ആശ്വാസമായി വനംവകുപ്പിന്റെ എൻ.ഒ.സി.
മറയൂർ : ഇച്ഛാശക്തിയോടുകൂടിയുള്ള അധികൃതരുടെ തീരുമാനങ്ങൾ ഇടമലക്കുടിയുടെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്നു. ഇടമലക്കുടിയിലെ കുടികൾക്കിടയിലൂടെയുള്ള ഗ്രാമീണറോഡുകളിൽ മീൻകുത്തിക്കുടി, കൂടല്ലാർക്കുടികളെ ബന്ധിപ്പിക്കുന്ന 3.31 കിലോമീറ്റർ റോഡ് നിർമിക്കുന്നതിന് വനം വകുപ്പിന്റെ തടസ്സരഹിത സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) നൽകിയതോടുകൂടിയാണ് കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പ്രതീക്ഷകൾ പൂവണിയുന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് മണ്ണുപണി ആരംഭിച്ചിട്ടുള്ളത്. നാലുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം.ബിനു പറഞ്ഞു. ഈ റോഡ് പൂർത്തിയാകുന്നതോടുകൂടി ഗതാഗത സൗകര്യമുള്ള മാങ്കുളത്തേക്ക് കുടിക്കാർക്ക് പെട്ടെന്ന് എത്തുവാൻ കഴിയും.
കൂടല്ലാർക്കുടിയിൽനിന്നും നാലുകിലോമീറ്റർ സഞ്ചരിച്ചാൽ മാങ്കുളം പഞ്ചായത്തിലെ റോഡ് സൗകര്യമുള്ള ആനക്കുളത്ത് എത്തുവാൻ കഴിയും. മലയാറ്റൂർ വനം ഡിവിഷന് കീഴിലുള്ള പ്രദേശമാണ് കൂടല്ലാർക്കുടി എന്നതിനാൽ കൂടല്ലാർക്കുടിയിൽനിന്നും ആനക്കുളത്തേക്കുള്ള നാലു കിലോമീറ്റർ റോഡിന്റെ നിർമാണത്തിന് ഇതുവരെ എൻ.ഒ.സി. ലഭിച്ചിട്ടില്ല. സാങ്കേതിക തടസ്സം ഒഴിവാക്കി എൻ.ഒ.സി. ലഭ്യമാക്കുവാനുള്ള നടപടികളിലാണ് അധികൃതർ.
ഇതുംകൂടി പൂർത്തിയാകുന്ന സാഹചര്യത്തിൽ ഇടമലക്കുടിയിലെ 10 കുടികൾക്ക് അധികം ദുരിതമനുഭവിക്കാതെ, രോഗികളെ ചുമക്കാതെ ആശുപത്രികളിൽ എത്തിക്കുവാൻ കഴിയും. സൊസൈറ്റിക്കുടി, കാവലക്കാട്ടുകുടി, മീൻകുത്തിക്കുടി, കൂടല്ലാർക്കുടി എന്നീ വിദൂരമേഖലകൾ തമ്മിൽ സുഗമമായ ഗതാഗതസൗകര്യം ഉറപ്പാക്കാനാകും. കെപ്പക്കാട്, വെള്ളവാരക്കുടി എന്നിവയെ ബന്ധിപ്പിച്ച് 2.1 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റൊരു റോഡിനായുള്ള പദ്ധതി അടങ്കൽ വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
പട്ടികവർഗവികസനവകുപ്പ് ഫണ്ട് അനുവദിക്കുന്നതോടെ വനംവകുപ്പ് നിർമാണം ഏറ്റെടുക്കും. പതിറ്റാണ്ടുകളായി അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ.
ദുരിതം ഒഴിയും
മുൻകാലങ്ങളിൽ സർക്കാർ ഇടമലക്കുടിയിലെ വികസനത്തിനായി ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ച് പണം അനുവദിക്കുമെങ്കിലും നിരവധി കാരണങ്ങളാൽ നടപ്പാക്കുവാൻ കഴിഞ്ഞിരുന്നില്ല.
വനംവകുപ്പിന്റെ ശക്തമായ എതിർപ്പാണ് പ്രധാന കാരണങ്ങളിൽ ഒന്ന്. വാർത്തകളിൽ ഇടമലക്കുടിയിലെ ദുരിതങ്ങൾ സ്ഥാനം പിടിക്കുമായിരുന്നുവെങ്കിലും ദുരിതങ്ങൾക്ക് പരിഹാരമായില്ല.
2025 സെപ്റ്റംബർ അഞ്ചിന് രാജകന്യ എന്ന യുവതിയെ ഗുരുതരരോഗം ബാധിച്ച നിലയിൽ കമ്പിളിപ്പുതപ്പിൽ ചുമന്നുകൊണ്ടുവന്നതടക്കം നിരവധി രോഗികളെ ചുമന്നുകൊണ്ടുവന്നത് വാർത്തയായതോടുകൂടിയാണ് നടപടികൾ എടുക്കുന്നതിൽ അധികൃതർ ചെറുതായി താത്പര്യം കാണിച്ചുതുടങ്ങിയത്.
2026 ജൂലായ് 16-ന് പട്ടികവർഗക്ഷേമവകുപ്പ് മന്ത്രി കെ.എ. തുളസി ഇടുക്കിയിലെത്തി മുതുവാൻ സമുദായ സംഘടനകളുമായി ചർച്ചനടത്തിയതും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ സജീവമായ ഇടപെടലും ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്റെ കടുത്ത നിലപാടും ഗ്രാമീണപാതകളുടെ നിർമാണത്തിന് സാഹചര്യമൊരുക്കി.
Published: 12 Sept 2026, 03:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented