മണൽഖനന യന്ത്രത്തിൽനിന്ന് ഊരിയ പൈപ്പ് തടസ്സമായി
പൂച്ചാക്കൽ : വൈക്കം-തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ലക്ഷ്യ ബോട്ട് തവണക്കടവു ഭാഗത്ത് ബോട്ടുചാലിലുണ്ടായ തടസ്സംമൂലം രണ്ടുമണിക്കൂറോളം കായലിൽ കുടുങ്ങി. വൈക്കത്തുനിന്നു പുറപ്പെട്ട ബോട്ട് തവണക്കടവിലേക്കു പോകാൻ കഴിയാതെ നാലു കിലോമീറ്റർ മാറി മാക്കേക്കടവിൽ അടുപ്പിക്കേണ്ടിവന്നു. കായലിൽ പായൽക്കൂട്ടത്തിനിടയിൽ മണൽഖനനത്തിന് ഉപയോഗിക്കുന്ന പൈപ്പ് യന്ത്രത്തിൽനിന്ന് ഊരിപ്പോയി കുറുകേ കിടന്നതുമൂലമാണ് ബോട്ടിനു മുന്നോട്ടുപോകാൻ കഴിയാതായത്. പായൽക്കൂട്ടം മൂലം ബോട്ട് മാക്കേക്കടവുവരെ എത്തിക്കുന്നതിനും പ്രയാസപ്പെട്ടു. പിന്നാലെ വന്ന സോളാർ ബോട്ടും മാക്കേക്കടവിലാണ് അടുത്തത്.
വൈക്കത്തുനിന്നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പുറപ്പെട്ട ഈ ബോട്ടുകൾ തവണക്കടവിൽ അടുപ്പിക്കാൻ കഴിയാതെ വൈകീട്ട് അഞ്ചുമണിയോടെയാണ് മാക്കേക്കടവിലെ പഴയ ചങ്ങാടജെട്ടിയിൽ അടുപ്പിച്ചത്. വൈക്കത്തുനിന്ന് തവണക്കടവ് മേഖലയിൽ പായൽക്കൂട്ടത്തിനിടയിലൂടെ എത്തിയ ബോട്ട് മുന്നോട്ടു കൊണ്ടുപോകാൻ ജീവനക്കാർ ഏറെ സമയം ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, പള്ളിപ്പുറം പള്ളിക്കടവ് ജെട്ടിയിൽ അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും പായൽശല്യം മൂലം അതും നടന്നില്ല. പിന്നീട് വടക്കോട്ടുപോയി മാക്കേക്കടവ് ജെട്ടിയിൽ അടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് ബോട്ടിനുള്ളിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസമായത്. യാത്രക്കാരുടെ ബന്ധുക്കൾ പള്ളിപ്പുറം പള്ളിക്കടവ് ജെട്ടിയിലും മാക്കേക്കടവ് ജെട്ടിയിലും കാത്തുനിൽക്കുന്നുണ്ടായിരുന്നു.
കായൽമണൽ ഡ്രെജ്ജിങ്ങിനു കൊണ്ടുവന്ന പൈപ്പ് ഡ്രെജ്ജിങ് യന്ത്രത്തിൽനിന്നും ഊരിപ്പോയാണ് ബോട്ടുചാലിൽ എത്തിയത്. ഏതാനും മാസങ്ങളായി കായലിൽ പള്ളിപ്പുറം ഭാഗത്ത് ഡ്രെജ്ജിങ് നടന്നുവരുന്നുണ്ട്. ഖനനം ചെയ്യാനുള്ള സ്ഥലം തവണക്കടവുഭാഗത്ത് അളന്നുതിരിച്ചു നൽകിയിരിക്കുകയാണ്.
വൈകീട്ട് അഞ്ചുമണിയോടെ ചേർത്തലയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ബോട്ട് ജീവനക്കാരും ചേർന്ന് പൈപ്പ് മുറിച്ചുമാറ്റിയതോടെ ബോട്ട് ഗതാഗതം പുനഃസ്ഥാപിച്ചതായി വൈക്കം ബോട്ട് സ്റ്റേഷൻ മാസ്റ്റർ കെ.വി. സുരേഷ് പറഞ്ഞു. മൂന്നു ബോട്ടുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേമ്പനാട്ടുകായലിൽ പായലിന്റെ തള്ളിക്കയറ്റം രൂക്ഷമായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ തവണക്കടവുഭാഗത്ത് പായൽ നിറഞ്ഞിരുന്നു.ഇതോടെ ബോട്ട് സർവീസ് താറുമാറായി.ബോട്ടുകൾക്ക് സമയക്രമം പാലിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് വൈക്കം, തവണക്കടവ് ബോട്ടുജെട്ടികളിൽ യാത്രക്കാർ വലഞ്ഞു. കാറ്റും കോളുമുള്ള സമയമായിരുന്നതിനാൽ യാത്രക്കാർ ഭീതിയിലായിരുന്നു.ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ. ബിനിമോൻ എം.എൽ.എ., പള്ളിപ്പുറം പഞ്ചായത്തിന്റെയും വൈക്കം നഗരസഭയുടെയും പ്രതിനിധികൾ, റവന്യൂ, അഗ്നിരക്ഷാസേന, പോലീസ്, ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തിയത്.
Published: 25 Oct 2026, 02:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented