ന്യൂഡൽഹി: കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. ജൂൺ 30ന് അദ്ദേഹം ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ലെഫ്. ജനറൽ ധീരജ് സേത്തിന്റെ നിയമനം.

To advertise here,

കരസേനാ ഉപമേധാവിയായിരുന്നു അദ്ദേഹം. ഏപ്രിൽ ഒന്നിനാണ് കരസേനാ ഉപമേധാവിയായി ധീരജ് സേത്ത് ചുമതലയേറ്റത്‌.

പുണെയിലെ ഖഡക്വാസ്ലയിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. 1986 ഡിസംബറിൽ അദ്ദേഹം ആർമേർഡ് കോർപ്സിൽ കമ്മീഷൻ ചെയ്യപ്പെട്ടു. ആർമേർഡ് റെജിമെന്റിനെയും, ആർമേർഡ് ബ്രിഗേഡിനെയും, ജമ്മു കശ്മീരിൽ ഒരു കൗണ്ടർ ഇൻസർജൻസി ഫോഴ്സിനെയും അദ്ദേഹം കമാൻഡ് ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ, അദ്ദേഹം സുദർശൻ ചക്ര കോർപ്സിനെയും പിന്നീട് ഡൽഹി ഏരിയയിൽ ജനറൽ ഓഫീസർ കമാൻഡിംഗായി സേവനമനുഷ്ഠിച്ചു. സുപ്രധാന ദേശീയ, അന്തർദേശീയ ഇടപെടലുകൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.