ബ്രിട്ടീഷ് സൈന്യവുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്. സഹകരണത്തിന്റെ ഭാഗമായി, പരിശീലന ആവശ്യങ്ങൾക്കായി നാല് ഹിമാലയൻ 450 മോട്ടോർസൈക്കിളുകൾ സൈനികർക്ക് നൽകി. വിവിധ അഭ്യാസങ്ങളിൽ പരിശീലനം നേടുന്നതിനായി ബ്രിട്ടീഷ് ആർമി മോട്ടോറൈസ്ഡ് അഡ്വഞ്ചർ (AMA) ഗ്രൂപ്പിനാണ് നിർമാതാക്കൾ ഈ മോട്ടോർസൈക്കിളുകൾ കൈമാറിയത്. EX മഡ്മാസ്റ്റർ, EX റോഡ്മാസ്റ്റർ തുടങ്ങിയ പരിശീലന പരിപാടികളിൽ AMA ഗ്രൂപ്പ് ഈ ബൈക്കുകൾ ഉപയോഗിക്കും. 

To advertise here,

റോയൽ എൻഫീൽഡും ബ്രിട്ടീഷ് സൈന്യവും തമ്മിലുള്ള ബന്ധം ഒന്നാം ലോകമഹായുദ്ധ കാലം മുതലുള്ളതാണ്. 1914 മുതൽ ബ്രിട്ടീഷ് സൈന്യം റോയൽ എൻഫീൽഡ് വാഹനങ്ങളെ ആശ്രയിക്കുന്നുണ്ട്. അക്കാലത്ത് ബ്രാൻഡ് സൈനിക മോട്ടോർസൈക്കിളുകൾ വിതരണം ചെയ്തിരുന്നു. യുദ്ധത്തിലുടനീളം ഉപയോഗിച്ചിരുന്ന 'ഫ്ലയിംഗ് ഫ്ലീ' ബൈക്കും ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ ചരിത്രത്തിൽ റോയൽ എൻഫീൽഡിനുള്ള പ്രധാന സ്ഥാനം ഹിമാലയൻ 450-ലൂടെ  തുടരുകയാണിപ്പോൾ.

യാത്ര ചെയ്യാനും മികച്ച ഓഫ്-റോഡ് കഴിവുകൾ വികസിപ്പിക്കാനും സൈനികരുടെ ആത്മവിശ്വാസം വളർത്താനും ഈ ബൈക്കുകൾ സഹായിക്കുമെന്ന് ലെഫ്റ്റനന്റ് കേണൽ നിക്ക് ഫൗൾട്ടൺ പറഞ്ഞു. കരുത്തുറ്റ ഒരു ഇന്ത്യൻ നിർമിത വാഹനത്തിലുള്ള യഥാർഥ പരിശീലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോയൽ എൻഫീൽഡ് ഹിമാലയൻ 450 അതിൻ്റെ ഓഫ്-റോഡ് കഴിവുകളും മിഡിൽ-വെയ്റ്റ് അഡ്വഞ്ചർ ടൂറർ ഡിസൈനും കാരണം ബ്രിട്ടീഷ് സൈന്യത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. പുതിയ തലമുറ ലിക്വിഡ്-കൂൾഡ് എഞ്ചിൻ, കരുത്തുറ്റ ഷാസി, ലോങ്-ട്രാവൽ സസ്‌പെൻഷൻ എന്നിവ ഇതിനെ വിവിധ തരം ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമാക്കുന്നു

39 എച്ച്പി കരുത്തും 40 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 452 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എൻജിനാണ് പ്രകടനത്തിന് കരുത്തേകുന്നത്. വാഹനത്തിന്റെ പ്രധാന ശക്തി മികച്ച മിഡ്-റേഞ്ച് ടോർക്കാണ്. ഇത് ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായതും സുഗമവും നിയന്ത്രിക്കാൻ എളുപ്പമുള്ളതുമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു.

സ്റ്റീൽ ട്വിൻ-സ്പാർ ട്യൂബുലാർ ഫ്രെയിമിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 നിർമിച്ചിരിക്കുന്നത്. ട്വിൻ-സൈഡഡ് സ്വിങ് ആം ഉപയോഗിക്കുന്ന ഇതിൽ, ഷോവയിൽ നിന്നുള്ള പുതിയ സസ്പെൻഷൻ സംവിധാനമാണുള്ളത്. മുന്നിലും പിന്നിലും 200 എംഎം ട്രാവൽ വാഗ്ദാനം ചെയ്യുന്ന ഈ സംവിധാനത്തിൽ 43 എംഎം അപ്‌സൈഡ്-ഡൗൺ ഫോർക്കുകളും ലിങ്ക്-ടൈപ്പ് റിയർ മോണോഷോക്കും ഉൾപ്പെടുന്നു. മുന്നിൽ 320 എംഎം, പിന്നിൽ 270 എംഎം എന്നിങ്ങനെയുള്ള നവീകരിച്ച റോട്ടറുകളാണ് ബ്രേക്കിങ് സംവിധാനത്തിലുള്ളത്.