ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ജനപ്രിയ 125 സിസി കമ്യൂട്ടർ ബൈക്കായ ഗ്ലാമറിന്റെ പുതുക്കിയ പതിപ്പായ ഗ്ലാമർ എക്സ് കഴിഞ്ഞദിവസമാണ് അവതരിപ്പിച്ചത്. പുതിയ സ്റ്റൈലിങും ഫീച്ചറുകളും നൽകിയാണ് പുത്തൻ ഗ്ലാമർ എത്തിയത്. കടുത്ത മത്സരമുള്ള 125 സിസി വിഭാഗത്തിൽ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ഹീറോയുടെ ലക്ഷ്യം.
ഈ വിഭാഗത്തിൽ ശക്തമായ സാന്നിധ്യമുള്ള ടിവിഎസ് റൈഡർ 125 ആണ് ഗ്ലാമർ എക്സിന്റെ പ്രധാന എതിരാളികളിൽ ഒന്ന്. ഈ മോഡലുകളിൽ ഏത് വാങ്ങണം എന്ന ആശയക്കുഴപ്പത്തിലാണെങ്കിൽ ഇവ രണ്ടും ഒന്നു താരതമ്യം ചെയ്യാം. ചിലപ്പോൾ ഇത് നിങ്ങൾക്ക് എളുപ്പത്തിൽ തീരുമാനമെടുക്കാൻ സഹായിച്ചേക്കാം.
എൻജിനും പ്രകടനവും
ഗ്ലാമർ എക്‌സിന് കരുത്തേകുന്നത് 124.7 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ്. ഇത് 11.39 എച്ച്‌പി പവറും 10.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് ഗിയർബോക്സാണുള്ളത്. എക്സ്ട്രീം 125R-ൽ ഉപയോഗിച്ചിരിക്കുന്ന അതേ എൻജിനാണിത്. റൈഡർ 125-ൽ 124.8 സിസി എൻജിനാണുള്ളത്. ഇത് 11.22 എച്ച്‌പി പവറും അല്പം ഉയർന്ന 11.2 എൻഎം ടോർക്കും നൽകുന്നു. ഇതും 5-സ്പീഡ് യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു.
അളവുകളും റൈഡ് സെറ്റപ്പും
ഗ്ലാമർ എക്‌സിന് 125.5 കിലോഗ്രാം ഭാരവും 170 എംഎം ഗ്രൗണ്ട് ക്ലിയറൻസും 790 എംഎം സീറ്റ് ഹൈറ്റുമുണ്ട്. റൈഡറിന് ഭാരം കുറവാണ് (123 കിലോഗ്രാം). കൂടാതെ 180 എംഎം എന്ന മികച്ച ഗ്രൗണ്ട് ക്ലിയറൻസും 780 എംഎം എന്ന അല്പം കുറഞ്ഞ സീറ്റ് ഹൈറ്റുമാണുള്ളത്.
വീലുകളും സസ്പെൻഷനും
ഹീറോ ഗ്ലാമർ എക്സിൽ 18 ഇഞ്ച് വീലുകളും (മുൻവശത്ത് 80/100, പിൻവശത്ത് 100/80) ടെലിസ്കോപ്പിക് ഫോർക്കും 5-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ സസ്പെൻഷനുമാണ് നൽകിയിട്ടുള്ളത്. റൈഡറിന് 17 ഇഞ്ച് വീലുകളും (മുൻവശത്ത് 80/100, പിൻവശത്ത് 100/90) മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിൻവശത്ത് മോണോ-ഷോക്കുമാണ് വാഗ്ദാനം ചെയ്യുന്നത്.
ഫീച്ചറുകൾ
4.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, റൈഡ്-ബൈ-വയർ ടെക്നോളജി, മൂന്ന് റൈഡ് മോഡുകൾ, പാനിക് ബ്രേക്ക് അലേർട്ട്, ഓൾ-എൽഇഡി ലൈറ്റിങ് സെറ്റപ്പ് എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകൾ ഗ്ലാമർ എക്സിലുണ്ട്. ക്രൂയിസ് കൺട്രോൾ ഫീച്ചർ ലഭിക്കുന്ന ആദ്യത്തെ 125 സിസി ബൈക്ക് എന്ന ഖ്യാതിയും ഗ്ലാമർ എക്സിന് സ്വന്തമാണ്.
വോയ്‌സ് പ്രോംപ്റ്റുകളോടുകൂടിയ ടേൺ-ബൈ-ടേൺ നാവിഗേഷൻ, വെതർ അപ്‌ഡേറ്റുകൾ, ട്രിപ്പ് റിപ്പോർട്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന നെഗറ്റീവ് എൽസിഡി ഡിസ്‌പ്ലേയാണ് റൈഡർ 125-ൻ്റെ പ്രത്യേകത. കൂടാതെ എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ-ലാമ്പും ഇതിലുണ്ട്.
വില
ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ഹീറോ ഗ്ലാമർ എക്സ് സ്വന്തമാക്കാം. ഇവയ്ക്ക് യഥാക്രമം 89,999 രൂപയും 99,999 രൂപയുമാണ് എക്സ്-ഷോറൂം വില. എസ്എക്സ്, എസ്എസ്ഇ, ഐഗോ, സ്പ്ലിറ്റ് സീറ്റ്, സിംഗിൾ സീറ്റ്, ഡ്രം എന്നിങ്ങനെ ആറ് പ്രധാന വേരിയന്റുകളിൽ ടിവിഎസ് റൈഡർ ലഭ്യമാണ്. 87,375 രൂപ മുതൽ 1.02 ലക്ഷം രൂപ വരെയാണ് ഇതിൻ്റെ എക്സ്-ഷോറൂം വില.
Content Highlights: Comparing the new Hero Glamour X with the TVS Raider 125: engine, features, price, and which 125cc b
Published: 25 Aug 2025, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented