അമ്പലപ്പുഴ : ജില്ലയിലെ സുനാമി മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പുറക്കാട് പഞ്ചായത്തിൽ മോക്ഡ്രിൽ നടത്തി. സംസ്ഥാന, ജില്ല ദുരന്തനിവാരണ അതോറിറ്റി, ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണകേന്ദ്രം, യുനെസ്കോ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഡ്രിൽ. സുനാമി മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ ഗ്രാമപ്പഞ്ചായത്ത്-ഉദ്യോഗസ്ഥതലങ്ങളിൽ നടത്തേണ്ട അടിയന്തര പ്രതികരണം, ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കൽ എന്നിവ സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളും ദുരിതാശ്വാസകേന്ദ്രങ്ങളുടെ പ്രവർത്തനം, പൊതു ഏകോപനം തുടങ്ങിയവയും പരിശോധനാവിധേയമാക്കി.

To advertise here,

പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനടുത്തായി നിശ്ചയിച്ച സ്ഥലത്ത് വ്യാഴാഴ്ച പകൽ 2.45-ന് ഉദ്യോഗസ്ഥർ, ദ്രുതപ്രതികരണ സേനാംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരെത്തി. മൂന്നിന് ജില്ല ദുരന്തനിവാരണ അതോറിറ്റിയംഗങ്ങൾ മുന്നറിയിപ്പു സന്ദേശം നൽകി. ഗ്രാമപ്പഞ്ചായത്ത് കൺട്രോൾ പോയിന്റിലേക്കും പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ, റവന്യൂ, തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥർക്കും സന്ദേശം കൈമാറി. അവർ പഞ്ചായത്ത് വാർഡുതല ദ്രുതകർമസേനാംഗങ്ങളെയും സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും അറിയിച്ചു.

തുടർന്ന്, പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്തുതല സന്നദ്ധപ്രവർത്തകരും ജനങ്ങൾക്കുള്ള മുന്നറിയിപ്പു നൽകി. 3.15-ന് സുനാമിബാധിത പ്രദേശത്തുനിന്ന് ദുരിതബാധിതരെ പോലീസ്, അഗ്നിരക്ഷാസേന, ദുരിന്തപ്രതികരണ സേനാംഗങ്ങൾ എന്നിവർ ഒഴിപ്പിച്ചുതുടങ്ങി. നിശ്ചിതപാതയിലൂടെ കെ.എസ്.ആർ.ടി.സി., പോലീസ്, എം.വി.ഡി. ഉദ്യോഗസ്ഥർ ജനങ്ങളെ സ്കൂളിലൊരുക്കിയ ഷെൽറ്ററിലെത്തിച്ചു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ പ്രവർത്തകർ ഷെൽറ്ററിൽ എത്തിച്ചേർന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു.

ഒഴിപ്പിക്കപ്പെട്ടവർ, കാണാതായവർ, പരിക്കേറ്റവർ എന്നിവരുടെ വിവരങ്ങൾ ജില്ല എമർജൻസി ഓപ്പറേഷൻസ് കേന്ദ്രത്തിനു കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഹ്‌മത്ത് ഹാമീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവർത്തനം വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുനിൽകുമാർ, ഗ്രാമപ്പഞ്ചായത്തംഗം സൗമി ഫാസിൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, തഹസിൽദാർ കെ.പി. സൂസി തുടങ്ങിയവർ പങ്കെടുത്തു.