ഇന്ന് ദേശീയ വനിതാ പോലീസ് ദിനം
തിളക്കത്തോടെ ഇടുക്കിയിലെ ഏക വനിതാ പോലീസ് സ്റ്റേഷൻ
ഇടുക്കി: പ്രതിസന്ധികളുമായി പോലീസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകൾക്ക് കരുത്തും ആശ്വാസവുമായി ഇടുക്കിയിലെ ഏക വനിതാ പോലീസ് സ്റ്റേഷൻ. പൈനാവിൽ 2020 ഏപ്രിൽ നാലിന് പ്രവർത്തനം ആരംഭിച്ച സ്റ്റേഷൻ സ്ത്രീകൾ പരാതിക്കാരും എതിർകക്ഷികളുമായ കേസുകളും പരാതികളുമാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. ദേശീയ വനിതാ പോലീസ് ദിനത്തിൽ സ്ത്രീകൾക്ക് നീതിയിലേക്കുള്ള വഴിയൊരുക്കുന്ന ഇടമായി വനിതാ സ്റ്റേഷൻ ശ്രദ്ധേയമാകുന്നു.
എസ്.ഐ., ഏഴ് എ.എസ്.ഐമാർ, 11 സിവിൽ പോലീസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവരടങ്ങുന്നതാണ് സ്റ്റേഷനിലെ അംഗബലം.
ലഭിക്കുന്ന പരാതികളിൽ ആവശ്യമായ പരിശോധന നടത്തി കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് തുടർനടപടികൾ സ്വീകരിക്കുന്നതാണ് പതിവ്. ജില്ലാപോലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള കേസുകളും സ്റ്റേഷൻ ഏറ്റെടുത്ത് നടപടികൾ സ്വീകരിക്കുന്നു. സ്വമേധയാ കേസെടുക്കാവുന്ന (സുമോട്ടോ) പെറ്റി കേസുകളും സ്റ്റേഷനിലെത്തുന്നുണ്ട്.
സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതുമുതൽ ഈ വെള്ളിയാഴ്ചവരെ 950 പരാതികളാണ് ലഭിച്ചത്. 789 കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പരാതിയുമായി എത്തുന്ന പല സ്ത്രീകളും ആദ്യം ആശങ്കയോടെയും ഭയത്തോടെയുമാണ് പോലീസിനെ സമീപിക്കുന്നത്. എന്നാൽ വനിതാ പോലീസുകാരോട് കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്നതും പരാതികൾ ശ്രദ്ധയോടെ കേൾക്കുന്നതും പലർക്കും ആശ്വാസമാകുന്നു.
നിയമനടപടികളിൽമാത്രം ഒതുങ്ങുന്നതല്ല വനിതാ പോലീസിന്റെ പ്രവർത്തനം. സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ അവകാശങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ബോധവത്കരണം നൽകുന്നതിനായി സ്കൂളുകൾ, അങ്കണവാടികൾ, കോളനികൾ എന്നിവിടങ്ങളിൽ ബോധവത്കരണക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
സന്തോഷത്തിലേക്കുള്ള
വഴിതുറന്ന് വനിതാ പോലീസ് സ്റ്റേഷൻ
കുടുംബപ്രശ്നങ്ങളെത്തുടർന്ന് പ്രതിസന്ധിയിലായിരുന്ന രെഞ്ചു ജോബിക്ക് വനിതാ പോലീസ് സ്റ്റേഷന്റെ ഇടപെടൽ ആശ്വാസമായി. പ്രശ്നങ്ങൾ പരിഹരിച്ചതോടെ ഇപ്പോൾ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് രെഞ്ചു. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് രെഞ്ചു വനിതാ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. വനിതാ പോലീസുകാർ പരാതി വിശദമായി കേൾക്കുകയും ആവശ്യമായ ഇടപെടൽ നടത്തുകയുംചെയ്തു. തുടർന്നുള്ള നടപടികളിലൂടെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയായിരുന്നു.
“വലിയ വിഷമത്തോടെയാണ് അന്ന് പോലീസ് സ്റ്റേഷനിൽ എത്തിയത്. വനിതാ പോലീസുകാർ കാര്യങ്ങൾ ക്ഷമയോടെ കേട്ടു. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തി. ഇന്ന് ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം സന്തോഷമായി കഴിയുന്നു. അന്ന് വനിതാ പോലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച പിന്തുണ ഒരിക്കലും മറക്കാനാകില്ല,” രെഞ്ചു ജോബി പറഞ്ഞു.
പരാതി പറയാനുള്ള ഇടം എന്നതിലുപരി, ഭയന്ന് നിശബ്ദരാകുന്ന സ്ത്രീകൾക്ക് ധൈര്യത്തോടെ സംസാരിക്കാനും നിയമത്തിന്റെ സംരക്ഷണം തേടാനും കഴിയുന്ന ഇടമാകുകയാണ് പൈനാവിലെ വനിതാ പോലീസ് സ്റ്റേഷൻ.
Published: 12 Sept 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented