തൃശ്ശൂർ : റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിലെ പ്രധാനഭാഗം പൊളിക്കുന്നു. ഇതിനു മുന്നോടിയായി ഒന്നാം പ്ളാറ്റ്ഫോമിനു മുന്നിൽ തിങ്കളാഴ്‌ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കെട്ടിടത്തിലെ സ്റ്റേഷൻ മാനേജരുടെ ഓഫീസ് മുതൽ മധ്യത്തിലുള്ള കാൽനടപ്പാലം വരെയാണ് പൊളിക്കുന്നത്. അതുകൊണ്ടുതന്നെ യാത്രികരുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.
തിങ്കളാഴ്‌ച ഉച്ചയ്ക്കുശേഷം ഈ ഭാഗത്തിന് സമീപമുള്ള റോഡ് അടയ്ക്കും. കൊക്കാല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മധ്യഭാഗത്തുള്ള മേൽപ്പാലത്തിന് സമീപം ആളെയിറക്കി ആർ.എം.എസിനു മുന്നിലൂടെ വൺവേ മാത്രം അനുവദിച്ച റോഡിൽ കൂടി തിരികെ പോകണം. ദിവാൻജിമൂല വഴി സ്റ്റേഷനിലേക്കു വരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയശേഷം കൊടിമരം ചുറ്റി വന്നവഴിതന്നെ മടങ്ങണം. സ്റ്റേഷൻ മാനേജരുടെ ഓഫീസ് മുതൽ ആർ.എം.എസ്. വരെ ഒന്നാം പ്ലാറ്റ്ഫോമിന്റെ വീതി കുറയും. പണി നടക്കുന്നയിടം മറച്ചുകെട്ടിയിട്ടുള്ളതിനാലാണിത്. കൊക്കാല മേൽപ്പാലത്തിന് സമീപത്തും ഇപ്പോൾ ടിക്കറ്റ് കൗണ്ടറുള്ളിടത്തും ആയിരിക്കും ഇനിമുതൽ പ്രവേശനകവാടം. ഇതിനായി കൊക്കാല ഭാഗം വിപുലീകരിച്ചിട്ടുണ്ട്.
പ്രധാന കെട്ടിടത്തിനു മുന്നിൽ പ്രീമിയം പാർക്കിങ് ഉൾപ്പെടെ പാർക്കിങ് സൗകര്യമുണ്ടായിരിക്കില്ല. ബുക്കിങ് ഓഫീസിന് പിന്നിലുള്ള പാർക്കിങ് സൗകര്യം യാത്രക്കാർ ഉപയോഗിക്കേണ്ടിവരും. ഇരുഭാഗങ്ങളിലുമായി ടാക്സി, ഓട്ടോ സൗകര്യം ലഭിക്കും.
നിലവിൽ ടിക്കറ്റ് ബുക്കിങ് കേന്ദ്രം പാഴ്സൽ ഓഫീസിനു മുന്നിലേക്കു മാറ്റിയിട്ടുണ്ടെങ്കിലും പരിമിതികളുള്ളതിനാൽ നിർമാണം പൂർത്തിയാകുംവരെ സുഗമമായി ടിക്കറ്റെടുക്കാൻ യാത്രികർ റെയിൽ വൺ ആപ്പ് ഉപയോഗിക്കുന്നതു നന്നാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
റെയിൽവേ ഓഫീസുകൾ ഇനി ഗുഡ്സ് ഷെഡ്ഡിന് സമീപം
: സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നേരിട്ട് ആശ്രയിക്കേണ്ടതില്ലാത്ത റെയിൽവേ ഓഫീസുകൾ മുഴുവൻ പടിഞ്ഞാറ് ഗുഡ്സ് ഷെഡ്ഡിന് സമീപത്തേക്ക് മാറ്റും. നാലുനിലക്കെട്ടിടമാണ് ഇവിടെ നിർമിക്കുന്നത്.
ഇതിന് നേരേ എതിർവശത്ത് ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്ത് റെയിൽവേ ക്വാർട്ടേഴ്സുകൾക്ക് സമീപമുയരുന്ന അഞ്ചുനിലക്കെട്ടിടത്തിലാണ് സ്റ്റേഷൻ മാനേജരുടെ ഓഫീസും സിഗ്നൽ മുറികളും പാഴ്സൽ ഓഫീസും ആർ.എം.എസും പ്രവർത്തിക്കുക. പ്രധാന ഓഫീസിനു നേരേ മുന്നിൽ ഉയരത്തിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സുകളാണ് ആദ്യം പൊളിക്കുക. 12 നിലയിലുള്ള പുതിയ ക്വാർട്ടേഴ്സ് സമുച്ചയത്തിന്റെ പൈലിങ് ജോലികളും ദിവാൻജിമൂലയ്ക്ക് സമീപം നടക്കുന്നുണ്ട്.
Published: 26 Oct 2026, 12:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented