കാൽനടയാത്ര പോലും ദുഷ്‌കരം

To advertise here,

മാന്നാർ : ജലജീവൻ പദ്ധതിയിൽ കുടിവെള്ള പൈപ്പിട്ടശേഷം ശരിയായ രീതിയിൽ കുഴികൾ മൂടാത്തതുമൂലം അപകടക്കെണിയായിമാറിയ പാതയോരങ്ങളിൽ പരിഹാരമായി ആരംഭിച്ച കൊരുപ്പുകട്ട പാകൽ ജോലികൾ ഒരുവർഷം പിന്നിടുമ്പോഴും പൂർത്തിയായില്ല. പൈപ്പുകളിട്ടശേഷം പൂർവസ്ഥിതിയിലാക്കാമെന്ന് ജല അതോറിറ്റിയും പൊതുമരാമത്തധികൃതരുമായി കരാർചെയ്ത ശേഷമാണ് ഓരോ പ്രദേശങ്ങളിലും പൈപ്പിടാൻ കുഴിയെടുക്കുന്നത്. എന്നാൽ, പ്രവൃത്തികൾ ചെയ്യുന്നതിനുള്ള നടപടി നീളുന്നത് പലപ്പോഴും റോഡ് പൂർവസ്ഥിതിയിലാകുന്നതിനു തടസ്സമാകുന്നു. മാന്നാർ പ്രദേശത്ത് പൈപ്പുകളിട്ട് രണ്ടുവർഷത്തോളം കഴിഞ്ഞാണ് പുനർനിർമാണ ജോലികളാരംഭിച്ചത്.

ഈ അപകടക്കുഴികൾക്കു പരിഹാരമായി കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ മാന്നാർ പരുമലക്കടവ് മുതൽ കോയിക്കൽമുക്കിനു തെക്ക് നാലാംമൈൽ വരെയുള്ള ഏകദേശം നാലു കിലോമീറ്ററോളം വരുന്ന ഈ അപകടക്കുഴികൾക്കു പരിഹാരമായി 2025 ഓഗസ്റ്റിലായിരുന്നു പൊതുമരാമത്തുവകുപ്പ് നിരത്തുവിഭാഗം മാന്നാർ സെക്‌ഷന്റെ മേൽനോട്ടത്തിൽ കൊരുപ്പുകട്ടപാകൽ ആരംഭിച്ചത്. തൃക്കുരട്ടി ജങ്ഷൻ മുതൽ പരുമലക്കടവിനു വടക്കുവരെയായിരുന്നു ആദ്യഘട്ട ജോലികളാരംഭിച്ചത്. കുഴിയെടുത്ത് ഒന്നേകാൽ മീറ്റർ വീതിയിൽ മണ്ണുനിറച്ച് കൊരുപ്പുകട്ട പാകൽ പ്രവൃത്തികൾ തുടക്കത്തിൽത്തന്നെ ഇഴഞ്ഞിഴഞ്ഞായിരുന്നു.

ഓണസമയത്തായതിനാൽ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പ്രവൃത്തികൾ ഓണംകഴിയുന്നതുവരെ മാറ്റിവെക്കണമെന്ന് മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടതിൻപ്രകാരം നിർത്തിവെച്ച കൊരുപ്പുകട്ടപാകൽ പിന്നീട് ഒന്നരമാസത്തിനു ശേഷമാണ് പുനരാരംഭിച്ചത്. അതിനുശേഷം തെക്കോട്ട് കുറ്റിയിൽ മുക്കുവരെയുള്ള ഭാഗവും തുടർന്ന് നായർസമാജം സ്കൂൾ ഭാഗം, ഗവ. ആശുപത്രി ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം ആറുമാസത്തിലധികമെടുത്താണ് കൊരുപ്പുകട്ട പാകിയത്. ചിലയിടങ്ങളിൽ താഴ്ചയുള്ളതിനാൽ മഴവെള്ളം കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്. ഇടയ്ക്കിടെ പണികൾ നിർത്തിവെക്കുന്നതിനാൽ കുഴികളിൽവീണ് നിരവധി അപകടങ്ങളും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്.