യൂറോപ്പിന്റെ സംഗീതമത്സര മാമാങ്കമായ ‘യൂറോവിഷനു’ ബദലായി സോവിയറ്റ്കാല സംഗീതമത്സരമായ ‘ഇന്റർവിഷൻ’ പുനരുജ്ജീവിപ്പിച്ച് റഷ്യ. ശനിയാഴ്ച മോസ്കോയിൽ ഇന്റർവിഷന് തുടക്കമാകും. റഷ്യക്കൊപ്പം ബ്രിക്സ് കൂട്ടായ്മയിൽ അംഗങ്ങളായ ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽനിന്നുള്ള ഗായകർ പങ്കെടുക്കും.

To advertise here,

യൂറോവിഷന്റെ പോപ്പ് സംസ്കാരത്തിൽനിന്നു വിഭിന്നമായി, പാരമ്പര്യമൂല്യങ്ങളിൽ ഊന്നിയ ദേശഭക്തിഗീതങ്ങൾക്കാണ് ‘ഇന്റർവിഷൻ’ പ്രാധാന്യം നൽകുന്നത്. ഇന്ത്യൻ നടി സ്റ്റെഫി പട്ടേൽ, ചൈനീസ് കലാകാരൻ ലേ എന്നറിയപ്പെടുന്ന മെങ് ലെയി എന്നിവരാണ് മത്സരത്തിന്റെ അവതാരകർ.

കശ്മീരിഗായകൻ റൗഹാൻ മാലിക് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യും. യുക്രൈൻയുദ്ധഗാഥകൾ പാടുന്ന ഗായകൻ ഷാമാനാണ് റഷ്യക്കായി മത്സരിക്കുന്നത്. അമേരിക്കൻ ഗായകൻ ബ്രാൻഡൻ ഹൊവാർഡ് എത്തുമെന്ന് അറിയിച്ചെങ്കിലും പിന്മാറി.

യൂറോവിഷനിൽ അംഗമായിരുന്ന റഷ്യയെ യുക്രൈൻയുദ്ധത്തിന്റെ പേരിൽ 2022-ൽ വിലക്കി. ‘ഇൻർവിഷൻ’ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവ് അക്കൊല്ലംതന്നെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഇറക്കിയെങ്കിലും ഇപ്പോഴാണ് പരിപാടി യാഥാർഥ്യമാകുന്നത്.

സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടി ഫസ്റ്റ് സെക്രട്ടറിയായിരുന്ന ലിയോണിഡ് ബ്രഷ്നേവ് ‘യൂറോവിഷന്’ മറുപടിയായി 1960-തുകളിൽ ആരംഭിച്ചതാണ് ‘ഇന്റർവിഷൻ.’ ക്യൂബയുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് സഖ്യകക്ഷികളാണ് ഇതിൽ പങ്കെടുത്തിരുന്നത്.