസ്സേജ് അലർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് മറ്റൊരു ആകർഷണം.
സ്മാർട്ട് ഐക്യു എന്ന പേരിൽ എഐ റൈഡ് മോഡലും കമ്പനി റോർ ഇവോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഴ്ച തിരിച്ചറിഞ്ഞ് അടിയന്തര സന്ദേശം അയക്കുന്ന ഫാൾ ഡിറ്റക്ഷൻ സംവിധാനം മറ്റൊരു പ്രത്യേകതയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഒബെൻ റോർ ഇവോ വിപണിയിലെത്തിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അർബൻ മേഖലയിൽ കൂടുതൽ ഔട്ട് ലെറ്റുകൾ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
Content Highlights: Introductory price of ₹99,999 for first 10,000 bookings, 180km range on a single charge with 3.5kWh LFP battery, Top speed of 110 km/h with 0-40 km/h in 3 seconds, Fast charging: 0-80% in 90 minutes, AI-powered Smart IQ features and fall detection
Published: 02 May 2026, 02:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented